Cough syrup | '54 കമ്പനികളുടെ ചുമ മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു'; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

 


ന്യൂഡെൽഹി: (KVARTHA) ലോകമെമ്പാടും മരുന്നുകൾ വിതരണം ചെയ്യുന്ന മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിവിധ രാജ്യങ്ങൾ അവരുടെ ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയുടെ സഹായം തേടുന്നു. കോവിഡ് -19 കാലത്ത് ഇന്ത്യ പല രാജ്യങ്ങൾക്കും വാക്സിനുകൾ നൽകിയിരുന്നു. എന്നാൽ സമീപകാലത്ത്, ഇന്ത്യയിൽ നിർമ്മിക്കുന്ന ചുമ മരുന്നിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ആഗോളതലത്തിൽ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യൻ നിർമിത ചുമ മരുന്ന് കാരണമായതായി ആക്ഷപം ഉയർന്നിരുന്നു.
 
Cough syrup | '54 കമ്പനികളുടെ ചുമ മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു'; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്



ഇപ്പോൾ, രാജ്യത്ത് ചുമ മരുന്ന് നിർമിക്കുന്ന 54 കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) റിപ്പോർട്ട് പുറത്തുവിട്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ ലബോറട്ടറികളിൽ പരിശോധിച്ച 2,014 സാമ്പിളുകളിൽ 128 (ആറ് ശതമാനം) ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സർക്കാർ കണക്കുകൾ പ്രകാരം ഇവ 'നിലവാരമുള്ളതല്ല' (NSQ).

ഗുജറാത്ത് ലാബിൽ പരിശോധിച്ച 385 സാമ്പിളുകളിൽ 51 എണ്ണം എൻ എസ് ക്യൂ ആണ്, ഗാസിയാബാദ് ലാബിൽ പരിശോധിച്ച 502 സാമ്പിളുകളിൽ 29 എണ്ണവും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. നേരത്തെ, ലോകത്തിലെ പല രാജ്യങ്ങളിലും ഇന്ത്യൻ ചുമ മരുന്നിന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം, അത്തരം മരുന്നുകളുടെ കയറ്റുമതിക്ക് സർക്കാർ നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കഫ് സിറപ്പ് കയറ്റുമതിക്കാർ തങ്ങളുടെ ഉൽപന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിന് മുമ്പ് നിയുക്ത സർക്കാർ ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത് നിർബന്ധമാണെന്ന് മെയ് മാസത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. മരുന്ന് സാമ്പിൾ ലാബ് പരിശോധനയ്ക്ക് ശേഷം മാത്രമേ കയറ്റുമതി അനുമതി നൽകൂ.

Keywords:  News, News-Malayalam-News, National, National-News, Cough syrup, Health, Pharmacy, Cough syrup samples of 54 pharma firms fail export quality test: Data

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia