Satanism | സാത്താൻ വചനങ്ങൾ സജീവമാക്കി ഒരുപറ്റം യുവാക്കൾ ചെകുത്താൻ സേവയ്ക്ക് പിന്നാലെ; സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചാരണം ശക്തം; ആരാധനയുടെ പേരിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

 


/ അജോ കുറ്റിക്കൻ


കോട്ടയം: (KVARTHA)
സാത്താൻ വചനങ്ങൾ സജീവമാക്കി ഒരുപറ്റം യുവജനത സാത്താൻ സേവയ്ക്ക് പിന്നാലെ. സോഷ്യൽ മീഡിയ വഴി പ്രചാരണം ശക്തമായതോടെ കൂടുതൽ യുവജനങ്ങൾ ഇതിൽ തൽപരരായി രംഗത്ത് എത്തി. ലഹരിമരുന്നുകൾക്ക് അടിമകളായിട്ടുള്ളവരും പ്രകൃതിവിരുദ്ധ കാര്യങ്ങളിൽ ആകൃഷ്ടരായവരുമാണ് സാത്താൻ ഗ്രൂപുകളിലേക്ക് ചെന്നെത്തുന്നത്.
 
Satanism | സാത്താൻ വചനങ്ങൾ സജീവമാക്കി ഒരുപറ്റം യുവാക്കൾ ചെകുത്താൻ സേവയ്ക്ക് പിന്നാലെ; സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചാരണം ശക്തം; ആരാധനയുടെ പേരിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ



സാത്താനെ ആരാധിക്കുന്നവരുടെ പ്രത്യേക കൂട്ടായ്മയാണ് ഫേസ്ബുക് ഉൾപെടെയുള്ള സാമുഹ്യ മാധ്യമങ്ങളിൽ ദീർഘകാലത്തെ ഇടവേളകൾക്കു ശേഷം വീണ്ടും സജീവമാകുന്നത്.സാത്താനിക്, സാത്താൻ, ദ് സാത്താനിക് ബൈബിൾ തുടങ്ങിയ പേജുകളും കമ്യൂണിറ്റികളുമാണ് സാത്താൻ ആരാധകർ നിർമിച്ചിരിക്കുന്നത്. ഫേസ്ബുകിലും ട്വിറ്ററിലും വാട്‌സാപിലും ഇവരുടെ സാന്നിധ്യമുണ്ട്.

പ്രത്യക്ഷത്തിൽ തങ്ങളുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനപ്പുറം മറ്റു ഗൂഢോദ്ദേശ്യങ്ങളൊന്നും ഇവർക്കുള്ളതായി അറിവില്ല. സാത്താൻ മഹത്വം ഉദ്‌ഘോഷിക്കുന്ന സാത്താനിക് ഫേസ്ബുക് പേജുകളിൽ സന്ദർശകരുടെ തിരക്കേറിയിട്ടുണ്ട്. പുതുതായി പേജ് സന്ദർശിക്കുന്നവർക്കു സാത്താൻ ആരാധനയെ കുറിച്ച് അറിവു പകരുന്നതിന് പുറമേ എങ്ങനെയുള്ളവരെയാണ് ആരാധനയിൽ പങ്കാളികളാക്കുകയെന്ന് വിവരങ്ങളടങ്ങിയ പ്രൊഫൈലും തയാറാണ്.

ധനമോഹികൾ, പ്രശസ്തി കൊതിക്കുന്നവർ, പ്രതിഹാരദാഹികൾ തുടങ്ങിയവരെ സാത്താനിക് ആരാധനയിൽ പങ്കെടുപ്പിക്കില്ല. സാത്താനാണ് യഥാർഥ ശക്തിയെന്ന് വിശ്വസിക്കുന്നവർക്കു മാത്രമേ ഇത്തരം സൈറ്റുകളിൽ പ്രവേശനമുള്ളു. 13 മുതൽ ഒൻപത് വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേക ഗ്രൂപുകളുണ്ട്. വിദേശ രാജ്യങ്ങളിൽ സജീവമായ സാത്താനിക് ആരാധകർക്ക് കേരളത്തിലും കേന്ദ്രങ്ങളുണ്ട്. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ സാത്താൻ ആരാധകരുടെ നിഗൂഢ കേന്ദ്രങ്ങളുണ്ടെന്ന് വിവരമുണ്ട്.

2010 ൽ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇത്തരം അൻപതോളം കേന്ദ്രങ്ങൾ കേരളത്തിലുള്ളതായി കണ്ടെത്തിയിരുന്നു. ആരാധനാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളുണ്ട്. കൂട്ടായ്മയിലെ അംഗങ്ങളുടെ കൂടെയല്ലാതെ പുതുമുഖങ്ങളെ സ്വീകരിക്കില്ല. സംഘങ്ങളിൽ രണ്ടു തരം അംഗങ്ങളാണുള്ളത്. സാധാരണ അംഗങ്ങളും സജീവ അംഗങ്ങളും. പ്രവർത്തന മികവും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം സംഘം ക്ഷണിച്ചാലേ സജീവ അംഗം ആകാൻ കഴിയൂ. സജീവ അംഗങ്ങൾക്ക് അഞ്ചുപടികളുണ്ട്.

അതിൽ മൂന്നു മുതലുള്ള പടികളിലുള്ളവരാണ് പൂജകൾ അർപ്പിക്കുക. തങ്ങളുടെ പൊതുജീവിതത്തെ ബാധിക്കും എന്നു തോന്നിയാൽ സംഘത്തിലെ അംഗത്വം രഹസ്യമായി വയ്ക്കാനുള്ള അവകാശം അംഗങ്ങൾക്കുണ്ട്. എല്ലാ മാസവും പതിമൂന്നാം തീയതിയാണ് സാത്താൻ ആരാധന നടക്കുന്നത്. സാത്താനെ വാഴ്‌ത്തുന്ന ഗാനങ്ങളോടെയുള്ള ആരാധന മണിക്കൂറുകളോളം നീളും. മദ്യമടക്കമുള്ള ലഹരി വസ്തുക്കൾ ആരാധനയുടെ ഭാഗമാണ്. ആരാധന അവസാനിക്കുക നഗ്‌ന നൃത്തത്തിലും ശാരീരിക ബന്ധത്തിലുമാണ്.

ഏതാനും മാസം മുമ്പ് എറണാകുളം സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ നടന്ന കുർബാനയ്ക്കിടയിൽ തിരുവോസ്തി കടത്താൻ ശ്രമിച്ച നാലു യുവാക്കളെ പിടികൂടിയതോടെയാണ് സാത്താൻ ആരാധനയുടെ പുതിയ മുഖം വെളിവായത്. തിരുവോസ്തി കൈയിൽ സ്വീകരിച്ച യുവാക്കൾ അത് പോകറ്റിൽ നിക്ഷേപിക്കുന്നത് കണ്ട് വിശ്വാസികൾ യുവാക്കളെ തടഞ്ഞു നിർത്തുകയായിരുന്നു. മലപ്പുറം, താനൂർ സ്വദേശികളായ നാലുപേരെയാണ് വിശ്വാസികൾ പിടികൂടിയത്. സംഭവം അറിഞ്ഞെത്തിയ എറണാകുളം സെൻട്രൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

Keywords:  News, Kerala, Kerala-News, News-Malayalam-News, Satanism, Kottayam, Social Media, Crime, Satanists active on social media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia