Jailed | സഊദി അറേബ്യയില്‍ രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം യുവാവ് നാട്ടില്‍ തിരിച്ചെത്തി; മോചനത്തിന് വേണ്ടി ഇടപെട്ടത് എം എ യൂസുഫലി

 


തിരുവനന്തപുരം: (KVARTHA) സഊദി അറേബ്യയില്‍ രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം യുവാവ് നാട്ടില്‍ തിരിച്ചെത്തി. തിരുവനന്തപുരം വിതുര സ്വദേശി റശീദാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ ചമഞ്ഞെത്തിയ ആളുടെ ചതിയില്‍പെട്ട് ജയില്‍ ജീവിതം അനുഭവിച്ചശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. വ്യവസായി എം എ യൂസുഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലെത്താനുള്ള വഴി തുറന്നുകിട്ടിയത്.

Jailed | സഊദി അറേബ്യയില്‍ രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം യുവാവ് നാട്ടില്‍ തിരിച്ചെത്തി; മോചനത്തിന് വേണ്ടി ഇടപെട്ടത് എം എ യൂസുഫലി

ജയിലില്‍ എത്താനുള്ള സഹചര്യത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്:


നാല് വര്‍ഷം മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റശീദ് ജിദ്ദയിലെത്തുന്നത്. എന്നാല്‍ സ്വദേശിയായ സ്‌പോണ്‍സര്‍ റശീദിനെ തന്റെ സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു. സ്വദേശി വത്ക്കരണം ശക്തമായ രാജ്യത്ത് പരിശോധന ശക്തമാക്കിയ സമയത്താണ് ഈ സംഭവം നടക്കുന്നത്. സ്വദേശി തൊഴിലെടുക്കേണ്ട തസ്തികയില്‍ വിദേശിയെ കണ്ട പൊലീസ് അടുത്ത തവണ പരിശോധനക്കെത്തുമ്പോള്‍ തൊഴില്‍സ്ഥലത്ത് കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കി.

ഇതോടെ ഭയന്ന റശീദ് തൊഴിലിടം വിട്ട് സുഹൃത്തിന്റെ അടുത്ത് അഭയം തേടുകയായിരുന്നു. പാസ്‌പോര്‍ട് സ്‌പോണ്‍സറുടെ കൈവശം ആയതിനാല്‍ ഉടന്‍ നാട്ടിലെത്താന്‍ കഴിയില്ല. ഇതിനിടെയാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് ഷാന്‍ എന്നയാള്‍ റശീദിനടുത്ത് എത്തുന്നത്. ഇയാളുടെ വാക്ക് കേട്ടതാണ് റശീദിന് തടവുശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഇതിനിടയില്‍ റശീദ് ഒളിച്ചോടിയെന്ന് കാട്ടി സ്‌പോണ്‍സര്‍ പരാതിയും കൊടുത്തിരുന്നു.

ജിദ്ദയിലെ നാടുകടത്തല്‍ കേന്ദ്രത്തെ സമീപിച്ചാല്‍ ജയിലിടച്ച് മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തുമെന്നാണ് ഷാന്‍ റശീദിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനായി നാലായിരം റിയാല്‍ റശീദില്‍ നിന്നും വാങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇയാളെ കണ്ടിട്ടില്ല. മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റശീദ് 28 മാസമാണ് ജയിലില്‍ കിടന്നത്. ഇതിനിടയില്‍ ജിദ്ദയില്‍ നിന്നും റിയാദിലെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ജയില്‍ മോചനത്തിനായി വിവിധകേന്ദ്രങ്ങളെ റശീദിന്റെ മാതാപിതാക്കള്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് വിഷയം ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫലിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതോടെ മോചനം സാധ്യമാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ് അധികൃതരുടെ ഇടപെടല്‍ മൂലം പരിഹരിച്ചാണ് റശീദിനെ സഊദി കോടതി ജയില്‍ മോചിതനാക്കിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദില്‍ നിന്നും മുംബൈ വഴി ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ റശീദിനെ സഹോദരന്‍ റമീസും മറ്റുബന്ധുക്കളും സ്വീകരിച്ചു. സഹോദരന്റെ മോചനത്തിനായി പരിശ്രമിച്ച എംഎ യൂസുഫലിക്കും ലുലു ഗ്രൂപ് റിയാദ് ഓഫിസിനും റമീസ് നന്ദി പറഞ്ഞു.

Keywords:  Thiruvananthapuram native who served two and half years in prison in Saudi Arabia has returned home, Thiruvananthapuram, News, Thiruvananthapuram  Native, Prison, MA Yusuf Ali, Passport, Police, Inspection, Family, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia