Family Politics | കുടുംബരാഷ്ട്രീയം ഞങ്ങൾക്ക് വെറുപ്പാണ്, പക്ഷേ പിന്തുണ വേണം! ചില പാർട്ടികളും ഇരട്ടത്താപ്പും

 


/ സോണൽ മൂവാറ്റുപുഴ

(KVARTHA) ചില രാഷ്ട്രിയ പാർട്ടികൾക്ക് കൂടുംബരാഷ്ട്രീയം വെറുപ്പാണ്. എന്നാൽ, ഇതു പറയുമ്പോഴും അവർക്ക് ഈ കുടുംബരാഷ്ട്രീയക്കാരുടെ പിന്തുണ വേണം. അത്തരം പാർട്ടികളിലെ എം.എൽ.എ മാരുടെയും എം.പി.മാരുടെയും പിന്തുണ വേണം. ഇതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നമ്മൾ കണ്ട് ശീലിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുടുംബരാഷ്ട്രീയത്തോട് വിയോജിപ്പ് പറയുന്ന പാർട്ടിയാണ് ബി.ജെ.പിയും സിപി എമ്മും. പക്ഷേ, അവർ അധികാരത്തിനും നാല് വോട്ടിനുമായി കുടുംബരാഷ്ട്രീയയക്കാരുമായി പലയിടത്തും കൈ കൊടുത്തിട്ടുണ്ടെന്നതാണ് വാസ്തവം. ഞങ്ങൾ കുടുംബരാഷ്ട്രീയത്തിന് എതിരാണ്, പക്ഷെ കുടുംബരാഷ്ട്രീയം കളിക്കുന്ന പാർട്ടിയുമായി സഖ്യം ചേർന്ന് അവരുടെ വോട്ട്‌ വാങ്ങും, എന്നിട്ട്‌ അവരെ ചേർത്ത്‌ മുന്നണിയുണ്ടാക്കി സർക്കാർ രൂപീകരിക്കും. ഇതാണ് സത്യസന്ധമായ കാര്യം.

Family Politics | കുടുംബരാഷ്ട്രീയം ഞങ്ങൾക്ക് വെറുപ്പാണ്, പക്ഷേ പിന്തുണ വേണം! ചില പാർട്ടികളും ഇരട്ടത്താപ്പും

ഇവിടെ ഈ കേരളത്തിൽ എന്നും കുടുംബരാഷ്ട്രിയത്തെ എതിർക്കുന്ന പാർട്ടിയാണ് സിപിഎം. ഇവിടെ സി.പി.എമ്മിൻ്റെ സഖ്യകക്ഷികളുടെ കാര്യം മാത്രം നോക്കാം. അന്തരിച്ച കെഎം മാണിക്കും മകൻ ജോസ്‌ കെ മാണിക്കും വേണ്ടി മാത്രമായി നില നിൽക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്‌ എം. അത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. മാണിയുടെ മകനായത്‌ കൊണ്ട്‌ മാത്രം നേതാവായവൻ എന്ന് സഖാക്കൾ വിളിച്ച ജോസ്‌ കെ മാണിക്ക്‌ വേണ്ടിയാണ് സഖാക്കൾ ഇന്ന് പാലായിൽ മുദ്രാവാക്യം വിളിക്കുന്നത്‌. ജോസ്.കെ മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതിൽ എത്തിക്കാൻ വല്യ ആവേശമായിരുന്നു ഇടതുമുന്നണിയിലെ വല്യേട്ടൻമാർ കാട്ടിയത്.

കെ.എം.മാണി മരിച്ചതിന് ശേഷം മകൻ ജോസ്.കെ.മാണി ആ പാർട്ടിയുടെ ചോദ്യം ചെയ്യാനാകാത്ത ചെയർമാൻ ആയി ഇപ്പോൾ വാഴുന്നു. പാലയിൽ ജയിച്ചിരുന്നെങ്കിൽ ഇന്ന് റോഷി അഗസ്റ്റിൻ്റെ സ്ഥാനത്ത് സംസ്ഥാന മന്ത്രിയുമായേനെ. ഇനി മറ്റുള്ളവയൊക്കെ ഒന്ന് നോക്കാം. കേരളത്തിൽ, അന്തരിച്ച മുൻ ജനതാദൾ നേതാവ് വീരേന്ദ്ര കുമാറിന്റെയും മകൻ ശ്രേയാംസ്‌ കുമാറിന്റെയും അഡ്രസ്‌ മാത്രമുള്ള ആർജെഡി, ആകെ കിട്ടുന്ന രണ്ട്‌ സീറ്റിൽ ഒന്ന് അന്തരിച്ച മുൻ എം.എൽ.എ തോമസ്‌ ചാണ്ടിയുടെ സഹോദരൻ തോമസ്‌ കെ തോമസിന് ഇഷ്ടദാനം ചെയ്ത എൻസിപി കേരള ഘടകം. ഇവയൊക്കെ സി.പി.എമ്മിൻ്റെ സഖ്യകക്ഷികളാണ് എന്ന് മറക്കരുത്.

ഇനി ബി.ജെ.പിയുടെ കാര്യം നോക്കാം. രാഹുൽ ഗാന്ധിയുടെ കുടുംബരാഷ്ട്രീയത്തിനെതിരെ ഘോര ഘോരം പ്രസംഗിക്കുന്ന ബിജെപി 2019 ലോക്സഭാ ഇലക്ഷനിൽ രാഹുലിന് എതിരെ വയനാടിൽ മത്സരിക്കാൻ നിയോഗിച്ചത്‌‌ വെള്ളാപ്പള്ളി നടേശന്റെ മകനായ ബിഡിജെഎസ്‌ നേതാവ്‌ തുഷാർ വെള്ളാപ്പള്ളിയെ ആണ് എന്നത് കൗതുകകരമായ വസ്തുതയാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം ബി.ജെ.പി നീക്കുപോക്കുകൾ ഇങ്ങനെയായിരുന്നു. മഹാരാഷ്ട്രയിൽ എത്ര വിമത നീക്കം നടത്തിയാലും പവാർ കുടുംബത്തിന്റെ പുറത്ത്‌ എത്താത്ത എൻസിപിയുമായിട്ട് സഖ്യം. ആന്ധ്രാപ്രദേശിൽ എൻടിആറിന്റെ മരുമകൻ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി, കർണ്ണാടകയിൽ എച്ച് ഡി ദേവഗൗഡയുടെ മകൻ കുമാരസ്വാമി നയിക്കുന്ന ജെഡിഎസ് എന്നിവയുമായി സഖ്യത്തിന് മുൻ കൈ എടുക്കുന്നു.

കാശ്മീരിൽ മുഫ്ത്തി മുഹമ്മദ്‌ സഈദിന്റെ മകൾ മെഹ്ബൂബ മുഫ്തി നയിക്കുന്ന പിഡിപി, മഹാരാഷ്ട്രയിൽ ബാൽ താക്കറെയുടെ മകൻ ഉദ്ധവ്‌ ബാൽ താക്കറെ നയിച്ച അവിഭിക്ത ശിവസേന എന്നി കുടുംബ രാഷ്ട്രീയ പാർട്ടികൾ ഒക്കെ ബി.ജെ.പി സംഖ്യത്തിൻ്റെ മുൻ മകുടോദാഹരണങ്ങളാണ്. ഇതിൽഎറ്റവും വലിയ പ്രത്യേകത ഒറീസയിൽ ബിജു പട്നായിക്കിൻ്റെ മകൻ എന്ന ലേബലിൽ മുഖ്യമന്ത്രി വരെ ആയ നവീൻ പട് നായിക്കിൻ്റെ ബിജു ജനതാദൾ ആണ്. അതായത്‌ പാർട്ടിയുടെ പേരിൽ തന്നെ കുടുംബ രാഷ്ട്രീയമുണ്ട്. അതിലും ബി.ജെ. പി സഖ്യമായിട്ടുണ്ട്. മാത്രമല്ല മുകളിൽ പറഞ്ഞ പാർട്ടികളിൽ ശിവസേന ഒഴികെ എല്ലാ പാർട്ടികളുമായും സിപിഎമ്മും സഖ്യം ചേർന്നിട്ടുണ്ട്‌ എന്നതാണ് യഥാർത്ഥ സത്യം.

സിപിഎമിന്റെ ഭാഷയിൽ പറഞ്ഞാൽ ഗാന്ധി കുടുംബത്തിന്റെ ലേബലിൽ മാത്രം നേതാവായ രാഹുൽ ഗാന്ധിയുടെ ഫോട്ടോ പൊക്കി പിടിച്ചാണ് കേരളത്തിന് പുറത്ത്‌ രണ്ടും മൂന്നും സീറ്റ്‌ കിട്ടുന്ന സഖാക്കൾ ഇന്ന് മൂന്നും നാലും സീറ്റ്‌ നേടിയെടുക്കുന്നത് എന്ന് വ്യക്തം. ആ കൂറ് സി.പി.എമ്മിന് രാഹുലിനോടും കോൺഗ്രസിനോടും എന്നും ഉണ്ട് താനും . ഇവിടെ പരസ്പരം തമ്മിൽ തല്ലുന്ന സി.പി.എമ്മും കോൺഗ്രസും കേന്ദ്രത്തിൽ ഭായിയും ഭായിയും ആണ്. കോൺഗ്രസിനെ കേന്ദ്രത്തിൽ അധികാരത്തിൽ ഏറ്റാൻ ഏറ്റവും പരിശ്രമിക്കുന്നതും സി.പി.എം തന്നെ. പിന്നെ തീർത്തും കുടുംബവാഴ്ച തങ്ങൾക്കില്ലെന്നും അവകാശപ്പെടാൻ സി.പി.എമ്മിനു പറ്റുമെന്ന് തോന്നുന്നില്ല. പണ്ട് വെറും പാർട്ടി പ്രവർത്തക മാത്രമായിരുന്നിട്ടും എകെജിയുടെ ഭാര്യ സുശീല ഗോപാലനെ എംഎൽഎ ആക്കിയവരാണ് സഖാക്കൾ. എന്തിന് സി.പി.എമ്മിൻ്റെ സമുന്നതനായ നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിൻ്റെ മകന് നിയമസഭാ സീറ്റ് തരപ്പെടുത്തി കൊടുത്തവരാണ് സഖാക്കൾ. അത് ഇപ്പോൾ ചിലരൊക്കെ മറന്നെന്നു മാത്രം.

പിന്നെ ബി.ജെ.പി യോട് ഒരു ചോദ്യം. നിങ്ങൾ രാഹുലിന്റെ സർ നെയിം ഗാന്ധിയല്ല, ഗണ്ടിയാണ് എന്നൊക്കെ വാദിച്ച്‌ നടക്കുന്നുണ്ട്. നിങ്ങളുടെ പാർട്ടിയുടെ ലോക് സഭാംഗങ്ങളാണ് ഗാന്ധി കുടുബാംഗങ്ങൾ മാത്രമായ മനേക ഗാന്ധിയും വരുൺ ഗാന്ധിയും എന്ന് മറക്കരുത്. ശരിക്കും പറഞ്ഞാൽ, ലവലേശം ഉളുപ്പുണ്ടെങ്കിൽ കുടുബരാഷ്ട്രീയം താൽപര്യമില്ലാത്ത ബിജെപിയും സിപി എമ്മും കുടുംബരാഷ്ട്രീയം കൊണ്ട്‌ മാത്രം നിലനിൽക്കുന്ന പാർട്ടികളുടെ വോട്ട്‌ വാങ്ങുന്നത്‌ നിർത്തണം. ആ പാർട്ടികളുടെ എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ അവരുടെ സർക്കാരിന് വേണ്ടെന്ന് വെച്ച് മാതൃകകാട്ടുകയാണ് വേണ്ടത്.

Family Politics | കുടുംബരാഷ്ട്രീയം ഞങ്ങൾക്ക് വെറുപ്പാണ്, പക്ഷേ പിന്തുണ വേണം! ചില പാർട്ടികളും ഇരട്ടത്താപ്പും

Keywords: Articals, BJP, CPM, Congress, Politics, K.M. Mani, Jose K Mani, Family and Politics: Not Just a Congress Problem
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia