Follow KVARTHA on Google news Follow Us!
ad

Analysis | 'ഇന്ത്യ' സഖ്യത്തിന്റെ ഭാവി പറയുന്ന ഹിന്ദി ബെൽറ്റ്

തിരഞ്ഞെടുപ്പിൽ മൃദുഹിന്ദുത്വം രക്ഷിച്ചില്ല Congress, Politics, National News, INDIA Alliance
/ സി കെ എ ജബ്ബാർ

(KVARTHA) ഡിസംബർ മൂന്നിന് പുറത്ത് വന്ന നാല് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം 2024ലെ പാർലിമെൻറ് തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ റിസൾട്ടെന്ന നിലയിലാണ് രാജ്യം ഉറ്റു നോക്കിയത്. എന്നാൽ, 2024ലെ പാർലിമെൻറ് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി അഭിമുഖീകരിക്കാൻ 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സഖ്യം ഒരർഥത്തിലും പ്രായോഗികമാക്കാൻ കഴിയാതെ പോയ തെരഞ്ഞെടുപ്പാണിത്. ഈ വസ്തുത മുന്നിൽ വെച്ചാൽ ആസന്നമായ പാർലിമെൻറ് തെരഞ്ഞെടുപ്പിന്റെ സെമിഫൈനലോ റിഹേഴ്സലോ അല്ല ഇതെന്ന് വ്യക്തമാണ്. മറിച്ച് പാർലിമെൻറ് തെരഞ്ഞെടുപ്പെന്ന ഫൈനൽ മൽസരത്തിലേക്ക് ഈ തെരഞ്ഞെടുപ്പിന് എന്ത് ഊർജമാണ് നൽകപ്പെട്ടത് എന്ന് പരിശോധിക്കലാണ് ഉത്തമം.


കോൺഗ്രസും പ്രതിപക്ഷവും കാണിച്ച തെറ്റുകളും അശ്രദ്ധകളും മുന്നിൽ വെച്ച് ഇന്ത്യാ സഖ്യം പുനരാലോചനകൾ നടത്തുക എന്നത് മാത്രമാണ് ഹിന്ദി ബെൽറ്റിലേക്കുള്ള പാർലിമെൻറ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലേക്ക് പ്രചോദനമാവേണ്ടത്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്ത് നടപ്പിലായ ദൗർബല്യങ്ങളെന്തൊക്കെയാണോ അതിന്റെ ആവർത്തനം തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും കാണാനിടയായത്. അതിനപ്പുറം എന്തെങ്കിലും പ്രതീക്ഷിക്കണമെങ്കിൽ 26 പാർട്ടികൾ കോൺഗ്രസിനോടൊപ്പം ഒരുമിച്ചിരുന്ന് രൂപപ്പെടുത്തിയ അടവുകൾ പൂജ്യത്തിൽ നിന്ന് ഇനിയും തുടങ്ങണം.

analysis, india

  
വേണ്ടത് പ്രായോഗിക തന്ത്രം

കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും ബിജെപി പിടിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിലെത്തുകയും പിന്നീട് ബിജെപി അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുകയും ചെയ്ത മധ്യപ്രദേശിൽ ജനവിധി ബിജെപി അനുകൂലമാക്കി. ഒരു കാലം കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ആന്ധ്രപ്രദേശിന്റെ ഭാഗമായ തെലങ്കാനയിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചു എന്നതാണ് ഒരാശ്വാസം. അവിടെയും ബി.ജെ.പി. ഒന്നിൽ നിന്ന് എട്ടിലേക്ക് സീറ്റ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സംഘടനാ സംവിധാനം അടിമുടി പരിഷ്കരിച്ച് ശാസ്ത്രീയമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി.

2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലാണ് പതനം സംഭവിച്ചത്. 2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 25 ലോക്സഭാ സീറ്റുള്ള രാജസ്ഥാനിൽ ഒന്നിൽപ്പോലും ജയിക്കാനായില്ല. 29 സീറ്റുള്ള മധ്യപ്രദേശിൽ ഒരു സീറ്റിലും 11 സീറ്റുള്ള ഛത്തീസ്ഗഢിൽ രണ്ട് സീറ്റിലും ഒതുങ്ങി. 2014ലെ പൊതുതെരഞ്ഞെടുപ്പിലും മൂന്ന് സംസ്ഥാനങ്ങളിലെയും ഫലം സമാനമായിരുന്നു. അതായത് 2019 ലെ പാർലിമെൻറ് തെരഞ്ഞെടുപ്പിന്റെ മണ്ണ് മാറാത്ത നിലയിലാണ് ഇപ്പോഴും സംസ്ഥാനങ്ങൾ ഉളളതെന്ന് വ്യക്തമാവുന്നതാണ് ജനവിധി.

ഹിന്ദി സംസ്ഥാനങ്ങളിൽ നാല് ലോക്സഭാ സീറ്റ് മാത്രമുള്ള ഹിമാചലാണ് കോൺഗ്രസിന്റെ ഏക തുരുത്ത്. 2024ൽ കോൺഗ്രസ് ഏറെ ആലോചിച്ചും അതിലേറെ വിട്ടു വീഴ്ച ചെയ്തും ഇന്ത്യാ സഖ്യത്തെ വളർത്തിയും മുന്നോട്ട് പോയില്ലെങ്കിൽ ഹിന്ദി സംസ്ഥാനങ്ങളിൽ നിന്ന് പാർലിമെൻറിലേക്കുള്ള പ്രതീക്ഷ ചീട്ട് കൊട്ടാരമായി വീഴും എന്നുറപ്പാണ്. പ്രയോഗിക തന്ത്രങ്ങളുടെ ചുരുങ്ങിയ കാലമേ മുന്നിലുള്ളൂ എന്ന് മനസ്സിലാക്കാനുള്ള വിവേകമാണ് ദേശീയ നേതൃത്വത്തിന് വേണ്ടത്.

സംസ്ഥാനങ്ങളിലെ പ്രേതബാധ

കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടത് അതിന്റെതായ ജനിതക വൈകല്യങ്ങൾ കാണാം. ഈ പരാജയത്തിലൂടെ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് ഹിമാചൽപ്രദേശിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സ്ഥിതിയായത് ചെറിയ തിരിച്ചടിയൊന്നുമല്ല. പാർലിമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ടും രണ്ട് തരം മന:ശാസ്ത്ര യുദ്ധമാണ്. തദ്ദേശിയ താൽപര്യങ്ങളുടെ വിജയമാവേണ്ട നിയമസഭ കളഞ്ഞു കുളിച്ച് ഇനി പാർലിമെന്റിൽ എന്ത് മായാജാലം കാണിക്കും എന്ന് കണ്ടറിയണം.

‘ഇന്ത്യ’ എന്ന രാഷ്ട്രീയവേദി രൂപീകരിക്കപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്ന സവിശേഷതയുണ്ടായിരുന്നു ഇത്തവണ എന്നോർക്കുക. ബിജെപിയെ പരാജയപ്പെടുത്താൻ ഓരോ സംസ്ഥാനത്തിന്റെയും സാധ്യതകൾക്കനുസരിച്ച് മതനിരപേക്ഷ വോട്ടുകളെ കൂട്ടി യോജിപ്പിക്കുകയെന്നതായിരുന്നു ‘ഇന്ത്യ’ എന്ന രാഷ്ട്രീയവേദി മുന്നോട്ടുവച്ചത്. അത് ഒരർഥത്തിലും ഈ തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. ‘ഇന്ത്യ’ എന്ന രാഷ്ട്രീയവേദിയുടെ ഭാഗമായ പാർടികളെ വിശ്വാസത്തിലെടുക്കാനോ അവരുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനോ കോൺഗ്രസ് തയ്യാറായില്ല എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഒറ്റയ്ക്ക് മത്സരിച്ച് തങ്ങളുടെ ആധിപത്യം കാണിക്കുക എന്ന നിലപാട് കോൺ്ഗ്രസ് സ്വീകരിച്ചു. മധ്യപ്രദേശിൽ സമാജ്വാദി പാർടിയുടെ സിറ്റിങ് സീറ്റിൽപ്പോലും കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സീറ്റ് വിഭജനത്തിൽ ധാരണയായെന്ന് കോൺഗ്രസ് നേതാവ് കമൽനാഥും സമാജ് വാദി പാർടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന വലിയ പ്രദേശം മധ്യപ്രദേശിലുണ്ടെന്നും അവിടങ്ങളിൽ എസ്പിക്ക് സ്വാധീനമുണ്ടെന്നുമുള്ള യാഥാർഥ്യം കണക്കിലെടുക്കാൻ കോൺഗ്രസിനും കോൺഗ്രസിനെ മയപ്പെടുത്താൻ മറ്റുള്ളവർക്കും കഴിഞ്ഞില്ല. രാജസ്ഥാനിൽ രണ്ട് സിറ്റിംങ്ങ് സീറ്റ് ഉൾപ്പെടെ 17 സീറ്റിൽ മൽസരിച്ച സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല.

ബിജെപിയെ പരാജയപ്പെടുത്താൻ ബിഹാറിൽ ലാലുപ്രസാദ് യാദവ് കാണിച്ച പ്രതിബദ്ധതയുടെ അടുത്തുപോലും എത്താൻ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കോൺഗ്രസിനെ ഈ പ്രതിസന്ധിയിൽ എത്തിച്ചത് സംസ്ഥാനങ്ങളിൽ അവരെ വേട്ടയാടിയ താൽപര്യങ്ങളുടെ പ്രേതങ്ങളാണ് എന്ന് ചുരുക്കം. എക്കാലവും സംസ്ഥാന രാഷ്ട്രീയത്തിൽ സ്ഥാനമോഹികളുടെ കുശുമ്പുകൾക്ക് മുന്നിൽ പലതും നഷ്ടപ്പെടുന്നതാണ് കോൺഗ്രസിന്റെ അനുഭവം. ഇത്തവണയും അധികാരമുള്ളിടത്ത് പോലും ഈ വടംവലികൾ കാരണം ഇന്ത്യാ സഖ്യത്തെ ആലങ്കാരികമായിട്ടെങ്കിലും പ്രായോഗികമാക്കാൻ കഴിഞ്ഞില്ല.

മൃദുഹിന്ദുത്വം രക്ഷിച്ചില്ല

നരസിംഹറാവുവിന്റെ നിലപാട് മുതൽ കോൺഗ്രസ് പഠിച്ച പാഠമുണ്ട്. മൃദുഹിന്ദുത്വ നിലപാട് കൊണ്ട് പാർട്ടി വളരുകയല്ല തളരുകയേ ചെയ്തിട്ടുള്ളു എന്നതാണത്. പക്ഷെ ഈ പാഠം ഇനിയും ഗുണപരമായ ബോധ്യമായി കോൺഗ്രസ് ഉൾകൊള്ളുന്നില്ല എന്ന് വേണം ഈ തെരഞ്ഞെടുപ്പിലും മനസ്സിലാക്കേണ്ടത്. നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രചാരണ വേദികളിലെല്ലാം കോൺഗ്രസ് ഹിന്ദുത്വ അജണ്ടയിൽ കോർത്ത ചൂണ്ടകളിൽ കുടുങ്ങിപ്പോയി എന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്.

ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ്.(ഇന്ത്യ) രൂപീകരിക്കപ്പെട്ടപ്പോൾ ചില നേതാക്കൾ ആ പേരിന്റെ ഭാഷാ മന:ശാസ്ത്രത്തിൽ ആശങ്കിച്ചിരുന്നു. ഇന്ത്യ എന്ന പേര് വളരെ ഇംഗ്ലീഷാണെന്നും ഹിന്ദി ബെൽറ്റിനെ എങ്ങിനെയാണ് ആ പേരിന്റെ പ്രായോഗികശൈലിയിലൂടെ അഭിമുഖീകരിക്കുക എന്നുമായിരുന്നു ആശങ്ക. ഇന്ത്യാ യോഗത്തിൽ സിപിഎം ജനറൽസെക്രട്ടറി മറ്റൊരു കാര്യം കൂടി ഉണർത്തിയിരുന്നു. ചില സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിലെ പാർട്ടികളിൽ പലതും പരസ്പരം എതിർത്ത് നിൽക്കുന്നതിനാൽ ‘പ്രതിപക്ഷ സഖ്യം’ എന്ന വാക്ക് പോലും ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചായിരുന്നു ആശങ്ക. അത്രത്തോളം ഹിന്ദി ബെൽട്ടിൽ തന്ത്രങ്ങൾ നിർണ്ണായകമായിരുന്നു. പക്ഷെ, കോൺഗ്രസ് ഇത് ലാഘവത്തിലാണ് കണ്ടത്. ബി.ജെ.പി.യെ ഒറ്റക്ക് നേരിടേണ്ടി വരുന്നിടത്ത് ഒരേ ഒരു വഴിയായി കോൺഗ്രസ് കണ്ടത് മൃദുഹിന്ദുത്വമായിരുന്നു.

തീവ്രവർഗീയ നിലപാട് സ്വീകരിക്കുന്ന സ്വാമിമാരെ മണ്ഡലത്തിലേക്ക് വിളിച്ചുവരുത്തി പൂജ ചെയ്യിച്ചും കൂറ്റൻ ഹനുമാൻ ക്ഷേത്രം നിർമിക്കുന്ന നടപടി സ്വീകരിച്ചും കോൺഗ്രസ് ഹൈന്ദവതയെ ഉയർത്തി കാട്ടി. രാജ്യത്തിന് പുറത്തുപോലും ക്ഷേത്രനിർമാണം നടത്തുമെന്ന പ്രഖ്യാപനം വരെ നടത്തിയത്രെ! അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജാചടങ്ങിന്റെ തലേദിവസം കമൽനാഥ് വസതിയിൽ ‘ശ്രീറാം ദർബാർ’ സംഘടിപ്പിച്ചു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. 11 വെള്ളി ഇഷ്ടികകൾ അയച്ചുകൊടുത്തു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് തട്ടിക്കൊണ്ടുപോകാൻ ആരും ശ്രമിക്കേണ്ടെന്നും 1985ൽ രാജീവ്ഗാന്ധിയാണ് രാമക്ഷേത്രം ആരാധനയ്ക്കായി തുറന്നുകൊടുത്തതെന്നും വരെ പ്രസ്താവിച്ചു.

82 ശതമാനം ഹിന്ദുക്കൾ താമസിക്കുന്ന ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെയാണെന്നും അതിൽ തർക്കിക്കേണ്ട കാര്യമില്ലെന്നുമുള്ള കമൽനാഥിന്റെ പ്രതികരണവും വിവാദമായി. രാജസ്ഥാനിൽ സാധ്വി ആനന്ദിസരസ്വതിയെ പോലെയുള്ള ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ ചേർന്നത് ഈ കാന്തവലയത്തിന് ശക്തി പകരുമെന്ന് നിരീക്ഷിക്കപ്പെട്ടു. ഗോസംരക്ഷണത്തിനായി 3000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. രണ്ട് രൂപയ്ക്ക് ചാണകം സമാഹരിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. ഛത്തീസ്ഗഢിൽ ഭൂപേഷ്ബാഗേലും മൃദുഹിന്ദുത്വ തന്ത്രങ്ങൾ പയറ്റുന്നതിൽ പിന്നിലായിരുന്നില്ല. ശ്രീരാമന്റെ മാതാവ് കൗസല്യാദേവിയുടെ പേരിലുള്ള ക്ഷേത്രം നവീകരിക്കൽ, രാമൻ വനത്തിലേക്ക് പോയ കാനനപാതകളെ ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കൽ തുടങ്ങിയ വാഗ്ദാനങ്ങളായി.

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഇന്ത്യ’ തീരുമാനിച്ച റാലി പോലും ഇതിനിടയിൽ മാറ്റിവെക്കപ്പെട്ടു. ഹൈന്ദവത അംഗീകരിക്കുകയും ഹിന്ദുത്വം അജണ്ട നിരാകരിക്കുകയും ചെയ്യുന്ന മതബോധത്തിലധിഷ്ടിതമാണ് ഈ നിലപാടെന്ന് കോൺഗ്രസ് വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസ്.വളരുന്നത് ക്ഷേത്രസംസ്കാരത്തിലൂടെയാണെന്ന തിരിച്ചറിവിൽ കേരളത്തിലെ ക്ഷേത്ര വേദികളിൽ സിപിഎം സ്വന്തമായി പിടിമുറുക്കുന്നത് പോലൊരു അടവ് നയമാണിതെന്നും കോൺഗ്രസ് വിശദീകരിക്കുന്നുണ്ട്.

പക്ഷെ, വളരെ വ്യക്തമായ ധ്രുവീകരണ മനസ്സ് വളർപ്പെട്ട ഹിന്ദിമേഖലയിൽ ഹൈന്ദവ ആചാരവും ഹിന്ദുത്വയും തമ്മിലുള്ള ദൂരം അളക്കാൻ കഴിയും വിധം മതന്യൂനപക്ഷവും പിന്നാക്ക സമൂഹവും ബോധവൽകരിക്കപ്പെട്ടിട്ടില്ല എന്ന് ജനവിധി വ്യക്തമാക്കി. രാജസ്ഥാനിലെ പരാജയത്തിന് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത പ്രധാന കാരണമായിട്ടുണ്ട് എന്നതും നിരീക്ഷിക്കപ്പെടുന്നു. കോൺഗ്രസിന്റെ നേതാക്കളെത്തന്നെ കൂടെ നിർത്താൻ കഴിയാതിരുന്ന പതിവ് പരാജയ നിരീക്ഷണമാണിത്.

നിലപാട് കൊണ്ടും അസ്ഥിത്വം കൊണ്ടും മികച്ചു നിന്ന തെലങ്കാന

അധികാരമുള്ളിടത്ത് പാർട്ടി ഇല്ലാതാവുക എന്ന ദൗർബല്യത്തെ മറി കടന്ന് പാർട്ടിയെ കെട്ടിപ്പടുത്ത് അധികാരം പിടിക്കുക എന്ന രചനാത്മക വിജയമാണ് തെലങ്കാനയിൽ കോൺഗ്രസ് നേടിയത്. കർണാടകയിൽ 2018 ൽ ബിജെപിയെയും, ഗുജറാത്തിൽ മോദിയെയും വിജയിപ്പിച്ച് പിന്നീട് കോൺഗ്രസിലെത്തിയ ബി. സുനിൽ കനുഗോലു പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഢി യുടെ വലം കൈ ആയി നില കൊണ്ട തെരഞ്ഞെടുപ്പിന്റെ ഇരുതല തന്ത്രങ്ങളാണ് ഹാട്രിക് വിജയം ലക്ഷ്യമിട്ട ബി.ആർ.എസിനെ തെലങ്കാനയിൽ കടപുഴക്കിയത്. മൃദുഹിന്ദുത്വം മാറ്റി വെച്ച് ചന്ദ്രശേഖര റാവുവിന്റെ അഴിമതികൾ എണ്ണപ്പറയുന്ന രാഷ്ട്രീയ പ്രചാരണമാണ് കോൺഗ്രസ് അവിടെ നടത്തിയത്.

പൊതുജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ക്ഷേമ പരിപാടികളും തെലങ്കാന കോൺഗ്രസ് പ്രഖ്യാപിച്ചു. ബിജെപിയുമായി അടുക്കാൻ ശ്രമിച്ച ബിആർഎസിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടാക്കി മാറ്റാനും കഴിഞ്ഞു. വ്യക്തമായും ഹിന്ദുത്വ അജണ്ടകളെ തുറന്നു കാട്ടാനും ബി.ആർ.എസിനെ തൊലിയുരിയാനും സാധിച്ചതിന്റെ വിജയമാണ് കോൺഗ്രസ് നേടിയത്. തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ട് സംഘടനാ സംവിധാനം താഴെ തലം മുതൽ നവീകരിച്ചു എന്നതും തെലങ്കാനയുടെ വിജയ രഹസ്യമാണ്.

പുതിയ പരീക്ഷണവുമായി മിസോറാം

ഡിസംബർ നാലിന് ഫലം പ്രഖ്യാപിച്ച മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കു കിഴക്കൻ സംസ്ഥാനത്തിന്റെ 36 വര്ഷത്തെ ചരിത്രത്തിലാദ്യമായി ഒരു പുതിയ സഖ്യം അധികാരത്തിലെത്തുകയായിരുന്നു. വിവിധ ഗോത്ര വർഗ്ഗങ്ങളും ക്രൈസ്തവ സമുദായവും ഭൂരിപക്ഷമുള്ള മിസോറാമിൽ ഏറ്റവും പുതിയ പ്രതിപക്ഷ കൂട്ടായ്മയായ സോറം പീപ്പിൾസ് മൂവ്മെന്റ് (ZPM) അധികാരത്തിലെത്തുകയായിരുന്നു. മിസോ നാഷണൽ ഫ്രണ്ടിനെ (MNF) യാണ് അധികാരത്തിൽ നിന്ന് താഴെയിറക്കിയത്. അവിടെയും ബിജെപി രണ്ട് സീറ്റുമായി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ കോൺഗ്രസ് അഞ്ച് സീറ്റ് നേടിയ നിയമസഭയാണിത്.

2024 ലേക്ക് ഇനി ദൂരമില്ല

ഇപ്പോൾ ബിജെപി വിജയിച്ച മൂന്നു സംസ്ഥാനങ്ങളിൽ ഒന്നിൽപ്പോലും അവർക്ക് 50 ശതമാനം വോട്ട് നേടാനായിട്ടില്ല. രാജസ്ഥാനിൽ 41.69 ഉം ഛത്തീസ്ഗഢിൽ 46.3ഉം മധ്യപ്രദേശിൽ 48.56 ശതമാനവും വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ വിജയം എന്നതിലുപരി ബഹുഭൂരിപക്ഷം വരുന്ന ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കുന്നതിൽ ഉണ്ടായ പരാജയമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നർഥം. മധ്യപ്രദേശിൽ 11.01 ശതമാനം വോട്ട് കോൺഗ്രസിതര പാർട്ടികൾ നേടി. രാജസ്ഥാനിൽ ഏകോപിപ്പിക്കാതെ ചിതറിയ വോട്ട് ഇത് 18.78 ശതമാനം വരും. ഛത്തീസ്ഗഡിൽ 11.5 ഉം. ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ ബി.ജെ.പി യെ തുരത്താനുള്ള മോഡൽ സംസ്ഥാനങ്ങളായി ദക്ഷിണേന്ത്യ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ബിജെപി മുക്ത ദക്ഷിണേന്ത്യ എന്ന യാഥാർത്ഥ്യം തെലങ്കാന ജനവിധിയോടെ പൂർണമായി. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ ഹിന്ദി ഹൃദയഭൂമിയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ബിജെപി അധികാരത്തിൽ തുടരുന്നത്. ബിഹാറിൽ ജെഡിയു നേതൃത്വത്തിലുള്ള മഹാസഖ്യമാണ് അധികാരത്തിൽ. 24 വർഷമായി ബിജെഡി ഭരണത്തിൽ തുടരുന്ന ഒഡിഷയിലും ബിജെപിക്ക് അധികാരത്തിൽ എത്താനായിട്ടില്ല.

ജാർഖണ്ഡിൽ ജെഎംഎമ്മും ഹിമാചൽ പ്രദേശിൽ കോൺഗ്രസും ഡൽഹിയിൽ ആംആദ്മി പാർടിയും ഒക്കെ ചേർന്ന മത നിരപേക്ഷ ഇന്ത്യയുടെ മുഖം നിലനിർത്തുമ്പോൾ ഭാവി ഇന്ത്യയെ രൂപപ്പെടുത്താനുള്ള ദൃഡ പ്രതിജ്ഞ മാത്രമല്ല വിട്ടുവീഴുക ൾ കൂടിയാണ് വേണ്ടത് എന്ന് ഒരിക്കൽ കൂടി ഈ ജനവിധി തെളിയിക്കുന്നു. തോൽവികളിൽനിനിന്ന് പാഠം ഉൾക്കൊണ്ട് മറ്റ് പാർടികളുമായി സഹകരിക്കാനുള്ള മനസ്ഥിതി കോൺഗ്രസിനുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഈ ജനവിധി പോലും മറിച്ചാവുമായിരുന്നു.

Keywords: Article, Editor’s-Pick, Congress, Politics, National News, INDIA Alliance, Assembly Election, Result, BJP, Assembly election results and future of INDIA alliance.
< !- START disable copy paste -->

Post a Comment