Compensation | തേനീച്ച-കടന്നല്‍ ആക്രമണം; ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍കാരിന്റെ ഉറപ്പ്; നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി തുടങ്ങും

 


തിരുവനന്തപുരം: (KVARTHA) തേനീച്ച-കടന്നല്‍ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍കാരിന്റെ ഉറപ്പ്. വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കുമെന്നാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച 25.10.2022-ലെ ഉത്തരവ് ഭേദഗതി ചെയ്തു. ഭേദഗതിക്ക് 25.10.2022 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി.

Compensation | തേനീച്ച-കടന്നല്‍ ആക്രമണം; ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍കാരിന്റെ ഉറപ്പ്; നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി തുടങ്ങും

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് കേസുകളുടെ വിചാരണക്ക് കൊല്ലത്ത് പ്രത്യേക കോടതി

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് കേസുകളുടെ വിചാരണക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കാനും തീരുമാനമായി. എല്‍ഡി ടൈപിസ്റ്റ്, അറ്റന്റന്റ്, ക്ലര്‍ക് എന്നീ തസ്തികകള്‍ വര്‍കിങ്ങ് അറേജ്‌മെന്റ് മുഖേനയോ റീ ഡിപ്ലോയിമെന്റ് വഴിയോ നികത്തണമെന്നും സ്വീപിങ്ങ് ജോലികള്‍ക്കായി ഒരു ക്യാഷ്വല്‍ സ്വീപറിനെ എംപ്ലോയിമെന്റ് എക്‌സചേന്‍ജ് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി 10 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

തസ്തിക സൃഷ്ടിക്കും

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ നാല് മെന്റല്‍ ഹെല്‍ത് റിവ്യു ബോര്‍ഡുകളില്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. അസിസ്റ്റന്റ് - നാല്, സ്റ്റെനോ ടൈപിസ്റ്റ് - നാല്, ഓഫീസ് അറ്റന്റന്റ് - നാല്, സെക്യൂരിറ്റി പേഴ്‌സനല്‍ - മൂന്ന്, ക്യാഷ്വല്‍ സ്വീപര്‍ - നാല് എന്നിങ്ങനെയാണ് തസ്തികകള്‍.

വിനോദസഞ്ചാര വകുപ്പിലെ പദ്ധതികളുടെ നിര്‍വഹണത്തിനും മേല്‍നോട്ടത്തിനുമായി വിനോദസഞ്ചാര വകുപ്പില്‍ ഒരു എന്‍ജിനീയറിംഗ് വിഭാഗം സൃഷ്ടിക്കും. 10 തസ്തികകള്‍ മൂന്ന് വര്‍ഷത്തേയ്ക്ക് താല്‍കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനങ്ങള്‍ നടത്തും. അസിസ്റ്റന്റ് എന്‍ജിനീയര്‍ - 2, അസിസ്റ്റന്റ്‌റ് എക്‌സിക്യൂടീവ് എന്‍ജിനീയര്‍ - 7, എക്‌സിക്യൂടീവ് എന്‍ജിനീയര്‍ -1 എന്നിങ്ങനെയാണ് തസ്തികകള്‍.

ഡോ. ബി സന്ധ്യ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രടറി

കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രടറിയായി മുന്‍ ഐ പി എസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ നിയമിക്കാന്‍ തീരുമാനിച്ചു.

ഒറ്റതവണ ശിക്ഷ ഇളവ്; മാര്‍ഗനിര്‍ദേശങ്ങളുടെ കരട് അംഗീകരിച്ചു

ജീവിതത്തില്‍ ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവ് ശിക്ഷ (ശിക്ഷായിളവ് ഉള്‍പെടാതെ) പൂര്‍ത്തിയാക്കിയ കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു.

കളമശ്ശേരി സ്‌ഫോടനം; അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം

കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രതിനിധി യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ പിന്നീട് മരിച്ച മൂന്നു പേരുടെ കുടുംബങ്ങള്‍ക്ക് കൂടി അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കും.

ഭിന്നശേഷിക്കാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് അകാല വിടുതല്‍ നല്‍കില്ല

ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അകാല വിടുതല്‍ നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. സംരക്ഷകന്‍ എന്ന് നടിച്ച് ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തി കൊലപ്പെടുത്തിയ പ്രതി പ്രകാശന്റെ അകാല വിടുതല്‍ ശുപാര്‍ശ ചെയ്യേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പലതരത്തില്‍ ചൂഷണം ചെയ്തശേഷം നിഷ്‌കരുണം കെലപ്പെടുത്തുകയാണ് പ്രതി ചെയ്തത് എന്നത് വിലയിരുത്തിയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും വിടുതല്‍ ഹര്‍ജി നിരസിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തത്.

നിയമനം

ഹൈകോടതിയിലെ നിലവിലെ ഒരു സീനിയര്‍ ഗവ. പ്ലീഡറുടെയും മൂന്ന് ഗവ. പ്ലീഡര്‍മാരുടെയും ഒഴിവുകളില്‍ നിയമനം നടത്തും. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി അഡ്വ. ഇ ജി ഗോര്‍ഡനെ നിയമിക്കും. മൂന്ന് ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ തസ്തികകളിലേക്ക് അഡ്വ. അജിത് വിശ്വനാഥന്‍, അഡ്വ. ബിനോയി ഡേവിസ്, അഡ്വ. ടോണി അഗസ്റ്റിന്‍ എന്നിവരെയും നിയമിക്കും.

തുടരാന്‍ അനുവദിക്കും


പൊതുവദ്യാഭ്യാസ വകുപ്പില്‍ നിന്നും വര്‍കിംഗ് അറേന്‍ജ് മെന്റ് വ്യവസ്ഥയില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയമിച്ച അധ്യാപകരെ 2024 - 2025 അധ്യയന വര്‍ഷം ആരംഭിക്കുന്നതു വരെ (31.05.2024 വരെ) തുടരാന്‍ അനുവദിക്കും. 

അധ്യാപകരെ വര്‍കിംഗ് അറേന്‍ജ് മെന്റില്‍ നിയോഗിക്കുമ്പോള്‍ സ്‌കൂളുകളില്‍ നിയമിക്കുന്നതിന് പ്രൊടക്ടഡ് അധ്യാപകരെ ലഭിക്കാത്ത അവസരങ്ങളില്‍ അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കാവുന്നതും ഇതിനുള്ള വേതനം കൈറ്റ് സ്‌കൂളുകള്‍ക്ക് നല്‍കേണ്ടതുമാണ് എന്ന് വ്യവസ്ഥ ചെയ്യും. ഇതുപ്രകാരം 28.07.2023 ലെ ഉത്തരവ് ഭേദഗതി ചെയ്യും.

പുനര്‍വിന്യസിക്കും

പവര്‍ഗ്രിഡിന്റെ 400 കെ വി ഇടമണ്‍ - കൊച്ചി ട്രാന്‍സ്മിഷന്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) പവര്‍ഗ്രിഡ്, കൊല്ലം യൂനിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി പ്രസ്തുത യൂനിറ്റില്‍ ജോലി ചെയ്യുന്ന 11 ജീവനക്കാരെ പുനര്‍വിന്യസിക്കും.

ഇടുക്കി ജില്ലയില്‍ രവീന്ദ്രന്‍ പട്ടയം റദ്ദാക്കലും, അര്‍ഹമായ കേസുകളില്‍ പുതിയ പട്ടയങ്ങള്‍ അനുവദിക്കുന്നതിനുമുള്ള ലാന്‍ഡ് അസൈന്‍മെന്റ് യൂനിറ്റ് താല്‍കാലികമായി ഒരുവര്‍ഷത്തേയ്ക്ക് രൂപീകരിച്ചാണ് പുനര്‍വിന്യസിക്കുക.

ടെന്‍ഡറിന് അംഗീകാരം

31.03.2024ന് അമൃത് പദ്ധതി അവസാനിക്കുന്നത് പരിഗണിച്ച് ആലപ്പുഴ നഗരസഭയില്‍ അമൃത് പദ്ധതിയുടെ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട് സെക്റ്ററിനു കീഴില്‍ ഫൂട് ഓവര്‍ ബ്രിഡ്ജ് അറ്റ് നെഹ്‌റു ട്രോഫി സ്റ്റാര്‍ടിങ്ങ് പോയിന്റ് എന്ന പ്രവൃത്തിക്ക് 20.48% മുകളില്‍ ക്വോട് ചെയ്തിട്ടുള്ള ടെന്‍ഡര്‍ എക്‌സസിന് അംഗീകാരം നല്കി. ടെന്‍ഡര്‍ എക്‌സസിന്റെ 50% നഗരസഭയുടെ തനത് തുകയില്‍ നിന്നും ബാക്കി 50% അമൃതിന്റെ സംസ്ഥാന വിഹിതത്തില്‍ നിന്നും വഹിക്കുന്നതിനു അനുമതി നല്‍കി.

Keywords:  Bee attack; Government's assurance of compensation to those who lost their lives, Thiruvananthapuram, News, Compensation, Cabinet Decision, Bee Attack, Teachers, Blast, Appointment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia