Funeral | ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച 4 യുവാക്കളുടെയും മൃതദേഹങ്ങള്‍ പാലക്കാട്ടെത്തിച്ചു; അന്ത്യാഞ്ജലിയുമായി ജന്മനാട്; പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം

 


പാലക്കാട്: (KVARTHA) ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് യുവാക്കളുടെയും മൃതദേഹങ്ങള്‍ ജന്മനാടായ പാലക്കാട്ടെ ചിറ്റൂരിലെത്തിച്ചു. നെടുങ്ങോട് സ്വദേശികളായ ആര്‍ അനില്‍ (34), എസ് സുധീഷ് (32), കെ രാഹുല്‍ (28), എസ് വിഘ്‌നേഷ് (22) എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച (08.12.2023) പുലര്‍ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിലെത്തിച്ചത്.

വ്യാഴാഴ്ച (07.12.2023) വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് നോര്‍ക ഏര്‍പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂരില്‍ എത്തിക്കുകയായിരുന്നു.

ചിറ്റൂര്‍ ടെക്‌നികല്‍ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം രാവിലെ മുതല്‍ നടക്കും. അതിന് ശേഷം അവരുടെ വീട്ടിലേക്ക് കൊണ്ടുപോവും. സംസ്‌കാരം ചിറ്റൂര്‍ മന്തക്കാട് ശ്മശാനത്തില്‍ നടക്കും. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍ ആര്‍, ശ്രീജേഷ്, അരുണ്‍, പി അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തില്‍ തന്നെ നാട്ടില്‍ എത്തിച്ചു.

അതേസമയം, ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാചെലവ് സര്‍കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. മനോജ് കശ്മീരിലാണ് ചികിത്സയിലുള്ളത്. മരിച്ചരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള ഹൗസിലെ നോര്‍ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജി മോന്‍, അസിസ്റ്റന്റ ലെയ്‌സണ്‍ ഓഫീസര്‍മാരായ ജിതിന്‍ രാജ് റ്റിഒ, അനൂപ് വി. എന്നിവരാണ് ശ്രീനഗറില്‍ നിന്നും യാത്ര സംഘത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്തത്.
 
സംസ്ഥാന സര്‍കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിസ്റ്റന്റ ലെയ്‌സണ്‍ ഓഫീസര്‍ റ്റി ഒ ജിതിന്‍ രാജ് പാലക്കാട് ചിറ്റൂര്‍ വരെ സംഘത്തെ അനുഗമിച്ചു. സൗറയിലെ എസ് കെ ഐ എം എസ് ആശുപത്രിയില്‍ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലന്‍ മുരുകന്‍, ഷിജു കെ എന്നിവര്‍ അവിടെ തുടരും.

ശ്രീനഗര്‍ ലേ ദേശീയപാതയില്‍ ചൊവാഴ്ച വൈകിട്ടു നാലരയോടെയാണ് അപകടമുണ്ടായത്. ചിറ്റൂരില്‍ നിന്നു 13 പേരുടെ സംഘം നവംബര്‍ 30നാണ് ട്രെയിനില്‍ യാത്ര പുറപ്പെട്ടത്. സുഹൃത്തുക്കള്‍ ചേര്‍ന്നു കുറി നടത്തിയാണ് ഇതിനായി തുക സ്വരൂപിച്ചത്. അഞ്ച് വര്‍ഷമായി ഇവര്‍ ഇത്തരത്തില്‍ യാത്ര പോകാറുണ്ട്. സോനാമാര്‍ഗിലേക്ക് രണ്ടു കാറുകളിലെത്തിയ സംഘം പനിമത്ത് പാസില്‍ സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ സീറോ പോയിന്റില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം റോഡില്‍ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു.

Funeral | ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച 4 യുവാക്കളുടെയും മൃതദേഹങ്ങള്‍ പാലക്കാട്ടെത്തിച്ചു; അന്ത്യാഞ്ജലിയുമായി ജന്മനാട്; പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം



Keywords: News, Kerala, Kerala-News, Palakkad-New, Accident-News, Funeral, Tributes, Youths, Died, Jammu and Kashmir, Accident, Palakkad, Chittur, Dead Body, Minister, Treatment, Government, Medical, Brought Back, Kerala, Tributes to youths who died in Jammu and Kashmir accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia