Congress | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിക്കാന്‍ സുധാകരന്റെ നീക്കം; കോണ്‍ഗ്രസില്‍ പാളയത്തില്‍ പട

 


/ഭാമ നാവത്ത് 


കണ്ണൂര്‍: (KVARTHA) വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിക്കാനുള്ള കെ സുധാകര വിഭാഗത്തിന്റെ നീക്കം കോണ്‍ഗ്രസില്‍ പ്രതിഷേധത്തിന്റെ തിരയിളക്കമുണ്ടാകുന്നു. കെ സുധാകരന്റെ അതീവ വിശ്വസ്ത രില്‍ ഒരാളായ പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ പേരാണ് ഏറ്റവും ഒടുവില്‍ സുധാകര വിഭാഗം മുന്‍പോട്ടു വയ്ക്കുന്നത്.

ന്യൂനപക്ഷ സമുദായക്കാരനായ സണ്ണി ജോസഫ് മത്സരിച്ചാല്‍ വിജയ സാധ്യത കൂടുതലാണെന്നാണ് സുധാകര വിഭാഗത്തിന്റെ വാദം. എന്നാല്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കത്തെ തുടര്‍ന്ന് കെ സുധാകര പക്ഷത്തുണ്ടായ ചേരിപ്പോര് പിളര്‍പ്പിലേക്കും മറുകണ്ടം ചാടലിലേക്കും എത്താനുള്ള സാധ്യത മുന്‍പില്‍ കണ്ടു കൊണ്ടാണ് സമവായ സ്ഥാനാര്‍ത്ഥിയായി സണ്ണി ജോസഫിനെ മുന്‍പോട്ടു വയ്ക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിക്കുന്ന വിവരം.

രണ്ടാം ടേമില്‍ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും കഷ്ടിച്ചു ജയിച്ചു വന്ന സണ്ണി ജോസഫ് മുന്‍ ഡിസിസി പ്രസിഡന്റും കെ സുധാകരന്റെ അതീവ വിശ്വസ്തരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ ഈ നീക്കം അംഗീകരിക്കില്ലെന്ന നിലപാട് സുധാകര പക്ഷത്തു നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇരട്ട പദവി അംഗീകരിക്കാനില്ലെന്നാണ് സുധാകര വിഭാഗത്തിലെ തന്നെ പ്രമുഖ നേതാക്കള്‍ പറയുന്നത്.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, എ ഐ സി സി വക്താവ് ഡോ. ഷമാ മുഹമ്മദ്, ജില്ലയിലെ വനിതാ നേതാവ് അമ്യതാ രാമക്യഷ്ണന്‍, കെപിസിസി സെക്രട്ടറിമാരിലൊരാളായ ജയന്ത് എന്നിവരാണ് സുധാകരവിഭാഗത്തിലെ മറ്റു സ്ഥാനാര്‍ത്ഥി മോഹികള്‍. യൂത്ത് കോണ്‍ഗ്രസ് നേതാവായ റിജില്‍ മാക്കുറ്റിയും സാധ്യതാ പട്ടികയിലുണ്ട്. എന്നാല്‍ ഇവരെയെല്ലാം മാറ്റി നിര്‍ത്തി തനിക്കു പകരം സണ്ണി ജോസഫിനെ കൊണ്ടുവരാനുള്ള കെ സുധാകരന്റെ നീക്കം പാര്‍ട്ടിയില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിവരം. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന് സുധാകര വിഭാഗം മാത്രമല്ല കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ഗ്രൂപ്പുകളും നോട്ടമിട്ടിട്ടുണ്ട്.

എ വിഭാഗവും ചെറുതല്ലാത്ത അവകാശ വാദം കണ്ണൂര്‍ മണ്ഡലത്തിനായി ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മിന്നും പ്രകടനം നടത്തി ഞെട്ടിച്ച യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി അബ്ദുള്‍ റഷീദാണ് എ വിഭാഗം മുന്‍പോട്ടു വയ്ക്കുന്ന സ്ഥാനാര്‍ത്ഥി. ഇപ്പോള്‍ രമേശ് ചെന്നിത്തല വിഭാഗവുമായി അടുപ്പം പുലര്‍ത്തി വരുന്ന അബ്ദുള്‍ റഷീദ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എ വിഭാഗത്തിന്റെയും ചെന്നിത്തല ഗ്രൂപ്പിന്റെയും വാദം.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നേടിയ അട്ടിമറി വിജയം കെ സുധാകരന്റെ അപ്രമാദിത്വത്തിനേറ്റ തിരിച്ചടിയാണെന്നും ഇനി പണ്ടത്തേതു പോലെ സുധാകരന്‍ പറയുന്നതനുസരിച്ച് കാര്യങ്ങള്‍ നടത്താമെന്ന വ്യാമോഹം വേണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Congress | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിക്കാന്‍ സുധാകരന്റെ നീക്കം; കോണ്‍ഗ്രസില്‍ പാളയത്തില്‍ പട



Keywords: News, Kerala, Kerala-News, Kannur, Kannur-News, Congress, Workers, Protest, Sudhakaran Faction, Contest, Sitting MLA, Kannur Constituency, Politics, Party, Election, Congress workers protest against move of Sudhakaran faction to contest the sitting MLA in Kannur constituency.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia