C Raghunath | കോണ്‍ഗ്രസ് വിട്ട കണ്ണൂര്‍ ഡിസിസി ജെനറല്‍ സെക്രടറി സി രഘുനാഥിന് ബി ജെ പിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചു

 


കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ് വിട്ട കണ്ണൂരിലെ ഡിസിസി ജെനറല്‍ സെക്രടറിയായിരുന്ന സി രഘുനാഥ് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നും അംഗത്വം സ്വീകരിച്ചു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സി രഘുനാഥ്.

C Raghunath | കോണ്‍ഗ്രസ് വിട്ട കണ്ണൂര്‍ ഡിസിസി ജെനറല്‍ സെക്രടറി സി രഘുനാഥിന് ബി ജെ പിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചു

കഴിഞ്ഞ ദിവസമാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടത്. ഏറെ കാലമായി പാര്‍ടി എന്നെ അവഗണിക്കുകയാണ്. പല കാര്യങ്ങളും പാര്‍ടിക്കുള്ളില്‍ പറയുന്നുണ്ട്, പക്ഷേ ഒറ്റപ്പെടുത്തുകയും തഴയപ്പെടുകയും ചെയ്തു. നേതൃത്വത്തിന്റെ അവഗണനയില്‍ മനംമടുത്താണ് രാജി വെക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് വിട്ട വേളയില്‍ സി രഘുനാഥിന്റെ പ്രതികരണം.

കെപിസിസി അധ്യക്ഷനായിട്ടും കെ സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായുളള അഭിപ്രായഭിന്നതയാണ് സി രഘുനാഥിനെ പാര്‍ടി വിടാന്‍ പ്രേരിപ്പിച്ചത്. മൂന്നാഴ്ച മുന്‍പ് അദ്ദേഹം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജിനെതിരെയും ജില്ലാ നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചിരുന്നു.

കഴിവുകെട്ട നേതൃത്വം പാര്‍ടിയെ പ്രവര്‍ത്തകരില്‍ നിന്നും അകറ്റുന്നുവെന്നായിരുന്നു ആരോപണം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ വരുമ്പോള്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അഞ്ചാം ഗ്രൂപുണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചത് സുധാകരന്റെ ഇടപെടല്‍ കാരണമെന്നും അതില്‍ തനിക്ക് ദു:ഖമുണ്ടെന്നും സി രഘുനാഥ് വ്യക്തമാക്കിയിരുന്നു.

ബ്രണ്ണന്‍ കോളജില്‍ കെ എസ് യു യൂനിറ്റ് പ്രവര്‍ത്തകനായി തുടങ്ങി സംസ്ഥാന തലം വരെ പ്രവര്‍ത്തിച്ചയാളാണ് സി രഘുനാഥ്. യൂത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. കണ്ണൂരില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സീനിയര്‍ നേതാവായ തനിക്ക് അര്‍ഹമായ പരിഗണന പാര്‍ടി തന്നില്ലെന്ന ആരോപണം പല ഘട്ടങ്ങളിലും അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ടി നേതൃത്വം സി രഘുനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ മൗനം പാലിച്ചതോടെയാണ് പുറത്തേക്കുളള വഴിതുറന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി സി രഘുനാഥിനെ വളരെ വൈകിയാണ് പാര്‍ടി തീരുമാനിച്ചത്. വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കാനാണ് അന്നത്തെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ അണിയറ നീക്കങ്ങള്‍ നടത്തിയിരുന്നത്. ഇലക്ഷനില്‍ തോറ്റപ്പോള്‍ സി രഘുനാഥ് ഈ വിഷയത്തില്‍ മുല്ലപ്പളളിക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിട്ടത്.

Keywords:  Kannur DCC General Secretary C Raghunath, who left Congress, accepted member of BJP, Kannur, News, Kannur DCC General Secretary, C Raghunath, Congress, BJP, Politics, CM Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia