Follow KVARTHA on Google news Follow Us!
ad

CM Pinarayi | തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെ നവ കേരള സദസ് ഇടുക്കിയുടെ മണ്ണിലേക്ക്; ആവേശം നിറച്ച് തൊടുപുഴയിലെ ജനസഞ്ചയം; ഭൂപതിവ് ചട്ടങ്ങള്‍ക്ക് മാറ്റം വരാന്‍ പോകുന്നു, സ്പൈസസ് പാര്‍കിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സഖാവ് കാനത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി അഭിവാദ്യം അര്‍പിക്കുന്നു Chief Minister, Pinarayi Vijayan, CM Pinarayi, Idukki News, Thodupuzh
ഇടുക്കി: (KVARTHA) മൂന്നാറിന്റെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരിസ്ഥിതി സന്തുലിത വികസന പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണുക എന്നതാണ് സര്‍കാരിന്റെ പ്രഖ്യാപിത നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നവകേരള സദസ്സ് എട്ടു ജില്ലകള്‍ പിന്നിട്ട് ഇന്നലെ ഇടുക്കി ജില്ലയിലെത്തി. തൊടുപുഴയില്‍ വലിയ ബഹുജനമുന്നേറ്റമാണുണ്ടായത്. നവകേരള സദസ്സിന് ഇടുക്കി ജില്ല നല്‍കുന്ന സ്വീകരണത്തിന്റെ വൈപുല്യവും ആവേശവും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു തൊടുപുഴയിലെ ജനസഞ്ചയം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട വേളയില്‍ എല്‍ഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 380 -ആമത്തെ ഉറപ്പ് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് നവകേരള സദസ്സ് ഇടുക്കിയുടെ മണ്ണിലേക്ക് കടക്കുന്നത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, ഇക്കഴിഞ്ഞ സെപ്തംബര്‍ 14 നാണ് 1960 ലെ ഭൂപതിവ് നിയമം കേരള നിയമസഭ ഭേദഗതി ചെയ്തത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ക്ക് മാറ്റം വരാന്‍ പോകുകയാണ്.

സ്വന്തം ഭൂമിയില്‍ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അത്യധികം സങ്കീര്‍ണ്ണമായ ഭൂമി പ്രശ്‌നത്തെ ഏറ്റവും അനുഭാവപൂര്‍വ്വം അഭിസംബോധന ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ 'കേരളാ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്‍' നിയമമാവുന്നതോടെ പതിച്ചു നല്‍കിയ ഭൂമിയില്‍ കൃഷിക്കും വീടിനും പുറമെ സര്‍ക്കാര്‍ അനുമതികളോടെ കാര്‍ഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കപ്പെടും. ഈ ബില്‍ ഇനിയും ഗവര്‍ണ്ണര്‍ അംഗീകരിച്ചു നല്‍കിയിട്ടില്ല.

2016 ലെ സര്‍ക്കാര്‍ വരുമ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ നിലയിലായിരുന്നു ഇടുക്കി മെഡിക്കല്‍ കോളേജ്. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന് കണ്ട് മറ്റു മെഡിക്കല്‍ കോളേജുകളിലേക്ക് ഇവരുടെ പഠനം മാറ്റി അംഗീകാരം നേടുകയായിരുന്നു.

മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയ മതിയായ കിടക്കകളുള്ള ആശുപത്രി, കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ അക്കാദമിക്ക് ബ്ലോക്ക് ഇവയെല്ലാം തുടര്‍ന്ന് സജ്ജമാക്കി ഒപി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
പുതിയ ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇടപെടലുകള്‍ നടത്തുകയും കഴിഞ്ഞ അക്കാദമിക് വര്‍ഷം മുതല്‍ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അംഗീകാരം ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം പുതുതായി 60 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന നേഴ്‌സസിംഗ് കോളേജിന്റെ ബാച്ചും ആരംഭിച്ചു.

2016-21 കാലയളവില്‍ ഇടുക്കി ജില്ലയില്‍ 37,815 പേര്‍ക്കാണ് പട്ടയം അനുവദിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ ഇടുക്കിയില്‍ 6459 പട്ടയങ്ങള്‍ വിതരണം ചെയ്തു. വനാവകാശ നിയമപ്രകാരം 368.94 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കി.

ആനവിലാസം വില്ലേജ് - മൂന്നാര്‍ മേഖലയില്‍ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്നതും കാര്‍ഷികവൃത്തി മുഖ്യസ്രോതസ്സായി നില്‍ക്കുന്ന മേഖലയായ ആനവിലാസം വില്ലേജില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ വില്ലേജില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കി.

മൂന്നാറിന്റെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരിസ്ഥിതി സന്തുലിത വികസന പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യത്തിലുള്ള നിര്‍ണ്ണായക ചുവടുവയ്പാണ് മൂന്നാര്‍ ഹില്‍ ഏര്യ അതോറിറ്റിയുടെ രൂപീകരണം.

മൂന്നാര്‍ മേഖലയിലെ പഞ്ചായത്തുകളുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള പ്രവര്‍ത്തനത്തിലുപരി ദീര്‍ഘവീക്ഷണ കാഴ്ചപ്പാടോടെ മൂന്നാറിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം പ്രാദേശിക സര്‍ക്കാരുകളുടെ കൂട്ടായ ചര്‍ച്ചകളിലൂടെ ആസൂത്രണം ചെയ്യുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.

മൂന്നാറിന്റെ വികസനം മുന്നില്‍കണ്ട് നടപ്പാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും വേണം.

ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ജോയിന്റ് ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക വ്യവസ്ഥയും ടൂറിസം സാധ്യതയും നിലനിര്‍ത്തുന്നതിന് ഉപയുക്തമായ തരത്തിലായിരിക്കും അതോറിറ്റിയുടെ പ്രവര്‍ത്തനം. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്താനുമുള്ള ആവശ്യകത നിറവേറ്റാനും അതോറിറ്റിയുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമാകും.

പരിസ്ഥിതി സംതുലിത വികസനമാതൃകകള്‍ക്കനുസൃതമായുള്ള നിര്‍മ്മാണങ്ങളിലൂടെ ടൂറിസം സാധ്യത വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദേശീയതലത്തില്‍ മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡ് അവാര്‍ഡ് നേടിയത് കാന്തല്ലൂര്‍ വില്ലേജാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ ഗ്രീന്‍ സ്ട്രീറ്റ് പദ്ധതിക്കാണ് അവാര്‍ഡ്. ഈ പദ്ധതി ടൂറിസം, പഞ്ചായത്ത് വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിയതാണ്.
വിനോദ സഞ്ചാരവകുപ്പിന്റെ സഹകരണത്തോടെ വാഗമണ്ണില്‍ കേരളത്തിലെ ആദ്യത്തെതും ഇന്ത്യയിലെ എറ്റവും നീളം കൂടിയതുമായ കാന്റിലിവര്‍ ഗ്ലാസ്സ് ബ്രിഡ്ജ് വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു.

ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷന്‍ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിച്ച സംസ്ഥാനമായി കേരളം മാറി. വ്യവസായ വകുപ്പിന് കീഴിലാണ് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്. പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ ഉദ്ഘാടനം ജനുവരി മാസത്തില്‍ നടക്കും.

വ്യവസായ മേഖല അടിസ്ഥാനമാക്കി സംസ്ഥാനത്തു പുതിയ തോട്ടംനയം രൂപികരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പ്ലാന്റേഷന്‍ മേഖലയെ സംബന്ധിച്ച സമഗ്രമായ പഠനം നടത്തുന്നതിന് ഐ ഐ എം കോഴിക്കോടിനെ ചുമതലപ്പെടുത്തി.

സുഗന്ധവ്യഞ്ജന സംസ്‌കരണ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനായി ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സ്‌പൈസെസ് പാര്‍ക്ക് ആരംഭിച്ചു. ഇടുക്കി വ്യവസായത്തില്‍ പിന്നില്‍ ആണെന്ന പ്രചാരണം തെറ്റാണ് എന്ന് തെളിയിക്കുന്ന രീതിയില്‍ ഉദ്ഘാടനത്തിനു മുന്‍പ് തന്നെ ഭൂരിഭാഗം ഭൂമിയും അലോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി.

സ്പൈസസ് പാര്‍ക്കിന്റെ രണ്ടാം ഘട്ടമായി ബാക്കിയുള്ള ഭൂമിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വികസിപ്പിച്ചെടുത്ത 10 ഏക്കറോളം ഭൂമി കിന്‍ഫ്രയ്ക്ക് വ്യവസായ യൂണിറ്റുകള്‍ക്ക് അലോട്ട് ചെയ്യാന്‍ കഴിയുന്നതാണ്. 7 ഏക്കര്‍ ഭൂമി സ്‌പൈസസ് ബോര്‍ഡുമായി സംയുക്തമായി സുഗന്ധവ്യഞ്ജന കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുവാനുമാണ് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ ഇടുക്കി ജില്ലയുടെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ് ജനങ്ങളുടെ വന്‍ പങ്കാളിത്തത്തില്‍ കാണുന്നത്.

ഇന്നലെ തൊടുപുഴയില്‍ മാത്രം 9434 നിവേദനങ്ങളാണ് ലഭിച്ചത്. നിവേദനം സ്വീകരിക്കാനുള്ള സൗകര്യം പോരാതെ വന്നു. ഇത്രയേറെ നിവേദനം അവിടെ എത്തി ജനങ്ങള്‍ നല്‍കിയെങ്കില്‍, തൊടുപുഴയില്‍ നവകേരള സദസ്സിന് തടിച്ചു കൂടിയ ജനാവലിയുടെ വലുപ്പം ഊഹിക്കാവിന്നതേയുള്ളൂ. ആ ജനങ്ങളുടെ വിശ്വാസമാണ് സര്‍ക്കാരിന്റെ കരുത്ത്.

സി പി ഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്റെ ആകസ്മിക വിയോഗം നമ്മളെയെല്ലാം നൊമ്പരപ്പെടുത്തുന്നതാണ്. വെള്ളിയാഴ്ച കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് മന്ത്രിസഭാംഗങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ശനിയാഴ്ചത്തെ പര്യടനം മാറ്റിവെക്കുകയും ഞായറാഴ്ചത്തേത് ക്രമപ്പെടുത്തുകയും ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടതുപക്ഷ ഐക്യത്തിന്റെയും നേതൃനിരയില്‍ ശക്തമായ സാന്നിധ്യമായിരുന്നു കാനം രാജേന്ദ്രന്‍. അദ്ദേഹത്തിന് ഈ നാട് നല്‍കുന്ന സ്‌നേഹവും ആദരവുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കൊച്ചിയിലും തിരുവനന്തപുരത്തും തുടര്‍ന്ന് വിലാപയാത്ര കടന്നുപോയ വഴികളിലും സംസ്‌കാരച്ചടങ്ങിലും കണ്ടത്. സഖാവ് കാനത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി അഭിവാദ്യം അര്‍പ്പിക്കട്ടെ.
Keywords: News, Kerala, Kerala-News, Idukki-News, Malayalam-News, Chief Minister, Pinarayi Vijayan, CM Pinarayi, Idukki News, Thodupuzha News, Spices Park, Crowd, Election Promise, Nava Kerala Sadas, Land Rules, Spices Park's second phase of development started: Chief Minister Pinarayi Vijayan.

Post a Comment