Protest | രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനം തടഞ്ഞ് അസം പൊലീസ്; മടങ്ങിപ്പോകാതെ കോണ്‍ഗ്രസ് നേതാവ്; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

 


ന്യൂഡെല്‍ഹി: (KVARTHA) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനം അസം പൊലീസ് തടഞ്ഞു. അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം.

ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പൊലീസുകാരോട് ചോദിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.

തുടര്‍ന്ന് എന്തുകൊണ്ടാണ് തന്നെ തടഞ്ഞതെന്ന് സുരക്ഷാ ഉദ്യോഗസ്ഥനോട് രാഹുല്‍ ഗാന്ധി ചോദിക്കുന്നത് വാര്‍ത്താ ഏജന്‍സിയായ പിടിഐ പങ്കുവെച്ച വീഡിയോയില്‍ കാണാം. ക്ഷേത്രത്തിന് മീറ്ററുകള്‍ക്ക് അകലെയാണ് രാഹുലിനെ തടഞ്ഞത്. രാഹുല്‍ ഗാന്ധിയും നേതാക്കളും സ്ഥലത്ത് പ്രതിഷേധവുമായി തുടരുകയാണ്.


Protest | രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനം തടഞ്ഞ് അസം പൊലീസ്; മടങ്ങിപ്പോകാതെ കോണ്‍ഗ്രസ് നേതാവ്; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍



അതേസമയം, പ്രതിഷേധത്തെതുടര്‍ന്ന് അസമിലെ എം പിയെയും എം എല്‍ എയെയും മാത്രം ക്ഷേത്രത്തിലേക്ക് കടത്തിവിടാമെന്നും രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ കടത്തിവിടാനാകില്ലെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയും നേതാക്കളും റോഡില്‍ കുത്തിയിരിക്കുകയാണ്. ഗൗരവ് ഗോഗോയ് എം പിയും കോണ്‍ഗ്രസിന്റെ അസം എം എല്‍ എയും ക്ഷേത്രത്തിലേക്ക് കയറി. പൊലീസ് ബാരികേഡ് ഉപയോഗിച്ച് രാഹുല്‍ഗാന്ധി മുന്നോട്ട് പോകുന്നത് തടഞ്ഞു. കെസി വേണുഗോപാല്‍, ജയ്‌റാം രമേശ് അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച അനുമതിയും തേടിയിരുന്നു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദര്‍ശനം അനുവദിക്കാമെന്നാണ് ക്ഷേത്രസമിതി ഞായറാഴ്ച അറിയിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

അസമിലെ നാഗോണ്‍ ജില്ലയിലെ ബോര്‍ഡോവയിലാണ് ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം. ഭാരത് ജോഡോ യാത്രയുടെ ഒമ്പതാം ദിവസമായ തിങ്കളാഴ്ച ക്ഷേത്രദര്‍ശനം നടത്തിയശേഷം യാത്ര തുടരാനാണ് നിശ്ചയിച്ചിരുന്നത്.

അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനാളുകള്‍ ക്ഷേത്രത്തിലെത്തും. വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് വൈകിട്ട് മൂന്നിന് ശേഷം സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ക്ഷേത്രം അധികാരികള്‍ പറഞ്ഞു.

'രാഹുല്‍ ഗാന്ധിക്ക് അവിടെ പോകണമെന്നുണ്ടായിരുന്നു. ജനുവരി 11 മുതല്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ രണ്ട് എം എല്‍ എമാര്‍ ക്ഷേത്രഭാരവാഹികളെ കാണുകയും ചെയ്തിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് എത്തുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സ്വാഗതം ചെയ്യുന്നതായും ഞങ്ങളെ അറിയിച്ചു. എന്നാല്‍ തിങ്കളാഴ്ച മൂന്നുമണിവരെ അവിടെ പ്രവേശിക്കാനാവില്ലെന്ന് ഞായറാഴ്ച പെട്ടെന്ന് അറിയിച്ചു. ഇത് സംസ്ഥാന സര്‍കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം മൂലമാണ്.' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.

Keywords: News, National, National-News, Politics-News, Politics, Assam News, Police, Stopped, Rahul Gandhi, Visit, Temple, Protest, Congress Leader, Sri Sri Sankar Dev Satra Temple, Nagaon, Congress leader Rahul Gandhi stopped from visiting Sri Sri Sankar Dev Satra temple in Assam’s Nagaon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia