Follow KVARTHA on Google news Follow Us!
ad

Congress | നാലിടങ്ങളില്‍ കോണ്‍ഗ്രസിന് കാലിടറിയത് കേരളത്തിലും തിരിച്ചടിയാകും; മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ട് സിപിഎം നീക്കം തുടങ്ങി; നരേന്ദ്രമോദിയെ നേരിടാന്‍ കരുത്തില്ലാത്ത നേതാവാണ് രാഹുലെന്ന് പ്രചാരണം

ന്യൂനപക്ഷപാര്‍ടികളെ നിരാശയിലാഴ്ത്തി Congress, Politics, കേരള വാർത്തകൾ, Congress, National News
/ അജിത് കുമാർ

കണ്ണൂര്‍: (KVARTHA) ദക്ഷിണേൻഡ്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ ആശ്വാസ ജയം നേടിയെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനേറ്റ പരാജയം വിവിധ സംസ്ഥാനങ്ങളില്‍ മുന്നണി സമവാക്യങ്ങളില്‍ മാറ്റം വരുത്തുമോയെന്ന ആശങ്ക ശക്തമാകുന്നു. ഇൻഡ്യ മുന്നണിയില്‍ മാത്രമല്ല കേരളത്തിലുള്‍പെടെ വിവിധ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഏറെക്ഷീണം ചെയ്യാന്‍ സാധ്യതയുളളതാണ് നാലുസംസ്ഥാനങ്ങളിലെ തോല്‍വി. ഹിമാചലിലും കർണാടകയിലും മാത്രം ഭരണത്തില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസിന് ബിജെപിക്കെതിരെ ദേശീയ ബദലാവാന്‍ കഴിയില്ലെന്ന പ്രചാരണത്തെയാണ് രാഹുല്‍ഗാന്ധിയും കൂട്ടരും നേരിടുന്നത്.

Congress's Loss Will Impact in Kerala

കേരളത്തില്‍ സിപിഎം ഇക്കാര്യം രാഷ്ട്രീയ മുതലെടുപ്പിനായി ഉയര്‍ത്തിക്കഴിഞ്ഞു. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഭരിക്കുന്ന ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന പ്രചാരണമാണ് നാലുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം ചൂണ്ടിക്കാട്ടി സിപിഎം പ്രചാരണമഴിച്ചുവിടുക. ഉത്തരേൻഡ്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസിനൊപ്പം നിലനില്‍ക്കുന്ന മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുളള ന്യൂനപക്ഷപാര്‍ടികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന സിപിഎം ഈ നീക്കം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കിയേക്കും.

വയനാട്ടില്‍ രാഹുല്‍ഗാന്ധി വീണ്ടും മത്സരിക്കാനെത്തിയാല്‍ ഉത്തരേൻഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരിടാന്‍ പോന്ന നേതാവല്ലെന്ന പ്രചാരണമാണ് സിപിഎം അഴിച്ചുവിടുക. ഇതു ദേശീയതലത്തില്‍ ഇൻഡ്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം. തെലങ്കാനയില്‍ ഒഴികെ ഉത്തരേൻഡ്യയിലൊരിടത്തും കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കാത്തതാണ് കനത്ത തിരിച്ചടിയായി മാറിയത്. പ്രിയങ്കാ ഗാന്ധി രാജസ്ഥാനിലുമൊക്കെ പ്രചാരണത്തില്‍ പങ്കെടുത്തുവെങ്കിലും വന്‍ തോതില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല.

മധ്യപ്രദേശില്‍ ജോതിരാദിത്യസിന്ധ്യയ്‌ക്കെതിരെ ബോഡിഷെയിം പരാമര്‍ശവുമായി പ്രിയങ്ക നടത്തിയ പ്രസംഗവും പ്രതികൂലമായി മാറുകയും ചെയ്തു. എന്നാല്‍ എതിര്‍പാളയത്തില്‍ അതിശക്തമായ സംഘടനാസംവിധാനവും ആസൂത്രണമികവും കരുത്താക്കി നരേന്ദ്രമോദി, അമിത്ഷാ കൂട്ടുക്കെട്ടു നടത്തിയ പ്രചാരണവും മോദി ഗ്യാരന്റി എന്ന മുദ്രാവാക്യവും ബിജെപിക്ക് ഏറെ ഗുണം ചെയ്തു. കേരളത്തില്‍ എന്‍ഡിഎ മുന്നണി മൂന്നാമതായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലിയമാറ്റങ്ങളൊന്നാമുണ്ടാക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല.

പതിവുപോലെ ഒന്നോ രണ്ടോമണ്ഡലങ്ങളില്‍ അവര്‍ രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരും. എന്നാല്‍ മൂന്നാം തവണയും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍കാര്‍ കേന്ദ്രം ഭരിക്കുമെന്ന പ്രചരണം അവര്‍ക്ക് കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ഗുണം ചെയ്‌തേക്കാം. പ്രചാരണത്തില്‍ ബിജെപി ആയുധമാക്കുക നാലു സംസ്ഥാനങ്ങളില്‍ നടന്ന സെമിഫൈനല്‍ തിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ നേടിയ വിജയഗാഥയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇക്കാര്യം തുറന്നുപറയുകയുംചെയ്തിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായി കാലിടറുന്നത് കേരളത്തില്‍ മുസ്‌ലിം ലീഗുള്‍പെടെയുളള ഘടകകക്ഷികളെ നിരാശരാക്കിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മുതലെടുക്കാന്‍ സിപിഎം രംഗത്തിറങ്ങുന്നത് എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ കുഴങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

Keywords: News, Kerala, Kannur, Congress, Politics, Congress, National News, Muslim League, Narendra Modi, BJP, Congress's Loss Will Impact in Kerala.
< !- START disable copy paste -->

Post a Comment