Oman Sultan | ഒമാൻ ഭരണാധികാരി ആദ്യമായി ഇന്ത്യ സന്ദർശനത്തിൽ; പ്രധാന ലക്ഷ്യം ഈ കരാർ! ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രമറിയാം

 


ന്യൂഡെൽഹി: (KVARTHA) ഒമാൻ ഭരണാധികാരി സുൽത്വാൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് ആദ്യമായി ഇന്ത്യ സന്ദർശനത്തിന് എത്തിയിരിക്കുകയാണ്. ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നൽകുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘമാണ് അദ്ദേഹത്തോടൊപ്പമുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായി ഈ സന്ദർശനം മാറുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Oman Sultan | ഒമാൻ ഭരണാധികാരി ആദ്യമായി ഇന്ത്യ സന്ദർശനത്തിൽ; പ്രധാന ലക്ഷ്യം ഈ കരാർ! ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രമറിയാം

നവംബറിലെ സുപ്രധാന യോഗത്തിന് ശേഷം ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയാക്കാൻ ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിച്ചിരുന്നു. നവംബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിലും ഡിസംബർ ഒമ്പത് മുതൽ 11 വരെ മസ്‌കറ്റിലും സ്വതന്ത്ര വ്യാപാര കരാറുകളുടെ നിബന്ധനകൾക്ക് അന്തിമരൂപം നൽകിയിരുന്നു. നിലവിൽ ജിസിസിയിലെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.


2022-23 ൽ ഇന്ത്യയും ഒമാനും തമ്മിൽ 12.39 ബില്യൺ ഡോളറിന്റെ വ്യാപാരം നടന്നു. 2020-21ൽ ഇത് 5.4 ബില്യൺ ഡോളറിലധികം വരും. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരം വർധിപ്പിക്കാൻ വലിയ സാധ്യതകളുണ്ട്.
പ്രത്യേകിച്ച് ഊർജം, അടിസ്ഥാന സൗകര്യം, സാങ്കേതിക മേഖലകളിൽ വളരെ മികച്ച ബിസിനസ് സഹകരണമാണ് ഇന്ത്യയും ഒമാനും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ ആറായിരത്തിലധികം സംയുക്ത സംരംഭങ്ങൾ നടത്തുന്നുണ്ട്. ഈ നിക്ഷേപത്തിന്റെ മൂല്യം ഏഴര ബില്യൺ ഡോളറിലധികം വരും.


സിംഗപ്പൂർ സന്ദർശനത്തിന് ശേഷമാണ് ഒമാൻ ഭരണാധികാരി ഇന്ത്യയിലെത്തിയത്. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ ഔപചാരികമായി സ്വീകരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും സംബന്ധിച്ചു. നേരത്തെ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ സുൽത്വാനെ കാണുകയും ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട പല സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിലെത്തിയ സുൽത്വാനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് സ്വീകരിച്ചത്.

1955 മുതലുള്ള നയതന്ത്ര ബന്ധം

1955 ലാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ ബന്ധങ്ങൾ 2008 ൽ തന്ത്രപരമായ ബന്ധങ്ങളായി രൂപാന്തരപ്പെട്ടു. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഒമാനി ഭരണാധികാരിയുടെ ഇന്ത്യാ സന്ദർശനം. 1997ൽ ഒമാൻ ഭരണാധികാരി ഖാബൂസ് ബിൻ സഈദ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഒമാനിൽ ധാരാളം ഇന്ത്യൻ പ്രവാസികളുണ്ട്. ഏഴ് ലക്ഷം ഇന്ത്യൻ കുടിയേറ്റക്കാരാണ് ഇവിടെ താമസിക്കുന്നത്. ഒമാന്റെ സാമ്പത്തിക വികസനത്തിലും സാംസ്കാരിക വൈവിധ്യത്തിലും ഇന്ത്യൻ പ്രവാസികളുടെ വലിയ സംഭാവനയുണ്ട്.

Keywords: News, News Malayalam, Oman Sultan , New delhi, India, Haitham Bin Tariq,November, December , Oman's Sultan Haitham Bin Tariq arrives in India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia