Criticized | 'അടി, അടിയെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു നേതാവ് ഇതിന് മുമ്പ് കേരളത്തിലുണ്ടായിട്ടില്ല'; മാധ്യമങ്ങള്‍ അത് കാണുന്നില്ലേ? എല്ലായ് പ്പോഴും സംയമനത്തിനാണ് ഞാന്‍ ആഹ്വാനം ചെയ്തത്; വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

 


തിരുവനന്തപുരം: (KVARTHA) പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടി, അടിയെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു നേതാവ് ഇതിന് മുമ്പ് കേരളത്തിലുണ്ടായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങള്‍ അത് കാണുന്നില്ലേ എന്നും ചോദിച്ചു. എല്ലായ് പ്പോഴും സംയമനത്തിനാണ് ഞാന്‍ ആഹ്വാനം ചെയ്തത്. അപ്പോഴും അടി അടി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ആലപ്പുഴയില്‍ നവകേരള സദസില്‍ പങ്കെടുത്ത ഒരാള്‍ക്കെതിരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി എന്നും മഖ്യമന്ത്രി പറഞ്ഞു.

Criticized | 'അടി, അടിയെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു നേതാവ് ഇതിന് മുമ്പ് കേരളത്തിലുണ്ടായിട്ടില്ല'; മാധ്യമങ്ങള്‍ അത് കാണുന്നില്ലേ? എല്ലായ് പ്പോഴും സംയമനത്തിനാണ് ഞാന്‍ ആഹ്വാനം ചെയ്തത്; വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

നവകേരള സദസ് അത്യപൂര്‍വമായ അധ്യായമായി. പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും നാടിന്റെ മുന്നോട്ട് പോക്കിനുമായി കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നേറുന്നതിനുള്ള ജനപിന്തുണയാണ് നവകേരള സദസിലൂടെ സര്‍കാര്‍ തേടിയത്. വമ്പിച്ച പങ്കാളിത്തത്തിലൂടെ കേരള ജനത പിന്തുണച്ചു. നിലപാട് മാറ്റം കേന്ദ്ര സര്‍കാരില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ശ്രമങ്ങള്‍ അതിനായി വേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളയാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ടെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.

പൊലീസ് കേസെടുക്കുന്നത് അവരുടെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പൊലീസ് നടപടി തെറ്റാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. സാധാരണ മാധ്യമപ്രവര്‍ത്തനം ഗൂഢാലോചന അല്ല. അതില്‍ നിന്ന് മാറിപ്പോകുമ്പോഴാണ് ഗൂഢാലോചന ആകുന്നത്. ഗൂഢാലോചന അല്ല എന്ന് തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കിക്കോളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'മാധ്യമ പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനമായി നടത്തണം. അതിന് ആരും ഇവിടെ തടസമുണ്ടാക്കുന്നില്ല. പൊലീസ് കേസെടുത്തിരിക്കുന്നത് ഗൂഢാലോചനയുടെ പേരിലാണ്. ഞാനത് പരിശോധിക്കേണ്ട കാര്യമില്ല. പൊലീസ് പറയുന്നതില്‍ എനിക്ക് വിശ്വാസക്കുറവില്ല. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുണ്ട്. ഒച്ച ഉയര്‍ത്തി കാര്യം നടത്താമെന്ന് ആരും കരുതേണ്ട' എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍കാരിനെതിരെ ഹൈകോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ:

ഹൈകോടതി സര്‍കാരിനെ വിമര്‍ശിച്ചതായി കാണേണ്ട. ഹൈകോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സര്‍കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങള്‍ അവര്‍ പറയുന്നു. അതില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ സര്‍കാര്‍ നടപ്പാക്കും. 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1600 രൂപയാക്കി നല്‍കുന്നത് ആരും പറഞ്ഞിട്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM Pinarayi Vijayan Criticized VD Satheesan, Thiruvananthapuram, News, CM Pinarayi Vijayan, Criticized, VD Satheesan, Politics, Media, High Court, Pension, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia