Vijayakanth | അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്‌കാരം വൈകിട്ട് 4.45ന്; ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം

 


ചെന്നൈ: (KVARTHA) 71-ാം വയസില്‍ വ്യാഴാഴ്ച (28.12.2023) ചെന്നൈയില്‍ അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പൂര്‍ണ സംസ്ഥാന ബഹുമതികള്‍ പ്രഖ്യാപിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയായിരുന്നു കോവിഡ് -19 പോസിറ്റീവ് ആയിരുന്ന വിജയകാന്ത് അവസാനനാളില്‍ ഉണ്ടായിരുന്നത്.

തന്റെ അനുശോചന സന്ദേശത്തില്‍, സ്റ്റാലിന്‍ വിജയകാന്തിന്റെ മരണത്തില്‍ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കുകയും ഒരു നടന്‍ എന്ന നിലയിലും പൊതുജീവിതത്തിലെ നേതാവെന്ന നിലയിലും വിജയകാന്തിനെ ഒരു നേട്ടക്കാരനായി വാഴ്ത്തുകയും ചെയ്തു.

ഡിഎംഡികെ സ്ഥാപകന്റെ വിയോഗം തമിഴ്‌നാടിനും സിനിമാ ലോകത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദരസൂചകമായി വിജയകാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് സര്‍കാര്‍ പൂര്‍ണ സംസ്ഥാന ബഹുമതികള്‍ നല്‍കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.


Vijayakanth | അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്‌കാരം വൈകിട്ട് 4.45ന്; ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം


വൈകിട്ട് 4.45ന് കോയമ്പേടുള്ള ഡിഎംഡികെ ആസ്ഥാനത്ത് വിജയകാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണിവരെ ബീചിലെ ഐലന്‍ഡ് മൈതാനത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും.

ആയിരക്കണക്കിന് ആരാധകരും പാര്‍ടി പ്രവര്‍ത്തകരുമാണ് കാപ്റ്റന് അന്ത്യാഞ്ജലി അര്‍പിയ്ക്കാനായി വ്യാഴാഴ്ച മുതല്‍ എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പെടെ രാഷ്ട്രീയ രംഗത്തെയും സിനിമ രംഗത്തെയും പ്രമുഖര്‍ അന്തിമോപചാരം അര്‍പിച്ചു. കൂടുതല്‍ ആളുകള്‍ എത്തുന്നതിനാലാണ് ഐലന്‍ഡ് മൈതാനത്തില്‍ പൊതുദര്‍ശനം ക്രമീകരിച്ചത്.

വ്യാഴാഴ്ച പുലര്‍ചെ ചെന്നെയിലെ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കുറച്ചുവര്‍ഷമായി പാര്‍ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ടിയെ നയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.

1952 ആഗസ്റ്റ് 25-ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച വിജയകാന്ത് 'പുരട്ചി കലൈഞ്ജര്‍' എന്നും 'കാപ്റ്റന്‍' എന്നുമാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. എം എ കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം.

1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ കാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ കാപ്റ്റനെന്നും ആരാധകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങി.

നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015-ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു.

1994-ല്‍ എം ജി ആര്‍ പുരസ്‌കാരം, 2001-ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്‍ഡ്യന്‍ സിറ്റിസെന്‍ പുരസ്‌കാരം, 2009-ല്‍ ടോപ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

2005-ലാണ് ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി എം ഡി കെ) എന്ന രാഷ്ട്രീയ പാര്‍ടി വിജയകാന്ത് രൂപീകരിച്ചത്. 2006-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍നിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവില്‍ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.

Keywords: News, National, National-News, Obituary, Obituary-News, Tamil Nadu News, Chennai News, Govt, Announced, State Honours, DMDK Leader, Actor, Vijayakanth, Funeral, Chief Minister, M K Stalin, Ventilator, Tamil Nadu Govt Announces State Honours for DMDK Leader Vijayakanth's Funeral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia