Bail | 8 ദിവസത്തെ ജയില്‍വാസത്തിനുശേഷം യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; ചുമത്തിയ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു; വന്‍ സ്വീകരണമൊരുക്കാന്‍ നേതാക്കള്‍

 


തിരുവനന്തപുരം: (KVARTHA) എട്ടു ദിവസത്തെ ജയില്‍വാസത്തിനു ശേഷം യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ പുറത്തിറങ്ങിയേക്കും. ചുമത്തിയിരിക്കുന്ന എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമാകുന്നത്.

സെക്രടേറിയറ്റ് മാര്‍ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രധാന കേസില്‍ ഉള്‍പെടെ നാലു കേസുകളിലുമാണ് ജാമ്യം അനുവദിച്ചത്. ബുധനാഴ്ച പരിഗണിച്ച രണ്ടു കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫിസ് മാര്‍ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രടേറിയേറ്റ് മാര്‍ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷന്‍സ് കോടതിയുമാണ് പരിഗണിച്ചത്.

Bail | 8 ദിവസത്തെ ജയില്‍വാസത്തിനുശേഷം യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; ചുമത്തിയ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു; വന്‍ സ്വീകരണമൊരുക്കാന്‍ നേതാക്കള്‍
 
ജാമ്യ ഉപാധികള്‍ കോടതിയില്‍ നല്‍കിയാല്‍ രാഹുലിന് പെട്ടെന്നുതന്നെ പുറത്തിറങ്ങാമെന്ന് നേതാക്കള്‍ പ്രതികരിച്ചു. ജയില്‍മോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് യൂത് കോണ്‍ഗ്രസ് നടത്തുന്നത്. രാഹുലിനെ ജനുവരി ഒന്‍പതിനു പുലര്‍ചെ അടൂരിലെ വീടുവളഞ്ഞാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സെക്രടേറിയറ്റ് മാര്‍ചുമായി ബന്ധപ്പെട്ട കേസില്‍ 50,000 രൂപയോ തതുല്യമായ ആള്‍ജാമ്യമോ നല്‍കണമെന്ന വ്യവസ്ഥയിലാണ് രാഹുലിനു ജാമ്യം അനുവദിച്ചത്. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ഡിജിപി ഓഫിസ് മാര്‍ചുമായി ബന്ധപ്പെട്ട കേസില്‍ 25,000 രൂപയോ തത്തുല്യമായ ആള്‍ ജാമ്യമോ വേണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം.

സെക്രടേറിയേറ്റ് മാര്‍ച് ആക്രമാസക്തമായതിനെ തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് രെജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കന്റോണ്‍മെന്റ് പൊലീസ് ഒരേ സംഭവത്തില്‍ എടുത്ത മൂന്നു കേസില്‍ രണ്ടെണ്ണത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ജയില്‍ വാസം നീണ്ടുപോകുകയായിരുന്നു.

സെക്രടേറിയറ്റ് മാര്‍ചിലെ സംഘര്‍ഷത്തിനും പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞതിനും രണ്ട് പൊലീസ് വാഹനങ്ങള്‍ തകര്‍ത്തതിനും പ്രത്യേകം കേസെടുത്തതോടെയാണ് മൂന്നു കേസായത്. മൂന്നാമത്തെ കേസിലെ ജാമ്യ ഹര്‍ജിയാണ് പ്രിന്‍സിപല്‍ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിച്ചത്.

സെക്രടേറിയറ്റ് മാര്‍ച് കോടതി പരിഗണിച്ചപ്പോള്‍ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പൊലീസിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആക്രമിച്ചതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പ്രധാന പങ്കാളിയാണ് രാഹുല്‍. ആക്രമണത്തിന് നേതൃത്വം കൊടുത്തു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂടര്‍ ഗീനാകുമാരി പറഞ്ഞു.

എന്നാല്‍ രാഹുല്‍ സമരം ഉദ്ഘാടനം നടത്തുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ മൃദുല്‍ ജോണ്‍ മാത്യു പറഞ്ഞു. സര്‍കാരിനെതിരെയുള്ള പ്രതിഷേധമാണ് നടന്നതെന്നും പൊലീസാണ് പ്രതിക്കെതിരെ ആക്രമണം നടത്തിയതെന്നും മൃദുല്‍ ജോണ്‍ മാത്യു പറഞ്ഞു. രാഹുല്‍ ജനുവരി ആറാം തീയതി വരെ ആശുപത്രിയിലായിരുന്നുവെന്നും അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി.

ഏഴിനു വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു. എന്നിട്ടും നോടിസ് പോലും നല്‍കാതെ വീട്ടില്‍ ചെന്ന് രാവിലെ അറസ്റ്റ് ചെയ്തു. അറസ്റ്റ് അന്വേഷണത്തിനു വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ മെഡികല്‍ രേഖകള്‍ വ്യാജമല്ല. പ്രതി മറ്റ് പ്രതികളുടെ അറസ്റ്റ് തടഞ്ഞതായി ഒരു കേസ് ഇതുവരെ ഇല്ലെന്നും, പ്രതിക്കെതിരെ ആരോപണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും പ്രതിഭാഗം പറഞ്ഞു.

ഡിസംബര്‍ 20ന് നടന്ന യൂത് കോണ്‍ഗ്രസ് സെക്രടേറിയറ്റ് മാര്‍ച് അക്രമാസക്തമായതിനെ തുടര്‍ന്ന് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ റിമാന്‍ഡിലായത്. പിന്നാലെ ഡിജിപി ഓഫിലേക്ക് നടന്ന മാര്‍ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സിജെഎം കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ് ഹാജരാക്കി.

Keywords: Court grants bail to Rahul Mamkootathil in YC protest-related case, Thiruvananthapuram, News, Rahul Mamkootathil, Bail, Congress, Court, Politics, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia