E-health | മറ്റൊരു നേട്ടം കൂടി: 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത് സംവിധാനം; ക്യൂ നില്‍ക്കാതെ വളരെയെളുപ്പം ആശുപത്രി അപോയ്മെന്റ് എടുക്കാം

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 393 ആശുപത്രികളിലും ഇ ഹെല്‍ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍കാരിന്റെ കാലത്താണ്. 

16 മെഡികല്‍ കോളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജെനറല്‍ ആശുപത്രികള്‍, 22 താലൂക് ആശുപത്രികള്‍, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 453 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 49 അര്‍ബന്‍ പ്രൈമറി ഹെല്‍ത് സെന്റര്‍, 10 സ്പെഷ്യാലിറ്റി ആശുപത്രികള്‍, രണ്ട് പബ്ലിക് ഹെല്‍ത് ലാബ്, മൂന്ന് മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ഇ ഹെല്‍ത് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.


E-health | മറ്റൊരു നേട്ടം കൂടി: 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത് സംവിധാനം; ക്യൂ നില്‍ക്കാതെ വളരെയെളുപ്പം ആശുപത്രി അപോയ്മെന്റ് എടുക്കാം

ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ ഹെല്‍ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. ഇ ഹെല്‍തിലൂടെ ഓണ്‍ലൈന്‍ ഒപി ടികറ്റും പേപര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ് ആവിഷ്‌ക്കരിച്ചു.

ആര്‍ദ്രം ജനകീയ കാംപയ്‌നിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട് നടപ്പിലാക്കി വരുന്നു. വിപുലമായ ഇ സഞ്ജീവനി സേവനങ്ങള്‍ ലഭ്യമാക്കി. 
ലാബ് റിസല്‍ട് എസ് എം എസ് ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓണ്‍ലൈന്‍ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

എങ്ങനെ യുനിക്ക് ഹെല്‍ക് ഐഡി സൃഷ്ടിക്കും?

ഇ ഹെല്‍ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി www(dot)ehealth(dot)kerala(dot)gov(dot)in എന്ന പോര്‍ടലില്‍ കയറി രെജിസ്റ്റര്‍ ലിങ്ക് ക്ലിക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രെജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. 

ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപോയ്മെന്റ് എടുക്കാന്‍ സാധിക്കും.

എങ്ങനെ അപോയ്മെന്റെടുക്കാം?


ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപോയ്മെന്റ് ക്ലിക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപാര്‍ട്മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപോയ്മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോകണുകള്‍ ദൃശ്യമാകും.

രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോകന്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോകന്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോകന്‍ വിവരങ്ങള്‍ എസ് എം എസ് ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസല്‍ട്, പ്രിസ് ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Keywords: E-health system introduced in 600 health institutions, Thiruvananthapuram, News, E-health System, Introduced, Health Institutions, Health Minister, Veena George, Appointment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia