Kannur Mayor | അവകാശ വാദം വലുത്, അധികാരം കയ്യാനാളില്ല; കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തിനായി കരയുന്ന മുസ്ലിം ലീഗ് സ്വയം പരിഹാസ്യരാകുമ്പോൾ

 


/ അജിത് കുമാർ


കണ്ണൂർ: (KVARTHA) കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപേ കൈമാറണമെന്ന സമ്മർദ തന്ത്രവുമായി മുസ്ലീം ലീഗ്. രണ്ടര വർഷം കഴിഞ്ഞാൽ മേയർ പദവി കൈമാറണമെന്ന് തിരഞ്ഞെടുപ്പ് ജയത്തിനു ശേഷം ചേർന്ന മുന്നണി യോഗത്തിലെ തീരുമാനം പാലിക്കണമെന്ന നിർബന്ധബുദ്ധിയിലാണ് മുസ്ലീം ലീഗ്. എന്നാൽ മേയർ പദവി കൈമാറണമെന്ന തീരുമാനത്തോട് താത്വികപരമായി യോജിക്കുന്നുണ്ടെങ്കിലും കുറച്ചു കൂടി സമയം തരണമെന്ന നിലപാടിലാണ് കോൺഗ്രസ്. അവസാനത്തെ ഒരു വർഷം വേണമെങ്കിൽ മുസ്ലിം ലീഗിന് മേയർ പദവി വിട്ടു നൽകാമെന്നാണ് കോൺഗ്രസിന്റെ ഉള്ളിലിരുപ്പ്. എന്നാൽ രണ്ടു വർഷമെങ്കിലും മേയർ പദവി തങ്ങൾക്കു വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം.
 
Kannur Mayor | അവകാശ വാദം വലുത്, അധികാരം കയ്യാനാളില്ല; കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തിനായി കരയുന്ന മുസ്ലിം ലീഗ് സ്വയം പരിഹാസ്യരാകുമ്പോൾ


വരുന്ന ലോക്സഭാ തിരഞ്ഞെടുപിന് മുൻപ് മേയർ പദവി കൈമാറണമെന്നു നിർബന്ധബുദ്ധി മുസ്ലിം ലീഗ് പിടിക്കുമ്പോൾ അല്ലെങ്കിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാര പണിയുമെന്ന വ്യക്തമായ സന്ദേശം തന്നെയാണ് നൽകുന്നത്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലും ലോക്സഭയിലുമൊക്കെ കോൺഗ്രസിന് പണി കൊടുത്ത ചരിത്രം പല തിരഞ്ഞെടുപ്പുകളിലുമുണ്ട്. കണ്ണൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമചന്ദ്രൻ കടന്ന പള്ളി രണ്ടു ടേം ജയിച്ചത് മുസ്ലിം ലീഗ് വോട് കൊണ്ടാണെന്ന് കോൺഗ്രസിനുള്ളിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. അതുകൊണ്ട് തോളിലിരുന്ന് ചെവി തിന്നുന്ന മുസ്ലീം ലീഗിനെ എങ്ങനെ മെരുക്കാമെന്നത് കോൺഗ്രസിനെ സംബന്ധിച്ചു കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളിലൊന്നാണ്.

സീറ്റ് കുറവ് അവകാശ വാദം വലുത്

എന്നാൽ കണ്ണൂർ കോർപറേഷൻ തങ്ങളുടെ സാമ്രാജ്യമാണെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ ബാഫഖി തങ്ങൾ മന്ദിരത്തിലിരുന്ന് തള്ളി മറിക്കുന്നതു പോലെയല്ല കാര്യങ്ങൾ. 14 കൗൺസിലർമാർ മാത്രമേ കോർപറേഷനിൽ ലീഗിനുള്ളു. ഒരു വിമതൻ ഉൾപെടെ 21 പേർ കോൺഗ്രസിനുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും അതിന്റെ വിനയമൊന്നും മുസ്ലിംലീഗ് ഒരിക്കലും കാണാക്കാറില്ല. അവശേഷിച്ച ഒരു വർഷമാണെങ്കിലും ഒരു ദിവസമാണെങ്കിലും അവർ കണക്കു പറഞ്ഞു പിടിച്ച പിടിയാൽ വാങ്ങിക്കാറുണ്ട്. 

എന്നിട്ട് പരമാവധി വെറുപ്പിച്ചു ഭരിക്കുകയെന്നതാണ് ശൈലി. സ്വന്തം പാർടിക്കാർക്കു പോലും തൃപ്തികരമായ ഒരു ഭരണം കാഴ്ച വയ്ക്കാൻ മുസ്ലിം ലീഗിന് കഴിയാറില്ല. കഴിഞ്ഞ കോർപറേഷൻ ഭരണകാലത്ത് സുമാ ബാലകൃഷ്ണനെന്ന കരുത്തുറ്റ ഭരണാധികാരിയെ മാറ്റി സി സീനത്തിനെ മേയറാക്കി മാറ്റി മുസ്ലിം ലീഗ് നേതാക്കൾ പിൻ ഡ്രൈവ് ഭരണം നടത്തിയപ്പോൾ വെള്ളരിക്കപ്പട്ടണമായി കോർപറേഷൻ മാറിയതാണ് ജനങ്ങൾ കണ്ടതെന്ന് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നു.

അധികാരം വേണം ആളില്ല

ജനകീയ അംഗീകാരവും ഭരണം നടത്താൻ പ്രാപ്തിയുള്ള നേതാക്കൾ മുസ്ലിം ലീഗിനില്ലെന്നതാണ് സത്യം. രണ്ടാം നിര നേതാക്കളെ കാര്യമായി വളർത്തിയെടുക്കാത്തതു കാരണം മേയർ സ്ഥാനത്തേക്കും അഴീക്കോട് മണ്ഡലത്തിലും മത്സരിക്കാൻ മുസ്ലിം ലീഗിന് പ്രാപ്തരായ ആളുകളില്ല. രോഷ്നി ഖാലിദ്, സി സമീർ . തുടങ്ങിയവരുണ്ടെങ്കിലും രണ്ടു ടേം നിബന്ധന വെച്ചു ഇവരെ മാറ്റിനിർത്തുകയായിരുന്നു. ഇത്തവണത്തെ കൗൺസിലിൽ മഠത്തിൽ, സിയാദ് തങ്ങൾ എന്നിവരുടെ പേരാണ് മേയർ പട്ടികയിലുള്ളത്. 

മേയർ സ്ഥാനം കോൺഗ്രസ് കൈമാറുകയാണെങ്കിൽ ആരെ മേയറാക്കുമെന്ന അങ്കലാപ്പിലാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. പുറമേ നിന്നു ആരെയെങ്കിലും മത്സരിപ്പിച്ചു മേയറാക്കാനുള്ള അണിയറ നീക്കങ്ങളും നടത്തുന്നുണ്ട്. കണ്ണൂർ കോർപറേഷന്റെ തലപ്പത്ത് നിന്നും ടി കെ മോഹനൻ നടത്തിയ മിന്നും പ്രകടനം ആവർത്തിക്കാൻ കഴിയുമോയെന്ന ആശങ്ക മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനുണ്ട്. ചോദിച്ചു വാങ്ങിയ മേയർ സ്ഥാനം പൊല്ലാപ്പായി മാറുകയാണെങ്കിൽ അതു പാർടിക്കു തന്നെ നാണക്കേടായി മാറിയേക്കാം.

അവിടങ്ങനെ ഇവിടെയിങ്ങനെ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രണ്ടാം ടേം വെച്ചു മാറുന്ന രീതി കണ്ണൂരിന് പുറത്തില്ല. അങ്ങനെയെങ്കിൽ മുന്നണി മര്യാദ പുലർത്തി മലപ്പുറം ജില്ലയിലെ പല നഗരസഭകളുടെയും രണ്ടാം ടേം ഭരണം കോൺഗ്രസിന് നൽകണം. ഇനി കണ്ണൂരിൽ എടുക്കുകയാണെങ്കിൽ പാനൂർ, തളിപ്പറമ്പ് നഗരസഭകൾ ഭരിക്കുന്നത് മുസ്ലിം ലീഗാണ്. മാടായി ഉൾപെടെയുള്ള പഞ്ചായതുകളിലും ഭരണം രണ്ടാം ടേമിൽ കൈമാറണമെന്ന കണ്ണൂർ കോർപറേഷൻ മോഡൽ എന്തുകൊണ്ടുനടപ്പിലാകുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കേണ്ടെയെന്ന ചോദ്യത്തിന് മുൻപിൽ ഒളിച്ചു കളിക്കുകയാണ് ഹരിത പതാകക്കാർ.

Keywords:  News, Kerala, Kerala-News, News-Malayalam-News, Kannur Corporation, Mayor, Politics, Muslim League, Kannur Corporation Mayor: IUML demands equal share of tenure

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia