Revanth Reddy | രേവന്ത് റെഡ്ഡിയെന്ന തെലങ്കാനയിലെ 'ഡി കെ ശിവകുമാർ'; സംസ്ഥാനത്ത് ഒന്നുമില്ലായ്മയിൽ നിന്ന് പാർട്ടിയെ മാറ്റിമറിച്ച കോൺഗ്രസിന്റെ ഗെയിം ചേഞ്ചർ; എബിവിപിയിൽ നിന്ന് തുടങ്ങി മുഖ്യമന്ത്രി കസേരയിൽ എത്തിനിൽക്കുന്ന രാഷ്ട്രീയ ജീവിതം ഇങ്ങനെ

 


ഹൈദരാബാദ്: (KVARTHA) നാല് സംസ്ഥാന നിയസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആശ്വാസമായത് തെലങ്കാനയാണ്. രണ്ട് സംസ്ഥാനങ്ങൾ കൈവിട്ടപ്പോൾ ഇവിടെ ആദ്യമായി കോൺഗ്രസ് അധികാരത്തിലേറുകയാണ്. കോൺഗ്രസിന്റെ വമ്പൻ ജയത്തിനും, മുഖ്യമന്ത്രി കെസിആറിനും ഭാരത് രാഷ്ട്ര സമിതിക്കും (ബിആർഎസ്) പ്രഹരം ഏൽപ്പിച്ചതിനും പിന്നിലെ കരുത്ത് എ രേവന്ത് റെഡ്ഡിയെന്ന മന്ത്രികനാണ്.
ബിആർഎസ് കോട്ടയായ കാമറെഡ്ഡിയിൽ മുഖ്യമന്ത്രിയും ഭാരത രാഷ്ട്ര സമിതി നേതാവുതുമായ കെ ചന്ദ്രശേഖർ റാവുവിനെ വിറപ്പിച്ചതിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ കരുത്ത് മനസിലാക്കാം.
 
Revanth Reddy | രേവന്ത് റെഡ്ഡിയെന്ന തെലങ്കാനയിലെ 'ഡി കെ ശിവകുമാർ'; സംസ്ഥാനത്ത് ഒന്നുമില്ലായ്മയിൽ നിന്ന് പാർട്ടിയെ മാറ്റിമറിച്ച കോൺഗ്രസിന്റെ ഗെയിം ചേഞ്ചർ; എബിവിപിയിൽ നിന്ന് തുടങ്ങി മുഖ്യമന്ത്രി കസേരയിൽ എത്തിനിൽക്കുന്ന രാഷ്ട്രീയ ജീവിതം ഇങ്ങനെ

മൂന്നാം തവണയും അധികാരത്തിലേറുക എന്ന കെ ചന്ദ്രശേഖര റാവുവിന്റെ സ്വപ്നം തകർത്ത രേവന്ത് റെഡ്ഡി തന്നെ ഇനി തെലങ്കാന മുഖ്യമന്ത്രിക്കസേരയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. തെലങ്കാനയിലെ 'ഡി കെ ശിവകുമാർ' എന്ന് വേണമെങ്കിൽ രേവന്ത് റെഡ്ഡിയെ വിശേഷിപ്പിക്കാം. 2018 ൽ 119 അംഗ നിയമസഭയിൽ കോൺഗ്രസിന് 19 സീറ്റിൽ മാത്രമായിരുന്നു വിജയിക്കാനായത്. അവിടെ നിന്നാണ് ഇത്തവണ 64 സീറ്റിലേക്ക് രേവന്ത് റെഡ്ഡി പാർട്ടിയെ നയിച്ചത്.

എബിവിപിയിലൂടെ രാഷ്ട്രീയ ജീവിതം

1969 നവംബർ എട്ടിന് തെലങ്കാനയിലെ മഹ്ബൂബ് നഗർ ജില്ലയിലെ കൊണ്ടറെഡ്ഡി പള്ളിയിൽ ജനിച്ച രേവന്ത് റെഡ്ഡി വിദ്യാർത്ഥിയായിരിക്കെ എബിവിപിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഉസ്മാനിയ സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. പിന്നീട് തെലുങ്കു ദേശം പാർട്ടിയിൽ ചേർന്നു. അവിടെ നിന്നാണ് 2017ൽ കോൺഗ്രസിലെത്തിയത്. മൽകാജ്ഗിരി കമണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപിയായ ഇദ്ദേഹം 2009-ൽ ആന്ധ്രാപ്രദേശ് നിയമസഭയിലും 2014-ൽ തെലങ്കാന നിയമസഭയിലും രണ്ടുതവണ എംഎൽഎയായിരുന്നു. 2019-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും മൽകജ്ഗിരി ലോക്സഭാ സീറ്റിൽ വിജയിക്കുകയും ചെയ്തു.

2021 ജൂലൈയിൽ രേവന്തിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കി. അതോടെയാണ് അദ്ദേഹത്തിന്റെ നേതൃപാടവം ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്. ഭരണകക്ഷിയായ ബിആർഎസ് സർക്കാരിനെതിരായ നിരവധി വിഷയങ്ങളിൽ തെരുവ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ റെഡ്ഡി സംസ്ഥാനമെങ്ങും സജീവമായി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ പ്രവർത്തന ശൈലി മാറ്റിയതിന് ശേഷം അദ്ദേഹം പാർട്ടി അണികൾക്കുള്ളിൽ നിരവധി വിമർശകരെ സമ്പാദിച്ചു.

എന്നിരുന്നാലും പാർട്ടിക്കുള്ളിലെ എതിരാളികളുടെ പ്രതിഷേധം വകവെക്കാതെ കോൺഗ്രസ് നേതൃത്വം റെഡ്ഡിയെ പിന്തുണച്ചു. വമ്പൻ റാലികളിലും അദ്ദേഹം തന്നെയായിരുന്നു മുഖം. തെലങ്കാന രാഷ്ട്രീയത്തിൽ സൂപ്പർതാരമായി മാറുകയാണ് ഈ 54 കാരൻ.

Keywords: Election News, Politics, Telangana, Assembly, Congress, Hyderabad, Revanth Reddy, July 2021, Who is Revanth Reddy? Telangana Congress chief leading ahead of KCR.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia