Rahul Gandhi | ബിജെപി വിരുദ്ധ രാഷ്ട്രീയം പറയാന്‍ പോകേണ്ടത് ഉത്തരേന്‍ഡ്യയില്‍; രാഹുല്‍ ഇനിയും വയനാട്ടിലേക്ക് വരരുത്

 


/അജിത് കുമാര്‍

കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസിലെ യഥാര്‍ത്ഥ ഇടതുപക്ഷക്കാരന്‍ രാഹുല്‍ ഗാന്ധി യാണെന്ന് അദ്ദേഹം തന്റെ നിലപാടുകളിലൂടെ പല തവണ തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോടൊപ്പം കോര്‍പറേറ്റുകള്‍ക്കെതിരെ നിശിതമായി സംസാരിക്കുന്ന നേതാവ് കൂടിയാണ് രാഹുല്‍.

ഇടതു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും കോര്‍പറേറ്റുകള്‍ക്ക് പരവതാനി വിരിക്കുന്ന കാലത്താണ് രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപില്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികളും സാധാരണക്കാരും കര്‍ഷകരുമെല്ലാം പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍ ഗാന്ധിയെന്ന ഇടത് കോണ്‍ഗ്രസ് നേതാവിലേക്കാണ്.

എന്നാല്‍ മോദി - അമിത് ഷാ സഖ്യത്തെയും രാജ്യത്തിന്റെ മുക്കിലും മൂലയിലും വേരുകളുള്ള ബി ജെ പിയെന്ന ഏറ്റവും വലിയ പാര്‍ട്ടിയെയും നേരിടാന്‍ രാഷ്ട്രീയത്തിലെ സ്വപ്നാടകനായ രാഹുല്‍ ഗാന്ധിക്ക് കഴിയുമോയെന്ന ചോദ്യവും മറുവശത്തു നിന്നുയരുണ്ട്. ബി.ജെ.പി ഭരണത്തെ അധികാരത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ നാലു വഴിക്കാണുള്ളത്. മുന്‍ ധാരണ മറികടന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ പോരടിക്കുന്നതും ഐക്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ട്.

യു.പി. എ മുന്നണിക്ക് നേതൃത്വം നല്‍കിയ സോണിയാ ഗാന്ധി യാണ് ഇന്ത്യാ മുന്നണിയെ നയിക്കുന്നതെങ്കിലും പരിചയ സമ്പന്നയായ അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തടസമായി മാറിയിരിക്കുകയാണ്. എന്നാല്‍ സോണിയയുടെ റോള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിക്കോ പ്രിയങ്കയ്‌ക്കോ ഖാര്‍ഗയ്‌ക്കോ കഴിയുന്നുമില്ല.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഉത്തരേന്ത്യയില്‍ അല്‍പമെങ്കിലും പ്രതിരോധം തീര്‍ക്കാന്‍ രാഹുലിനോ പ്രിയങ്കയ്‌ക്കോ മാത്രമേ കഴിയൂ. കരുത്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ മികച്ച പോരാട്ടം നടത്തണമെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ തുണയും അനിവാര്യമാണ്. ഇതിന് ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളുടെ പിന്‍തുണ കലവറയില്ലാതെ നിര്‍ലോഭം ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പടിയ്ക്കല്‍ കൊണ്ടു കലമുടയ്ക്കുന്നതു പോലെ കോണ്‍ഗ്രസിനെ പിന്‍തുണക്കുന്ന സി.പി.ഐയ്‌ക്കെതിരെ വയനാട്ടില്‍ തന്നെ രാഹുല്‍ വീണ്ടും മത്സരിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ പറയുന്നത്.

അമേത്തിയില്‍ നിന്നും സ്മൃതി ഇറാനിയോടു തോറ്റു തുന്നം പാടിയ രാഹുല്‍ വീണ്ടും പാര്‍ലമെന്റിലേക്ക് എത്തിയത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നായ വയനാട്ടില്‍ നിന്നാണ്. മൂന്നു ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയായിരുന്നു പടുകൂറ്റന്‍ വിജയം നേടിയത്. അമേതിയെ പോലെ രാഹുല്‍ ഗാന്ധിയെ വിജയിപിച്ചതു കൊണ്ടു കഴിഞ്ഞ അഞ്ചു വര്‍ഷം വയനാടുകാര്‍ക്ക് എന്തു ലഭിച്ചുവെന്ന ചോദ്യം ബാക്കി നില്‍ക്കുമ്പോള്‍ തന്നെ സി.പി.ഐയെ നിലം പരിശാക്കിയാണോ കേരളത്തില്‍ വന്നു തിണ്ണമിടുക്ക് കാണിക്കേണ്ടതെന്ന സംശയം സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്.

സത്യന്‍ മൊകേരിയയെ പോലെ സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന ഒരു തൊഴിലാളി പാര്‍ട്ടി നേതാവിനെ വയനാട്ടിലെ സിറ്റിങ് സീറ്റില്‍ വന്നു തറപറ്റിക്കുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നടത്തുന്ന ദേശീയ പോരാട്ടത്തിന്റെ പ്രതീകമല്ല. മറിച്ചു കെ.സി വേണുഗോപാലും എ.കെ.ആന്റണിയും ഉള്‍പ്പെടുന്ന സങ്കുചിതരായ കോണ്‍ഗ്രസ് നേതാക്കളുടെ ഇടുങ്ങിയ ചിന്താഗതിയുടെ പ്രതിഫലനമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ നേരിടുന്നുവെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് തങ്ങളുടെ കൂടെ നില്‍ക്കുന്ന ഇടതുപക്ഷത്തെയല്ല ഉത്തരേന്ത്യയില്‍ പോയി ബി.ജെ.പിയാണ് നേരിടേണ്ടതെന്ന സി.പി.എം വാദം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഞ്ചു ഡയലോഗുകള്‍ കൊണ്ടു നേരിട്ടാല്‍ പോരാ രാഹുല്‍ ധീരനാണെങ്കില്‍ അമേതിയില്‍ പോയി മത്സരിച്ചു മണ്ഡലം കോണ്‍ഗ്രസിനായി തിരിച്ചു പിടിക്കണമെന്നാണ് സി.പി.എം ആവശ്യപെടുന്നത്. ഇതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വീണ്ടും മത്സരിച്ചാല്‍ ആര്‍ക്കും ഒരും ഗുണവും ലഭിക്കില്ല. രാഹുലിന് പകരം ഏതു സ്ഥാനാര്‍ത്ഥി യു.ഡി.എഫിനായി മത്സരിച്ചാലും അവിടെ പുഷ്പം പോലെ ജയിക്കും. രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന ബി.ജെ.പി നേതാക്കളുടെ പരിഹാസവും ഒഴിവാക്കാം.

ഉത്തരേന്ത്യയിലാണ് രാഹുല്‍ ബി.ജെ.പിക്കെതിരെ പട നയിക്കേണ്ടത്. അല്ലാതെ ബി.ജെ.പി മരുന്നിനു പോലുമില്ലാത്ത കേരളത്തില്‍ വന്നല്ല. ദേശീയ രാഷ്ട്രീയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തുറന്നു കാണിക്കാന്‍ ഹിന്ദി ഹൃദയഭൂമിയായ യു.പി യില്‍ തന്നെ രാഹുല്‍ ഗാന്ധി മത്സരിക്കണം. അല്ലാതെ ചില കുനുഷ്ട് ബുദ്ധിക്കാരായ കേരളത്തിലെ നേതാക്കളുടെ സങ്കുചിത രാഷ്ട്രീയത്തിന് ഇരയായി വയനാട്ടിലേക്ക് തന്നെ ഇനിയും വരരുത്.

ഒരു വി.വി.ഐ.പി സ്ഥാനാര്‍ത്ഥിയെ രണ്ടു തവണ പേറാനുളള ശേഷി മലയോര കര്‍ഷക ജില്ലയായ വയനാടിനില്ല. സ്വപ്നാടകനായ രാഹുലിന് വേണമെങ്കില്‍ സഞ്ചാരിയായി വയനാട്ടിലെത്താം രാഷ്ട്രീയക്കാരനായി ഇനിയുമെത്തിയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യാ മുന്നണിക്ക് തന്നെ പ്രസക്തി നഷ്ടമാകും പടിക്കല്‍ കൊണ്ടുപോയി കലമുടയ്ക്കണോയെന്നു തീരുമാനികേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. അല്ലെങ്കില്‍ വിനാശ കാലേ വിപരീത ബുദ്ധിയെന്നു പറയേണ്ടിവരും.

Rahul Gandhi | ബിജെപി വിരുദ്ധ രാഷ്ട്രീയം പറയാന്‍ പോകേണ്ടത് ഉത്തരേന്‍ഡ്യയില്‍; രാഹുല്‍ ഇനിയും വയനാട്ടിലേക്ക് വരരുത്



Keywords: News, Kerala, Kerala-News, Kannur-News, Politics-News, Rahul Gandhi, Wayanad, Polictics, Party, Political party, Capacity, Nominate, VVIP, Candidate, Twice, Kannur News, Rahul Gandhi should not come Wayanad again; where does not have the capacity to nominate VVIP candidate twice.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia