Antibiotic Smart | 2024ല്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോടിക് സ്മാര്‍ടാക്കും; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള മരുന്നുകളുടെ ഉപയോഗം ഈ വര്‍ഷം പൂര്‍ണമായും നിര്‍ത്തലാക്കും

 


തിരുവനന്തപുരം: (KVARTHA) 2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോടിക് സ്മാര്‍ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. 

Antibiotic Smart | 2024ല്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോടിക് സ്മാര്‍ടാക്കും; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള മരുന്നുകളുടെ ഉപയോഗം ഈ വര്‍ഷം പൂര്‍ണമായും നിര്‍ത്തലാക്കും

ഹബ്ബ് ആന്റ് സ്പോക്ക് മാതൃക ഇല്ലാത്ത 3 ജില്ലകളില്‍ കൂടി ഹബ്ബ് ആന്റ് സ്പോക്ക് മാതൃക വ്യാപിപ്പിക്കും. കാര്‍സ്നെറ്റ് എ എം ആര്‍ ശൃംഖല 40 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. 2023 അവസാനം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്.

ആരോഗ്യ വകുപ്പ് ഈ വര്‍ഷം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ള വിഷയമാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സുമായി ബന്ധപ്പെട്ടുള്ളത്. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പ് എ എം ആറിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുക, തെറ്റായ ക്രമങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുക, ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും പൊതുബോധം ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ആന്‍സി സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, പാലക്കാട് ഡിഎംഒ ഡോ. വിദ്യ, ജില്ലാ എഎംആര്‍ ഓഫീസര്‍ ഡോ. ഭാഗ്യനാഥ്, ഡോ. ശിവപ്രസാദ് എന്നിവരാണ് എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

Keywords:  By 2024, all family health centers will be antibiotic smart, Thiruvananthapuram, News, Antibiotic Smart, Health, Family, Health Minister, Veena George, WHO, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia