Follow KVARTHA on Google news Follow Us!
ad

Congress | 'കോണ്‍ഗ്രസ് ഇപ്പോഴും സഞ്ചരിക്കുന്നത് അംബാസിഡര്‍ കാറില്‍'; അന്തിചര്‍ച്ചയിൽ ടി എന്‍ പ്രതാപന്റെ വാദങ്ങളുടെ മുനയൊടിച്ച് ഫഖ്‌റുദ്ദീൻ അലി

'ഈ സാഹചര്യത്തിൽ സിപിഎമ്മിനെയും ബിജെപിയും തോൽപിക്കാൻ കഴിയില്ല' Congress, Politics, കേരള വാർത്തകൾ, Congress, National News
/ നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA) ഏറെക്കാലത്തിനു ശേഷം കോണ്‍ഗ്രസ് വക്താവായി ഏഷ്യാനെറ്റ് ന്യൂസ് ഹവറിലെത്തിയ ടി എന്‍ പ്രതാപന്‍ എം പി വെളളം കുടിച്ച ദിവസമായിരുന്നു ഡിസംബര്‍ ആറിന് വിനു വി ജോണ്‍ നയിച്ച അന്തിചര്‍ച്ച. ലോക്‌സഭയില്‍ കേരളത്തിനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സാമ്പത്തിക അവഗണനയ്‌ക്കെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയതില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതിന്റെ ചൂടും ചൂരും മാറാത്ത വേളയിലാണ് ടി എന്‍ പ്രതാപന്‍ പ്രതിപക്ഷത്തിന് എത്രപ്രധാനമന്ത്രിമാര്‍ എന്ന വിഷയം ചര്‍ച്ച ചെയ്യാനെത്തിയത്.


നാലുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പരാജയവും ഇന്ത്യാമുന്നണി യോഗം വിളിച്ചു ചേര്‍ക്കാനാവാത്തതും രാഹുല്‍ ഗാന്ധിയുടെ പ്രസക്തിയും എടുത്തിട്ടിലക്കിയാണ് വിനു വി ജോണ്‍ ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ നാലു സംസ്ഥാനങ്ങളിലെ പരാജയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു പറയാനാവില്ലെന്നായിരുന്നു പ്രതാപന്റെ വാദമുഖം. തെലങ്കാനയില്‍ ഗ്രാസ് റൂട്ട് ലെവല്‍ കോണ്‍ഗ്രസ് സംഘടനാ മെഷിനറി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും നേരത്തെ കര്‍ണാടകയിലും അതു സംഭവിച്ചിരുന്നുവെന്നു പ്രതാപന്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇതിന്റെ പൊളളത്തരം തുറന്നുകാണിച്ചുകൊണ്ടു മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാര്‍ട്ടി നേതൃത്വവും രാഹുല്‍ ഗാന്ധിയും തിരിഞ്ഞു നോക്കിയതേയില്ലെന്നു വിനു വി ജോണ്‍ ഇടയ്ക്കു കയറി ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമാണ് മൂന്നിടങ്ങളിലും അനുഭവിച്ചതെന്ന അവതാരകന്റെ പരോക്ഷമായ വിമര്‍ശനത്തില്‍ നിന്നും ഒഴിഞ്ഞു മാറാനും ഇന്ത്യയിലെ പൊതുസ്വീകാര്യതയുളള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നു ആവര്‍ത്തിക്കുകയായിരുന്നു ടി. എന്‍ പ്രതാപന്‍.

എന്നാല്‍ സഹപാനലിസ്റ്റായ ഡോ. ഫക്രുദ്ദീന്‍ അലി ഇക്കാര്യത്തില്‍ വളരെ കൃത്യമായ നിലപാടാണ് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അംബാസിഡർ കാലത്താണ് സഞ്ചരിക്കുന്നതെയന്നും മോദിയും ബി.ജെ.പിയും ലാന്‍സ് ക്രൂയിസില്‍ അതിവേഗത്തില്‍ മുന്‍പോട്ടു പോകുമ്പോള്‍ വഴിയില്‍ കിടന്ന കോണ്‍ഗ്രസ് എന്ന അംബാസിഡര്‍ കാറിനെ തളളികൊണ്ടു പോവുകയാണ് ആ പാര്‍ട്ടിയെന്നും ഫഖ്‌റുദ്ദീൻ അലി പരിഹസിച്ചു. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സിപിഎമ്മിനെയും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന നരേന്ദ്രമോദിയെയും തോല്‍പിക്കാന്‍ ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കഴിയുകയില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തില്‍ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന് ജനപിന്‍തുണ കൂടിവരികയാണ്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും ഫഖ്‌റുദ്ദീൻ അലി ചൂണ്ടിക്കാട്ടി. ഇതിനോട് യോജിച്ചു കൊണ്ടാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ. ഗോപകുമാറും സംസാരിച്ചത്. യുപിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പോലെ രണ്ടു ടേം പൂര്‍ത്തിക്കാറായ നരേന്ദ്രമോദി സര്‍ക്കാര്‍ നേരിട്ടില്ലെന്നും അതു കൊണ്ടു തന്നെ മികച്ച ഭരണമാണ് രാജ്യത്തുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനൊക്കെ ഒരുപടി കടന്ന് ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനം കേരളത്തിലെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതു ഇവിടെ പാര്‍ട്ടിക്ക് തടസമായി മാറുന്നുവെന്ന വാദമാണ് ബി.ജെ.പി വക്താവായ അനന്തപത്മനാഭന്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയില്‍ ഒട്ടെറെ വികസനപ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതാണെന്നു ഇതിനെ പ്രതിരോധിച്ചു കൊണ്ടു ടി. എന്‍ പ്രതാപന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ജനങ്ങളില്‍ എത്താത്തത് വലിയ വീഴ്ചയാണെന്നു പറഞ്ഞു കൊണ്ടു മറ്റുളളവര്‍ കൗണ്ടര്‍ ചെയ്തതോടെ പ്രതിപക്ഷത്തിന് എത്രപ്രധാനമന്ത്രിമാര്‍ എന്ന വിഷയത്തിലുളള ചര്‍ച്ചയ്ക്കു പര്യവസാനമാവുകയായിരുന്നു.

(ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ലേഖകന്റെ സ്വന്തം അഭിപ്രായങ്ങളാണ്. ഇതിലെ പരാമർശങ്ങളിൽ സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് അറിയിക്കുന്നു - എഡിറ്റർ)

Keywords: News, Kerala, Kannur, National, Congress, Politics, Congress, National News, Notice, Central Govt., Congress still rides in ambassador car.
< !- START disable copy paste -->

Post a Comment