Franz Beckenbauer | കളിക്കാരനായും പരിശീലകനായും ജര്‍മനിക്ക് ലോകകപ് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ച ഇതിഹാസ താരം ഫ്രാന്‍സ് ബെകന്‍ ബോവര്‍ വിടവാങ്ങി

 


മ്യൂണിക്: (KVARTHA) ജര്‍മനിയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ഫ്രാന്‍സ് ബെകന്‍ ബോവര്‍ (78) വിടവാങ്ങി. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് താരത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കളിക്കാരനായും പരിശീലകനായും ജര്‍മനിക്ക് ലോകകപ് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ച ബെകന്‍ ബോവര്‍ കരിയറിന്റെ തുടക്കത്തില്‍ പ്രതിരോധനിരയിലാണ് തിളങ്ങിയത്. 1945 സെപ്റ്റംബര്‍ 11നു ജര്‍മനിയിലെ മ്യൂണികില്‍ ജനിച്ച ഫ്രാന്‍സ് ബെകന്‍ ബോവര്‍ തുടക്കത്തില്‍ മധ്യനിരയിലാണ് കളിച്ചിരുന്നത്. ഫുട്‌ബോളില്‍ ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്.

1974ല്‍ കാപ്റ്റനായും 1990ല്‍ പരിശീലകനായും ജര്‍മനിക്ക് ലോകകപ് കിരീടം സമ്മനിച്ച ബെകന്‍ ബോവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ലോക ഫൂട്‌ബോളിലെ മൂന്ന് പേരില്‍ ഒരാളാണ്. കഴിഞ്ഞ ദിവസം അന്തരിച്ച ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മാരിയോ സഗാലോ, ഫ്രാന്‍സിന്റെ നിലവിലെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് എന്നിവരാണ് മറ്റു രണ്ടുപേര്‍.

ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബെകന്‍ ബോവര്‍ വിരമിച്ചശേഷം ഫുട്‌ബോള്‍ ഭരണകര്‍ത്താവെന്ന നിലയിലും ശ്രദ്ധേയനായി. എന്നാല്‍ 2006ല്‍ ജര്‍മനി ആതിഥേയരായ ലോകകപുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും ബെകന്‍ ബോവര്‍ക്കെതിരെ ഉയര്‍ന്നു.

1966ല്‍ ലോകകപ് ഫൈനലില്‍ ഇന്‍ഗ്ലണ്ടിനോട് തോറ്റ ജര്‍മന്‍ ടീമില്‍ കളിച്ച ബെകന്‍ ബോവര്‍ 1970ല്‍ മൂന്നാം സ്ഥാനം നേടിയ ജര്‍മന്‍ ടീമിലും അംഗമായിരുന്നു. 1974ല്‍ കാപ്റ്റനായി പശ്ചിമ ജര്‍മനിക്ക് ലോക കിരീടം സമ്മാനിച്ച ബെകന്‍ ബോവര്‍ ജര്‍മനിയുടെ ഇതിഹാസ താരമായി. ക്ലബ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണികിന്റെ വിശ്വസ്ത താരം കൂടിയായിരുന്നു കൈസര്‍.


Franz Beckenbauer | കളിക്കാരനായും പരിശീലകനായും ജര്‍മനിക്ക് ലോകകപ് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ച ഇതിഹാസ താരം ഫ്രാന്‍സ് ബെകന്‍ ബോവര്‍ വിടവാങ്ങി

 

നാല് വീതം ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്, മൂന്ന് തവണ യൂറോപ്യന്‍ കപ്, യൂറോപ്യന്‍ കപ് വിനേഴ്‌സ് കപ്, ഇന്റര്‍ കോണ്ടിനെന്റല്‍ കപ് നേട്ടങ്ങളിലും ബയേണിനൊപ്പം ബെകന്‍ ബോവര്‍ പങ്കാളിയായി. ജര്‍മനിക്ക് പുറമെ ബയേണ്‍ മ്യൂണികിന്റെയും ഫ്രഞ്ച് ക്ലബായ മാഴ്‌സയുടെയും പരിശീലകനായിരുന്നു.

ആധുനിക ഫുട്‌ബോളിലെ 'സ്വീപര്‍' പൊസിഷന് കൂടുതല്‍ പ്രാധാന്യം കൈവന്നത് ബെകന്‍ ബോവറിന്റെ കേളീശൈലിയില്‍ നിന്നാണ്. രണ്ടുതവണ യൂറോപ്യന്‍ ഫുട്‌ബോളര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബെകന്‍ ബോവര്‍ പശ്ചിമ ജര്‍മനിക്കായി 103 മത്സരങ്ങള്‍ കളിച്ചു.

Keywords: News, World, World-News, Obituary, Obituary-News, Franz Beckenbauer, World Cup, Winning Captain, Manager, Died, Football, Pays, Tribute, Ballon d'Or Awards, Munich News, Germany, World News, Franz Beckenbauer: World Cup-winning captain and manager dies, as football pays tribute.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia