KM Shaji | കണ്ണൂര്‍ ലോക്‌സഭാ സീറ്റിനായി അവകാശവാദവുമായി മുസ്ലിം ലീഗ്; കെ എം ശാജിയെ കളത്തിലിറക്കാന്‍ നീക്കം

 


/ഭാമ നാവത്ത്
കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ കോണ്‍ഗ്രസിന് തലവേദനയായി പുതിയ അവകാശവാദങ്ങളുമായി മുസ്ലീം ലീഗ് രംഗത്ത്. കണ്ണൂര്‍ കോര്‍പറേഷന്‍ പദവി രണ്ടാം ടേമില്‍ കടുംപിടിത്തത്തോടെ കൈക്കലാക്കിയ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ പിന്‍തുണയോടെ സംസ്ഥാനത്തെ മൂന്നാമത്തെ പാര്‍ലമെന്റ് സീറ്റായി കണ്ണൂര്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടാം ടേമില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് മുസ്ലിം ലീഗ് അവകാശ വാദവുമായി മുസ്ലിം ലീഗ് രംഗത്തിറക്കിയത്. ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ അഭിപ്രായപ്രകടനം പിടിവള്ളിയാക്കിയാണ് മുസ്ലീം ലീഗ് നേതൃത്വം പുതിയ അവകാശ വാദവുമായി രംഗത്തുവന്നത്.

എന്നാല്‍ സുധാകരന്റെ അഭാവത്തില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണമെന്ന് തീരുമാനമാകാതെ നട്ടം തിരിയുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ് പുതിയ അവകാശ വാദങ്ങള്‍. ഇടഞ്ഞാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കാലുവാരുമോയെന്ന ആശങ്കയുമുണ്ട്.

അവിടെ കൊണ്ടും തീരുന്നില്ല മുസ്ലിം ലീഗിന്റെ അവകാശവാദങ്ങള്‍. അഴിക്കോട് നിയമസഭാ മണ്ഡലം കോണ്‍ഗ്രസെടുത്ത് പകരം കണ്ണൂര്‍ മണ്ഡലം നല്‍കണമെന്നാണ് മറ്റൊരു അവകാശവാദം. തങ്ങള്‍ക്ക് ഏറെ വോട്ടും ശക്തിയുമുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ മുന്നണി മര്യാദയുടെ പേരില്‍ ഇനിയും കൈപ്പത്തിക്ക് വോട്ടുചെയ്യാന്‍ അണികള്‍ തയ്യാറല്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്.

സംഘ്പരിവാര്‍ അനുകൂല പ്രസംഗം നടത്തിയെന്നു ആരോപിച്ചു കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനുമായി ഏറെ അകല്‍ച്ചയിലാണ് കണ്ണൂരിലെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. കഴിഞ്ഞ കുറെക്കാലമായി കെ.സുധാകരനെ പാര്‍ട്ടി നടത്തുന്ന പൊതുപരിപാടികളില്‍ ക്ഷണിക്കാറില്ല. വടകര എം.പിയായ കെ.മുരളിധരനാണ് മുസ്ലിം ലീഗിന്റെ കോണ്‍ഗ്രസിലെ പ്രിയ നേതാവ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന മുസ്ലീം ലീഗ് കെ.സുധാകരന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനുള്ള സാദ്ധ്യതയും മുന്‍പില്‍ കാണുന്നുണ്ട്. കെ.സുധാകരന് മുസ്ലിം ലീഗ് അണികളിലും കുഞ്ഞാലിക്കുട്ടി വിരുദ്ധരായ നേതാക്കളിലും നല്ല സ്വീകാര്യതയുമുണ്ട്. കെ എം ഷാജി, ഡോ.എം.കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ സുധാകരനെ പിന്‍തുണക്കുന്ന നേതാക്കളാണ്. മുസ്ലീം ലീഗ് യു.ഡി.എഫ് വിടുന്നതിനുള്ള നീക്കങ്ങള്‍ക്ക് തടയിടുന്നതിനും ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അണിയറ നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ക്കുന്നതും ഈ നേതാക്കളാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പരമാവധി സമ്മര്‍ദ്ദം ചെലുത്തി അധിക സീറ്റുകളും സ്ഥാനമാനങ്ങളും നേടുന്നതിനുള്ള മുസ്ലീം ലീഗ് നേതൃത്വത്തിന്റെ രാഷ്ട്രീയക്കളികള്‍ യു.ഡി.എഫ് മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കോണ്‍ഗ്രസ് വിട്ടു നല്‍കിയാല്‍ സുധാകരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കെ.എം ഷാജിയെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗിന്റെ നേതൃത്വം ആലോചിക്കുന്നത്. ഇതുവഴി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് വോട്ടുകളും സി.പി.എം വിരുദ്ധ വോട്ടുകളും സമാഹരിക്കാന്‍ കഴിയുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.

കാറ്റുള്ളപ്പോള്‍ തൂക്കാന്‍ നന്നായി അറിയാവുന്നവരാണ് മുസ്ലീം ലീഗ് നേതാക്കള്‍. അതുകൊണ്ടു തന്നെ ലോക്‌സഭാ തെരത്തെടുപ്പ് മുന്‍പില്‍ കണ്ടു കൊണ്ട് പാര്‍ട്ടിയുടെ കരുത്തും അംഗബലവും കൂട്ടാനുള്ള രാഷ്ട്രീയ കരു നീക്കങ്ങളാണ് അവര്‍ നടത്തുന്നത്.

KM Shaji | കണ്ണൂര്‍ ലോക്‌സഭാ സീറ്റിനായി അവകാശവാദവുമായി മുസ്ലിം ലീഗ്; കെ എം ശാജിയെ കളത്തിലിറക്കാന്‍ നീക്കം



Keywords: News, Kerala, Kerala-News, Politics, Politics-News, Muslim League, Claim, Kannur News, Lok Sabha Seat, KM Shaji, Politics, Party, Political Party, Muslim League with claim for Kannur Lok Sabha seat: Move to field KM Shaji.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia