Cyclone Mishome | മിഷോം ചുഴലിക്കാറ്റ്: ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പെടെ എല്ലാ സഹായവും എത്തിച്ചു നല്‍കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തൃശൂര്‍: (KVARTHA) ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട മിഷോം ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ കനത്ത പേമാരിയില്‍ ദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികളെ സഹായിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികള്‍ അന്വേഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Cyclone Mishome | മിഷോം ചുഴലിക്കാറ്റ്: ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പെടെ എല്ലാ സഹായവും എത്തിച്ചു നല്‍കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ബംഗാള്‍ ഉള്‍കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുകയാണ് ചുഴലിക്കാറ്റ്. ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ല്‍ പെയ്തതിനേക്കാള്‍ അധികമാണ് ഇത്തവണ ചെന്നൈയില്‍ പെയ്ത മഴയെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. സാധാരണയേക്കാള്‍ പത്തിരട്ടി അധികമാണ് ഇത്തവണ പെയ്ത മഴ. പേമാരിയില്‍ ഇതുവരെ മരണസംഖ്യ അഞ്ചായി എന്നാണ് അറിയുന്നത്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ 5000 ലധികം ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പെടെ എല്ലാ സഹായവും തമിഴ് നാട്ടിലെ ദുരിതാശ്വാസ കാംപുകളില്‍ എത്തിച്ചു നല്‍കാന്‍ നടപടി എടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ സഹായം ചെയ്യാന്‍ എല്ലാ മലയാളികളും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

തൃശൂര്‍ ജില്ലയിലെ നവകേരള സദസ് രണ്ടാം ദിവസം മന്ത്രിമാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട്ട് നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും സംസാരിച്ചത്. 1990-കളില്‍ നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെയാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍കാര്‍ നടപ്പാക്കി വരുന്നത്.

അതിന്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കാണ്. 90കള്‍ തൊട്ട് ഇതുവരെ രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നത് ഈ പ്രതിസന്ധിയുടെ ആഴം എത്രമാത്രമെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിര രാജ്യമാകെ പ്രക്ഷോഭങ്ങളാണ് നടന്നു വന്നത്.

എന്നാല്‍, ഒരു സംസ്ഥാനത്തിന്റെ പരിമിതികളെ അതിജീവിച്ച്, കര്‍ഷകര്‍ക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി എല്‍ഡിഎഫ് സര്‍കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കര്‍ഷകക്ഷേമം ഉറപ്പു വരുത്താന്‍ നമുക്ക് സാധിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി ഇടപെടലുകളാണ് സര്‍കാര്‍ നടത്തിയത്. പതിനാറിനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയര്‍ന്ന സംഭരണ വില നല്‍കി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനായി. അങ്ങനെ കാര്‍ഷിക വിളകളുടെ ഉത്പാദനം, വിപണനം, കര്‍ഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്കു സാധിച്ചു.

ഉല്പാദനം, വിപണനം, സംസ്‌കരണം, വായ്പാ പിന്തുണ, ഇന്‍ഷ്വറന്‍സ് തുടങ്ങി കൃഷിയുടെ എല്ലാ മേഖലകളിലും കര്‍ഷകര്‍ക്ക് സഹായം വേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി സേവനം ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തും. അതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലീകരിച്ച് കൃഷിഭവനുകളെ 'സ്മാര്‍ട് കൃഷി ഭവനുകളായി' പരിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെല്‍കൃഷിയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ 83,333.33 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്ക് നെല്‍വിത്ത്, വളം, ജൈവ കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നല്കി. 107.10 കോടി രൂപ നെല്‍കൃഷി വികസന പദ്ധതികള്‍ക്കായി ചിലവഴിച്ചു. 2022 - 23 വര്‍ഷത്തില്‍ 93509.94 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്ക് ഇതേ ധനസഹായം നല്കി. 49കോടിയോളം രൂപ നെല്‍കൃഷി വികസന പദ്ധതികള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്.

നെല്‍വയലുകള്‍ തരം മാറ്റുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി ഹെക്ടറിന് 2000 രൂപ എന്നത് 3000 ആയി റോയല്‍റ്റി വര്‍ധിപ്പിച്ചു. തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 40,000 രൂപ നിരക്കില്‍ 31 കോടി രൂപ ചിലവഴിച്ചു.

മണ്ണിനെയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ട് സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവ കൃഷിയും ജൈവ ഉല്പാദനോപാധികളുടെ ലഭ്യത വര്‍ധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷന്‍ മോഡിലുളള പദ്ധതിയാണ് ജൈവ കാര്‍ഷിക മിഷന്‍. ഈ പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തില്‍ 10,000 ഹെക്ടര്‍ സ്ഥലത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയെ പുതിയ കാലത്തിനും സാധ്യതയ്ക്കും യോജിച്ച രീതിയില്‍ ഉയര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് സര്‍കാര്‍ നടത്തുന്നത്.

കാര്‍ഷിക മേഖലയില്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍, നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു വിഷയം ചൂണ്ടിക്കാട്ടി സര്‍കാരിനെതിരെ ചിലര്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2016 ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍ ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് നെല്ലിന്റെ ഉത്പാദന ക്ഷമത ഹെക്ടറിന് 2.54 ടണ്ണില്‍ നിന്ന് 4.56 ടണ്‍ ആയി വര്‍ധിപ്പിച്ചു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെല്‍വയല്‍ ഉടമകള്‍ക്ക് ഓരോ ഹെക്ടറിനും 3,000 രൂപാവീതം നല്‍കുന്ന റോയല്‍റ്റി 14,498 ഹെക്ടര്‍ വയലുകള്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമാക്കിയത്.

2022-23 സംഭരണ വര്‍ഷത്തില്‍ 3,06,533 കര്‍ഷകരില്‍ നിന്നായി 731183 മെടിക് ടണ്‍ നെല്ല് സംഭരിക്കുകയും വിലയായി 2061.9 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. 1,75,610 നെല്‍കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനപ്പെട്ടത്.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. നെല്ലിന് കേന്ദ്ര സര്‍കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താങ്ങുവില 20 രൂപ 40 പൈസ ആണ്. എന്നാല്‍ കേരളം 28 രൂപ 20 പൈസയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അധിക തുകയായ 7 രൂപ 80 പൈസ, കേരളം സ്വന്തം നിലയ്ക്കാണ് നല്‍കുന്നത്.

കേന്ദ്രത്തില്‍ നിന്നുള്ള തുകയ്ക്ക് കാത്തുനില്‍ക്കാതെ തന്നെ കര്‍ഷകന്റെ അകൗണ്ടില്‍ മുഴുവന്‍ തുകയും ലഭ്യമാക്കുകയാണ് കേരളം ചെയ്യുന്നത്. അതിനായി ബാങ്കുകള്‍ വഴി പി ആര്‍ എസിലൂടെ അഡ്വാന്‍സായി നല്‍കുന്ന തുകയുടെ പലിശ വഹിക്കുന്നത് സംസ്ഥാനമാണ്.

നെല്ല് സംഭരണത്തിന്റെ കേന്ദ്രവിഹിതമായ 790 കോടി രൂപ ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിനുപുറമെ നെല്ല് അരിയാക്കുന്നതിന് ചിലവാകുന്ന തുകയും സംസ്ഥാന സര്‍കാരാണ് വഹിക്കുന്നത്.
കൃഷിയെ കയ്യൊഴിയുകയും നെല്‍പ്പാടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൈമാറുകയും ചെയ്തകാലം നമ്മുടെ നാട് കടന്നു പോന്നിരിക്കുന്നു. അനുഭവത്തില്‍ നിന്ന് അത് മനസ്സിലാക്കിയാണ് കര്‍ഷകര്‍ ഈ സര്‍കാരിന് അടിയുറച്ച പിന്തുണ നല്‍കുന്നത്. നവകേരള സദസില്‍ കാര്‍ഷിക മേഖലകളില്‍ ഉണ്ടാകുന്ന വമ്പിച്ച പങ്കാളിത്തം ആ പിന്തുണയുടെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് കഴിഞ്ഞദിവസം നവകേരള സദസ് ചേര്‍ന്നത്. മണലൂര്‍, നാട്ടിക, ഒല്ലൂര്‍ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ചൊവ്വാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമാപിക്കും.

തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ആകെ 17,323 നിവേദനങ്ങളാണ് ലഭിച്ചത്.

Keywords:  Cyclone Mishome: Chief Minister Pinarayi Vijayan says steps taken to provide all assistance including life-saving medicines to the affected Chennai residents, Thrissur, News, Cyclone Mishome, Chief Minister, Pinarayi Vijayan, Criticism, Agriculture, BJP, Compliant, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia