Stadium | ബിൽ അടച്ചില്ല, അധികൃതർ ഫ്യൂസൂരി; ഇന്ത്യ-ഓസ്‌ട്രേലിയ ടി20 തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്റ്റേഡിയത്തിൽ വൈദ്യുതിയില്ല! മത്സരത്തിന് ജനറേറ്റർ സഹായം വേണ്ടിവരുമോ?

 


റായ്പൂർ: (KVARTHA) ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 ക്രിക്കറ്റ്മത്സരം റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്. എന്നാൽ നിർണായക ഏറ്റുമുട്ടലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതിയില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 2009 മുതൽ സ്റ്റേഡിയം മാനേജ്‌മെന്റ് വൈദ്യുതി ബിൽ അടക്കാത്തതാണ് കാരണമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Stadium | ബിൽ അടച്ചില്ല, അധികൃതർ ഫ്യൂസൂരി; ഇന്ത്യ-ഓസ്‌ട്രേലിയ ടി20 തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്റ്റേഡിയത്തിൽ വൈദ്യുതിയില്ല! മത്സരത്തിന് ജനറേറ്റർ സഹായം വേണ്ടിവരുമോ?

സ്റ്റേഡിയത്തിന് 3.16 കോടി രൂപ ബിൽ കുടിശ്ശികയുണ്ട്, ഇതുമൂലം അഞ്ച് വർഷം മുമ്പ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം താൽക്കാലിക കണക്ഷൻ നൽകിയിട്ടുണ്ട്. പക്ഷേ ഇത് എല്ലായിടത്തും ലഭ്യമാകില്ല. കാണികളുടെ ഗാലറിയിലും ബോക്സുകളിലും മാത്രമേ വൈദ്യുതിയുണ്ടാകൂ. ചുരുക്കത്തിൽ ഫ്‌ളഡ്‌ലൈറ്റുകൾ തെളിക്കാനും മറ്റും ജനറേറ്ററിന്റെ സഹായം ഉപയോഗിക്കേണ്ടിവരും.

സ്റ്റേഡിയത്തിന്റെ താൽക്കാലിക കണക്ഷന്റെ ശേഷി വർധിപ്പിക്കാൻ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അപേക്ഷിച്ചിട്ടുണ്ടെന്ന് റായ്പൂർ റൂറൽ സർക്കിൾ ഇൻചാർജ് അശോക് ഖണ്ഡേൽവാൾ പറഞ്ഞു. നിലവിൽ 200 കെ വി യാണ് താത്കാലിക കണക്ഷന്റെ ശേഷി. 1000 കെ വി യായി ഉയർത്തുന്നതിനുള്ള അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.

2018ൽ ഹാഫ് മാരത്തണിൽ പങ്കെടുത്ത കായികതാരങ്ങൾ സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട കാര്യം പുറത്തറിഞ്ഞത്. 2009 മുതൽ സ്‌റ്റേഡിയത്തിന്റെ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായി. സ്റ്റേഡിയത്തിന്റെ നിർമാണത്തിനു ശേഷം അതിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല പൊതുമരാമത്ത് വകുപ്പിന് (പിഡബ്ല്യുഡി) നൽകുകയും ബാക്കി ചെലവ് കായികവകുപ്പ് വഹിക്കുകയും ചെയ്തു. സ്‌റ്റേഡിയത്തിൽ വൈദ്യുതി മുടങ്ങിയതോടെ ബില്ലടച്ചില്ലെന്നാരോപിച്ച് ഇരുവരും പരസ്പരം പഴിചാരുകയാണ്.

കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി കമ്പനി പലതവണ പിഡബ്ല്യുഡിക്കും കായികവകുപ്പിനും നോട്ടീസ് അയച്ചെങ്കിലും ഇതുവരെ പണം നൽകിയിട്ടില്ല. 2018ൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്. വലിയ മത്സരങ്ങൾക്ക് ബദൽ ക്രമീകരണമായി ജനറേറ്ററുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

Keywords: News, National, Raipur, Stadium, India Vs Australia, T20, Cricket, Electricity, Cricket,   No Electricity At Stadium Hosting India Vs Australia T20 Today. Bill Not Paid.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia