SWISS-TOWER 24/07/2023

Arrested | ശെബിനയുടെ മരണം: ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയിലെ ശെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍. ശെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതൃസഹോദരനായ ഹനീഫയെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാപ്രേരണ, അടിച്ച് പരുക്കേല്‍പ്പിക്കല്‍, സ്ത്രീധന നിരോധനനിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹനീഫ ശെബിനയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രിയോടെ ഹനീഫയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകളുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.


Aster mims 04/11/2022
Arrested | ശെബിനയുടെ മരണം: ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍

കുന്നുമ്മക്കര തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ശെബിന(30)യെ തിങ്കളാഴ്ച രാത്രിയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

മരിക്കുന്നതിന് കുറച്ചുമുമ്പ് ഭര്‍ത്താവിന്റെ ബന്ധു ശെബിനയെ മര്‍ദിച്ചിരുന്നുവെന്നും അതിനുശേഷം മുറിക്കുള്ളില്‍പ്പോയ ശെബിന പുറത്തുവരാതിരുന്നിട്ടും വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. 

ശെബിനയുടെ ഭര്‍ത്താവ് ഹബീബ് വിദേശത്താണ്. ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് ശെബിന വീടുമാറാന്‍ തീരുമാനിക്കുകയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ പേരിലാണ് തിങ്കളാഴ്ച തര്‍ക്കം നടന്നതെന്നും ഇവര്‍ പറയുന്നു.

ഭര്‍ത്താവിന്റെ മാതാവും പിതാവും സഹോദരിയും മാതാവിന്റെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ മാതാവിന്റെ സഹോദരനായ ഹനീഫ കൈയോങ്ങിക്കൊണ്ട് ശെബിനയ്ക്ക് നേരേ പോകുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. ഇതിനുപിന്നാലെയാണ് ശെബിന മുറിയില്‍ക്കയറി വാതിലടച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

അകത്തുനിന്നും ശബ്ദംകേട്ടപ്പോള്‍ പത്തുവയസ്സുകാരി മകള്‍ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ആരും വാതില്‍തുറക്കാന്‍ ശ്രമിച്ചില്ലെന്നുള്ള ആരോപണവും ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. വീട്ടില്‍ എന്തോ പ്രശ്നമുണ്ടെന്ന് ശെബിനയുടെ ഭര്‍ത്താവാണ് വിദേശത്തുനിന്ന് വിളിച്ച് യുവതിയുടെ കുടുംബത്തെ അറിയിച്ചത്. 

തുടര്‍ന്ന് ബന്ധുക്കള്‍ അരൂരില്‍നിന്ന് കുന്നുമ്മക്കരയില്‍ എത്തിയശേഷം വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. അപ്പോഴേക്കും ശെബിന മരിച്ചിരുന്നു. കൊലപാതകത്തിനു തുല്യമായ അനാസ്ഥയാണ് വീട്ടുകാര്‍ കാണിച്ചതെന്നാണ് ശെബിനയുടെ ബന്ധുക്കളുടെ ആരോപണം.

Keywords: Shebina's death: Husband's uncle arrested, Kozhikode, News, Shebina's Death, Arrested, Allegation, Complaint, CCTV, Phone Call, Family, Police, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia