Exclusive | കണ്ണൂര്‍ പേയ്മെന്റ് സീറ്റാക്കാന്‍ ഉന്നത നേതാവിന്റെ നീക്കമെന്ന് ആരോപണം; കോൺഗ്രസിൽ വിവാദം; നേതൃത്വത്തിലെ ചിലര്‍ക്കെതിരെ അണികളില്‍ അമര്‍ഷം പുകയുന്നു

 


കണ്ണൂര്‍: (KVARTHA) വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂര്‍ പാര്‍ലമെന്റ് സീറ്റില്‍ ആരു മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കവെ പേയ്മെന്റ് സീറ്റാക്കി മാറ്റാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നതായി ആരോപണമുയരുന്നു. സ്ഥാനമോഹികള്‍ക്ക് മുന്‍പില്‍ വന്‍തുകയാണ് ചില നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇതോടെ പലരും മത്സരിക്കാനുളള താല്‍പര്യത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. ദേശീയതലത്തില്‍ ബന്ധങ്ങളുളള നേതാക്കളില്‍ ചിലരാണ് കെ സുധാകരന്‍ വീണ്ടും മത്സരിക്കാത്ത സാഹചര്യത്തില്‍ കണ്ണൂര്‍ സീറ്റ് പേയ്മെന്റ് സീറ്റാക്കി മാറ്റാന്‍ അണിയറയില്‍ കരുക്കള്‍ നീക്കുന്നതെന്നാണ് വിവരം. 
  
Exclusive | കണ്ണൂര്‍ പേയ്മെന്റ് സീറ്റാക്കാന്‍ ഉന്നത നേതാവിന്റെ നീക്കമെന്ന് ആരോപണം; കോൺഗ്രസിൽ വിവാദം; നേതൃത്വത്തിലെ ചിലര്‍ക്കെതിരെ  അണികളില്‍ അമര്‍ഷം  പുകയുന്നു

എണ്‍പതുലക്ഷം മുതല്‍ ഒരുകോടി രൂപവരെ നല്‍കിയാല്‍ സീറ്റുലഭിക്കുമെന്നാണ് ഉന്നതബന്ധങ്ങളുളള നേതാക്കള്‍ ഇടനിലക്കാര്‍ മുഖേനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ജയിക്കുമെന്നു ഉറപ്പില്ലാത്ത സീറ്റില്‍ ഭീമന്‍ സംഖ്യകൊടുത്തു മത്സരിക്കാന്‍ പലരും താല്‍പര്യം കാണിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നേരത്തെ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുളള പലരും ഇപ്പോള്‍ ഒരടി പിന്നോട്ടു പോയിരിക്കുകയാണ്. പേയ്മെന്റ് നല്‍കിയാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ മറികടന്നു കൊണ്ടു സീറ്റു ലഭിക്കുമെന്നും ഭരണവിരുദ്ധവികാരം മുതലെടുത്തു കൊണ്ടു വിജയം സുനിശ്ചിതമാണെന്നുമാണ് വാഗ്ദാനം. 

സംസ്ഥാനത്ത് സിറ്റിങ് എം പിമാര്‍ മത്സരിക്കാന്‍ സാധ്യതയില്ലാത്ത രണ്ടുമണ്ഡലങ്ങള്‍ മാവേലിക്കരയും കണ്ണൂരുമാണ്. ഈ സാഹചര്യം മനസിലാക്കിയാണ് പേയ്മെന്റ് സീറ്റാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ വിവരം ചോര്‍ന്നത് പാര്‍ട്ടിക്കുളളില്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. പലരും നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്താനുളള ഒരുക്കത്തിലാണ്. പേയ്മെന്റ് സീറ്റു വിവാദത്തില്‍ സുധാകര വിഭാഗവും എ ഗ്രൂപ്പും അതൃപ്തരാണ്. പാര്‍ട്ടിക്കുളളില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ജനകീയ അംഗീകാരമുളള സ്ഥാനാര്‍ത്ഥി നിന്നാല്‍ കണ്ണൂര്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. ഇതിനിടയിലാണ് പേയ്മെന്റ് സീറ്റുവിവാദങ്ങളുടെ പുക ഉയരുന്നത്. മുന്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി അബ്ദുൽ റഷീദ്, അമൃത രാമകൃഷ്ണന്‍, ഷമാ മുഹമ്മദ് എന്നിവരാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടുളളത്. 

ഇവര്‍ക്ക് മുകളിലൂടെ പേയ്മെന്റ് സീറ്റില്‍ മത്സരിക്കാന്‍ ആരെങ്കിലുമെത്തുമോയെന്ന ചോദ്യം അണികളില്‍ നിന്നുയരുന്നുണ്ട്. ആരെയെങ്കിലും  സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി പാര്‍ട്ടിയെ തോല്‍പിക്കരുതെന്ന വികാരം അണികള്‍ പുറത്തുപറഞ്ഞു തുടങ്ങിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ജനുവരി പതിനാറിന് അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞുവന്നാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമാരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Kannur, Allegation that top leader's move to make Kannur as payment seat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia