Arrested | രാത്രികാല പട്രോളിങിനിടെ പൊലീസ് ജീപ് തകര്‍ത്തുവെന്ന കേസില്‍ 'മയക്കുമരുന്ന് ക്വടേഷന്‍ നേതാവ്' ഉള്‍പെടെ 4 പേര്‍ പയ്യന്നൂരില്‍ അറസ്റ്റില്‍

 


പയ്യന്നൂര്‍: (KVARTHA) എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊതുവാച്ചേരി ഭാസ്‌കരന്‍ പീടികയ്ക്കു സമീപമുള്ള റോഡില്‍ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന എടക്കാട് പൊലീസിന്റെ ജീപിനുനേരെ ബിയര്‍ കുപ്പി എറിയുകയും വടിവാള്‍ വീശുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതികളായ മയക്കുമരുന്ന് ക്വടേഷന്‍ സംഘത്തെ പയ്യന്നൂരിലെ ലോഡ്ജില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി.
  
Arrested | രാത്രികാല പട്രോളിങിനിടെ പൊലീസ് ജീപ് തകര്‍ത്തുവെന്ന കേസില്‍ 'മയക്കുമരുന്ന് ക്വടേഷന്‍ നേതാവ്' ഉള്‍പെടെ 4 പേര്‍ പയ്യന്നൂരില്‍ അറസ്റ്റില്‍

മയക്കുമരുന്ന് കടത്ത് ഉള്‍പെടെയുള്ള നിരവധി കേസുകളിലെ പ്രതികളായ കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഹീം (32) ഇയാളുടെ സംഘത്തില്‍ ഉള്‍പെട്ട നവീന്‍ എന്ന ബോണി (34), ശാനിദ് (33), കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിഥിന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

ചക്കരക്കല്‍ സി ഐ ശ്രീജിത്ത് കോടേരിയാണ് നാലുപേരുടയും അറസ്റ്റു രേഖപ്പെടുത്തിയത്. റഹീമിന്റെ അനുജന്‍ മുനീറും ഇവര്‍ക്കൊപ്പം പിടിയിലായിരുന്നുവെങ്കിലും ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് മറ്റൊരു വാറന്‍ഡ് പ്രകാരം അറസ്റ്റു ചെയ്തിട്ടുണ്ട്.

കാപ കേസില്‍ ഉള്‍പെട്ട മയക്കുമരുന്ന് ക്വടേഷന്‍ നേതാവാണ് റഹീമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ചെ രണ്ടരയോടെയാണ് പൊതുവാച്ചേരിയിലെ റഹീമിന്റെ വീട്ടു പരിസരത്ത് വെച്ചു റഹീമും ഇയാള്‍ നിയോഗിച്ച ക്വടേഷന്‍ ടീമും പൊലീസ് വാഹനത്തെ ആക്രമിച്ചത്. എടക്കാട് സ്റ്റേഷനിലെ പൊലീസുകാരായ ലവന്‍, അനില്‍, അജേഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. പൊലീസ് ജീപിന്റെ ചില്ലു തകര്‍ക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റഹീമിന്റെ വീട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം നേരത്തെ കണ്ടുകെട്ടിയതാണ്.

പൊതുവാച്ചേരിയിലെ ഇതേ വീട്ടില്‍ വീണ്ടും റഹീമിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് രാത്രികാല പട്രോളിങിന്റെ ഭാഗമായി ഇവിടെ നിരീക്ഷണത്തിനെത്തിയതായിരുന്നു. പിന്നാലെ കര്‍ണാടക രെജിസ്ട്രേഷനുള്ള കാറിലെത്തി റഹീമും കൂട്ടാളികളും പൊലീസിനെ അക്രമിക്കുകയായിരുന്നു.

കണ്ണൂര്‍ എ സി പി ടി കെ രത്ന കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിച്ചിരുന്നത്. കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് പയ്യന്നൂരില്‍ പ്രതികളെ അറസ്റ്റു ചെയ്തത്. റഹീമിനും കൂട്ടാളി നവീനുമെതിരെ നിലവില്‍ കാപ കേസുണ്ട്. 23 കേസുകളില്‍ പ്രതിയാണ് റഹീമെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നു റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം. വരുംദിവസങ്ങളിലും ജില്ലയിലെ മയക്കുമരുന്ന് ക്വടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു.

Keywords: 4 people including 'drug citation leader' arrested in Payyannur in case of vandalizing police jeep during night patrol, Kannur, News, Arrested, Police, KAAPA, Attack, Drug Case, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia