Fire Accident | തീപ്പിടിത്തമുണ്ടായ വീട്ടില്‍നിന്നും കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് വരാന്‍ മകന്‍ വിസമ്മതിച്ചു; ഇരുവരും വെന്തുമരിച്ചു

 


മുംബൈ: (KVARTHA) കിടപ്പിലായിപ്പോയ അമ്മയെ തീപ്പിടിത്തമുണ്ടായ വീടിനുള്ളില്‍ ഉപേക്ഷിച്ച് പുറത്തിറങ്ങാന്‍ വിസമ്മതിച്ച മകനും അമ്മയ്‌ക്കൊപ്പം വെന്തുമരിച്ചു. ഗിര്‍ഗാവിലെ ജേതാഭായി ഗോവിന്ദ്ജി ബില്‍ഡിങിലുണ്ടായ തീപ്പിടിത്തത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ധിരന്‍ നലിന്‍കാന്ത് ഷായും (60) അമ്മ നളിനിയും (80) ആണ് മരിച്ചത്. ഗൈവാദിയില്‍ മെഡികല്‍ ഷോപ് നടത്തിവരുകയായിരുന്നു ധിരന്‍ നലിന്‍കാന്ത് ഷാ.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു പ്രദേശവാസികളെ നടുക്കിയ സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു ധിരന്റെ കുടുംബം താമസിച്ചിരുന്നത്. അഗ്നിബാധയുണ്ടായപ്പോള്‍ ധിരന്റെ കുടുംബത്തിലെ മറ്റെല്ലാവരും പ്രാണരക്ഷാര്‍ഥം ഓടി കിട്ടിയ വഴികളിലൂടെ താഴെയിറങ്ങിയപ്പോള്‍ കിടപ്പുരോഗിയായ അമ്മയെ വീട്ടില്‍ ഉപേക്ഷിച്ച് തനിച്ച് പുറത്തിറങ്ങാന്‍ ധിരന് മനസുവന്നില്ല. അടുത്തിടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് അമ്മയെ വീട്ടിലെത്തിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.

തീപ്പിടിച്ച കെട്ടിടത്തില്‍ നിന്ന് തൊട്ടടുത്ത വലിയ കെട്ടിടത്തിലേക്ക് പലകകള്‍ നിരത്തിവെച്ചാണ് പാലം പോലെയുണ്ടാക്കി ആളുകളെ രക്ഷിച്ചതെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കിടപ്പിലായ അമ്മയെയും കൊണ്ട് അതുവഴി ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ അമ്മയെ പുറത്തിറക്കാതെ ഇറങ്ങാന്‍ ധിരന്‍ തയ്യാറായതുമില്ല. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേക്കും ധിരന്റെ വീട്ടിലേക്കും തീ പടര്‍ന്നുപിടിച്ചിരുന്നു. തീ അണച്ചശേഷം പിന്നീട് നടത്തിയ പരിശോധനയിലാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെട്ടിടത്തിന് തീപ്പിടിത്തത്തില്‍ സാരമായ നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. പഴയ കെട്ടിടമായിരുന്നതിനാല്‍ അഗ്‌നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെയായിരുന്നു തീപ്പിടിത്തം ഉണ്ടായതെന്നതിനാല്‍ ഗ്രിലുകള്‍ തകര്‍ത്താണ് ആളുകളെ പുറത്തിറക്കാന്‍ സാധിച്ചത്. ജനലുകളിലെ ഗ്രിലുകള്‍ തകര്‍ത്താണ് മുകളില്‍ നിലകളിലുള്ളവരെ പുറത്തെത്തിച്ചത്.

ഏറ്റവും താഴെ നിലയിലുള്ള ഒരു ഇലക്ട്രിക് ബോക്‌സില്‍ ഷോര്‍ട്‌സര്‍ക്യൂട് ഉണ്ടായതിനെ തുടര്‍ന്നാണ് കെട്ടിടത്തിന് തീപ്പിടിച്ചത്. നൂറോളം വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ തടികള്‍ കൊണ്ടുള്ള കോണിപ്പടികള്‍ ആയിരുന്നതിനാല്‍ തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നുവെന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Fire Accident | തീപ്പിടിത്തമുണ്ടായ വീട്ടില്‍നിന്നും കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് വരാന്‍ മകന്‍ വിസമ്മതിച്ചു; ഇരുവരും വെന്തുമരിച്ചു



Keywords: News, National, National-News, Local-News, Regional-News, Accident-News, Mumbai News, Fire Accident, Son, Mother, Man, Refuse, Leave, 80-Year-Old, Home, Girgaon News, Both Died, Fire Force, Family, Rescue, Mumbai: Man Refuses To Leave 80-Year-Old Mother Behind At Fire-Struck Home In Girgaon; Both Died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia