Police Custody | നിക്ഷേപ തട്ടിപ്പെന്ന് പരാതി: റോയല്‍ ട്രാവന്‍കൂര്‍ എം ഡി രാഹുല്‍ ചക്രപാണി പൊലീസ് കസ്റ്റഡിയില്‍

 


കണ്ണൂര്‍: (KVARTHA) നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ റോയല്‍ ട്രാവന്‍കൂര്‍ കംപനി ചെയര്‍മാനും എം ഡിയുമായ രാഹുല്‍ ചക്രപാണിയെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്റെ ചെട്ടിപീടികയിലുള്ള ഓഫീസില്‍ വെച്ച് വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു ടൗണ്‍ പൊലീസ് രാഹുല്‍ ചക്രപാണിയെ കസ്റ്റഡിയിലെടുത്തത്.

Police Custody | നിക്ഷേപ തട്ടിപ്പെന്ന് പരാതി: റോയല്‍ ട്രാവന്‍കൂര്‍ എം ഡി രാഹുല്‍ ചക്രപാണി പൊലീസ് കസ്റ്റഡിയില്‍

രാഹുല്‍ ചക്രപാണി കണ്ണൂരിലെ ഓഫീസിലുണ്ടെന്ന വിവരം അറിഞ്ഞെത്തിയ നിക്ഷേപകര്‍ ഓഫീസ് വളയുകയും തങ്ങളുടെ നിക്ഷേപം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ ടൗണ്‍ പൊലീസ് നിക്ഷേപകരുമായും രാഹുല്‍ ചക്രപാണിയുമായി സംസാരിക്കുകയും ചെയ്തുവെങ്കിലും നിക്ഷേപകരുടെ ആശങ്കക്ക് പരിഹാരം കാണാതാവുകയും ബഹളം തുടരുകയും ചെയ്തതോടെയായിരുന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സാധാരണക്കാരില്‍ നിന്നും ദിനം നിക്ഷേപമായും മറ്റു നിക്ഷേപം നടത്തിയവരില്‍ നിന്നുമായി ഇയാള്‍ കോടികളുടെ നിക്ഷേപമാണ് സ്വീകരിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. നിക്ഷേപകര്‍ പണം തിരിച്ചെടുക്കാന്‍ പോകുമ്പോള്‍ പല തവണ അവധി പറഞ്ഞ് നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാര്‍ ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും മാസമായി ഈ സ്ഥാപനത്തില്‍ നിരന്തരം നിക്ഷേപകര്‍ എത്തുകയും ചക്രപാണിയെ അന്വേഷിക്കുകയും ചെയ്തുവെങ്കിലും കണ്ടെത്തിയില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച കണ്ണൂരിലെ ഹെഡ് ഓഫീസില്‍ ചക്രപാണി എത്തിയിട്ടുണ്ടെന്ന വിവരം അറിയുന്നത്. ഇതോടെ നിക്ഷേപകര്‍ ഹെഡ് ഓഫീസ് വളയുകയായിരുന്നു.

നിക്ഷേപകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും എട്ട് കോടിയോളം രൂപ പിരിച്ചെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവ ലഭിക്കുന്ന മുറക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും കഴിഞ്ഞദിവസം 50,000 രൂപയിലധികം രൂപ ഇവിടെ നിന്നും ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് രാഹുല്‍ ചക്രപാണി പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ നിക്ഷേപകരുടെ പരാതിയില്‍ രാഹുല്‍ ചക്രപാണിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്.

Keywords:  Complaint of investment fraud: Royal Travancore MD Rahul Chakrapani in police custody, Kannur, News, Complaint, Investment Fraud, Police, Custody, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia