Inspection | പറക്കുന്നതിനിടെ ആകാശത്തുവെച്ച് അലാസ്‌ക എയര്‍ലൈന്‍സിന്റെ വാതില്‍ തുറന്നു പോയ സംഭവം; ഇന്‍ഡ്യയിലെ വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താന്‍ നിര്‍ദേശം

 


ന്യൂഡെല്‍ഹി: (KVARTHA) പറക്കുന്നതിനിടെ ആകാശത്തുവെച്ച് അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-9 മാക്സ് വിമാനത്തിന്റെ വാതില്‍ തുറന്നു പോയ സംഭവത്തിനു പിന്നാലെ എല്ലാ ബോയിങ് 737-8 മാക്സ് വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താന്‍ എയര്‍ ഇന്‍ഡ്യയ്ക്കും അകാസ എയറിനും സ്പൈസ് ജെറ്റിനും നിര്‍ദേശം നല്‍കി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജെനറല്‍ (DGCA). മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് പരിശോധന നടത്താനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്.

Inspection | പറക്കുന്നതിനിടെ ആകാശത്തുവെച്ച് അലാസ്‌ക എയര്‍ലൈന്‍സിന്റെ വാതില്‍ തുറന്നു പോയ സംഭവം; ഇന്‍ഡ്യയിലെ വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താന്‍ നിര്‍ദേശം
അപകടമുണ്ടായ വിമാനമായ മാക്സിന്റെ ബി 737-9 വേരിയന്റ് ഇന്‍ഡ്യന്‍ എയര്‍ലൈനുകളില്‍ ഉപയോഗിക്കുന്നില്ലെങ്കിലും ബോയിങ് 737-8 മാക്സ് വിമാനങ്ങളുണ്ട്. എന്നിരുന്നാലും സുരക്ഷാനടപടിയുടെ ഭാഗമായാണ് നിര്‍ദേശമെന്ന് ഡിജിസിഎ വ്യക്തമാക്കി.

അപകടത്തിനു പിന്നാലെ അലാസ്‌ക എയര്‍ലൈന്‍സ് എല്ലാ ബോയിങ് 737-9 മാക്സ് വിമാനങ്ങളും നിലത്തിറക്കി. പോര്‍ട് ലാന്‍ഡില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഓണ്‍ടാരിയോയിലേക്ക് പോയ എ എസ് 1282 നമ്പര്‍ വിമാനത്തിന്റെ മധ്യഭാഗത്തെ വാതില്‍ പറന്നുയര്‍ന്ന് മിനുറ്റുകള്‍ക്കകം തുറന്നുപോകുകയായിരുന്നു. അപകടത്തിനു പിന്നാലെ വിമാനം അടിയന്തിരമായി നിലത്തിറക്കി.

യാത്രക്കാര്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു. വിമാനത്തിന്റെ വാതില്‍ പൂര്‍ണമായി തുറന്നുകിടക്കുന്നതും അടിയന്തര ലാന്‍ഡിങിന് തയാറെടുക്കുന്ന യാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം. 174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും അപകടമില്ല.

ഡോര്‍ ഇളകിത്തെറിച്ച് യാത്രക്കാരുടെ ഫോണും മറ്റു വസ്തുക്കളും പുറത്തേക്ക് വീഴുന്ന ഭയാനകമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡോര്‍ തകര്‍ന്ന് കാബിനില്‍ സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം പോര്‍ട് ലാന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വിമാനത്തില്‍ വലിയൊരു ദ്വാരം ശ്രദ്ധയില്‍പ്പെടുകയായിരുന്നു എന്ന് യാത്രക്കാര്‍ പറഞ്ഞു. പറന്ന് 16,000 അടി മുകളില്‍ എത്തിയപ്പോഴാണ് ഡോര്‍ തകര്‍ന്നത്. ഡോറിനരികില്‍ ഇരുന്ന കുട്ടി സമ്മര്‍ദം മൂലം പുറത്തേക്ക് വലിഞ്ഞ് ഷര്‍ട് കീറിപ്പോവുകയും, ഡോറരികിലുള്ള സീറ്റ് തകരുകയും, യാത്രക്കാരുടെ ഫോണുകള്‍ തെറിച്ച് പോവുകയും ചെയ്തു. സമൂഹമാധ്യമയായ 'എക്‌സില്‍' പ്രചരിച്ച വീഡിയോയില്‍ ഡോര്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ ദ്വാരം കൃത്യമായി കാണാം.

തിരിച്ചിറങ്ങിയ വിമാനത്തില്‍ യാത്രക്കാര്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ശാന്തരായിരിക്കുന്നതും കാണാം. ലോകത്ത് തന്നെ എറ്റവും പ്രശസ്തമായ വിമാനങ്ങളില്‍ ഒന്നാണ് ബോയിങ്ങ് 737 മാക്‌സ്.

Keywords:  DGCA asks airlines to conduct inspection after Alaska aircraft’s door blows out, New Delhi, News, DGCA, Order, Inspection, Alaska Aircraft, Passengers, Social Media, Flights, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia