Bill Passed | ജമ്മു കശ്മീരിനെ സംബന്ധിച്ചുള്ള 2 സുപ്രധാന ഭേദഗതി ബിലുകള്‍ പാസാക്കി ലോക്‌സഭ

 


ന്യൂഡെല്‍ഹി: (KVARTHA) ജമ്മു കശ്മീരിനെ സംബന്ധിച്ചുള്ള രണ്ട് സുപ്രധാന ഭേദഗതി ബിലുകള്‍(Bill) പാസാക്കി ലോക്‌സഭ. ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബിലും പുന:സംഘടനാ ഭേദഗതി ബിലുമാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയത്. ജമ്മു കശ്മീര്‍ അസംബ്ലിയിലെ ആകെ സീറ്റുകളുടെ എണ്ണം 83ല്‍ നിന്ന് 90 ആക്കി വര്‍ധിപ്പിച്ചതാണ് പ്രധാന മാറ്റം.

Bill Passed | ജമ്മു കശ്മീരിനെ സംബന്ധിച്ചുള്ള 2 സുപ്രധാന ഭേദഗതി ബിലുകള്‍ പാസാക്കി ലോക്‌സഭ

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സര്‍കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലുമുള്ള സംവരണം നിശ്ചയിക്കുന്ന ബിലാണ് പാസാക്കിയതിലൊന്ന്. 2019ലെ ജമ്മു കശ്മീര്‍ പുന:സംഘടനാ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടാണ് രണ്ടാമത്തെ ബില്‍ പാസാക്കിയത്.

ബില്‍ ചര്‍ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നു. അമിത് ഷായെ കശ്മീരിലെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പങ്കിനെ കുറിച്ച് ചര്‍ച ചെയ്യാന്‍ അധിര്‍ രഞ്ജന്‍ ചൗധരി വെല്ലുവിളിച്ചു. കശ്മീരിനെ കേന്ദ്ര സര്‍കാര്‍ ഖാപ് പഞ്ചായതാക്കി മാറ്റിയെന്നും വാഗ്ദാനം ചെയ്ത തൊഴില്‍ പോലും ജമ്മുകശ്മീരില്‍ നല്‍കാന്‍ സര്‍കാരിന് കഴിഞ്ഞില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.

പാക് അധീന കശ്മീര്‍ നെഹ്‌റുവിന്റെ അബദ്ധമാണെന്ന് അമിത് ഷാ വിമര്‍ശിച്ചു. നെഹ്‌റുവിന്റെ കാലത്ത് ജമ്മു കശ്മീരില്‍ സംഭവിച്ചത് അബദ്ധങ്ങളാണ്. അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീര്‍ സുരക്ഷിതമായെന്നും ഷാ പറഞ്ഞു. പാക് അധീന കശ്മീരില്‍ നിന്ന് എത്തുന്നവര്‍ക്ക് ജമ്മു കശ്മീര്‍ നിയമസഭയില്‍ ഒരു സീറ്റ് നീക്കിവെക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഞാന്‍ ഇവിടെ കൊണ്ടുവന്ന ബില്‍, അനീതി കാട്ടിയവര്‍ക്കും അപമാനിക്കപ്പെട്ടവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും നീതി ലഭ്യമാക്കുന്നതിനും അവകാശങ്ങള്‍ നല്‍കുന്നതിനുമുള്ളതാണ്. ഏത് സമൂഹത്തിലും നിര്‍ധനരായവരെ മുന്നോട്ട് കൊണ്ടുവരണം. അതാണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ അടിസ്ഥാന ബോധം. പക്ഷേ, ബഹുമാനം കുറയാത്ത തരത്തില്‍ അവരെ മുന്നോട്ടുകൊണ്ടുവരണം. അവകാശങ്ങള്‍ നല്‍കുന്നതും അവകാശങ്ങള്‍ മാന്യമായി നല്‍കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതിനാല്‍, ദുര്‍ബലരും നിരാലംബരുമായ വിഭാഗത്തിന് പകരം അതിനെ മറ്റ് പിന്നോക്ക വിഭാഗമെന്ന് പുനര്‍നാമകരണം ചെയ്യുന്നത് പ്രധാനമാണ് എന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ നിന്നുള്ള വിധി കാത്തിരിക്കെ പുന:സംഘടനാ ഭേദഗതി കൊണ്ടുവന്നതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രത്യേക പദവി ഒഴിവാക്കി നാല് വര്‍ഷം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് നടത്താത്തതും പ്രതിപക്ഷം ചോദ്യം ചെയ്തു.

Keywords:  Jammu and Kashmir Reservation Bill, J&K Reorganisation (Amendment) Bill Passed in Lok Sabha, New Delhi, News, Bill Passed, Lok Sabha , Amith Shah, Politics, Criticism, Jammu Kashmir, Supreme Court, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia