Chief Minister | നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്; കാനം രാജേന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (KVARTHA) ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍, തൊഴിലാളിവര്‍ഗ ഐക്യത്തെ ബലപ്പെടുത്തുന്നതില്‍, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതില്‍, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തു രക്ഷിക്കുന്നതില്‍ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്.

Chief Minister | നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്; കാനം രാജേന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്ന കേരളത്തിന്റെ അനിഷേധ്യ നേതാക്കളില്‍ ഒരാളായ കാനം എന്നും നിസ്വജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂനിയന്‍ നേതാവ് എന്ന നിലയില്‍ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും ശ്രദ്ധിച്ച നേതാവാണ് കാനം. വിദ്യാര്‍ഥി യുവജന തൊഴിലാളി മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ പല ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതിന്റെ അനുഭവസമ്പത്ത് സി പി ഐ സംസ്ഥാന സെക്രടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് വലിയ അടിത്തറയൊരുക്കി.

നിയമസഭയില്‍ അംഗമായിരുന്ന കാലയളവില്‍ ജനജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയില്‍ അവതരിപ്പിച്ചിരുന്നു. നിയമനിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്തു നിലകൊണ്ടു. ശ്രദ്ധേയനായ നിയമസഭാ സാമാജികന്‍, കരുത്തനായ സംഘാടകന്‍, മികച്ച വാഗ്മി, പാര്‍ടി പ്രചാരകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയനായിരുന്നു കാനം.

സി പി ഐ, സി പി ഐ (എം) ബന്ധം ദൃഢമാക്കുന്നതിലും അദ്ദേഹം എന്നും ശ്രദ്ധ വെച്ചു. വ്യക്തിപരമായ നിലയില്‍ നോക്കിയാല്‍ പല പതിറ്റാണ്ട് രാഷ്ട്രീയ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ നിരവധി ഓര്‍മകള്‍ ഈ നിമിഷത്തില്‍ മനസ്സില്‍ വന്നു നിറയുന്നുണ്ട്. പലതും വൈകാരിക സ്പര്‍ശമുള്ളവയാണ്. മനസ്സിനോട് വളരെയേറെ ചേര്‍ന്നുനിന്ന സുഹൃത്തും സഖാവും ആയിരുന്നു കാനം എന്നു മാത്രം പറയട്ടെ.

ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലത്തിന്റെ ഏറ്റവും വലിയ ആവശ്യകതയായ ഒരു ഘട്ടത്തിലാണ് കാനത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. നികത്താനാവാത്ത നഷ്ടമാണിത്. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.

ഇടതുപക്ഷത്തിന്റെ എന്നല്ല കേരളത്തിന്റെ പൊതുവായ നഷ്ടമാണിത്. നിസ്വാര്‍ഥനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിനു നഷ്ടമായത്. സി പി ഐയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. കേരള ജനതയുടെയാകെ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അനുശോചിച്ച പ്രമുഖര്‍

തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്‌


സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. എഴുപതുകളിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം യുവജനസംഘടനാ നേതാവ്, മികച്ച ട്രേഡ് യൂനിയന്‍ നേതാവ് എന്നീ നിലകളിലും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു.

ഏഴും എട്ടും നിയമസഭകളില്‍ വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് അംഗമായ കാനം ജനകീയവികാരം ഫലപ്രദമായി സഭയില്‍ പ്രതിഫലിപ്പിക്കുന്ന മികച്ച സാമാജികനായിരുന്നു. 2015 മുതല്‍ സി പി ഐ സംസ്ഥാന സെക്രടറിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവായിരുന്നു. എല്‍ ഡി എഫില്‍ കുഴപ്പമുണ്ടാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളെ സമര്‍ഥമായി പ്രതിരോധിച്ച് പരാജയപ്പെടുത്തിയ നേതാവാണ്.

മിതവും ശക്തവുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍. പറയാനുള്ളത് ഏറ്റവും സൗമ്യമായും ഏറ്റവും വ്യക്തമായും അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതയും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് കാനത്തിന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

രമേശ് ചെന്നിത്തല

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കെടുത്ത നേതാവാണ് കാനം. പ്രതിസന്ധികളില്‍ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാന്‍ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല.

1982-ല്‍ ഞങ്ങള്‍ ഒരുമിച്ചാണ് നിയമസഭയില്‍ എത്തിയത്. പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്ന കാനം എന്നും ഉറച്ച ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു. കാനത്തിന്റെ തികച്ചും അപ്രതീക്ഷിതമായ ദേഹവിയോഗം സംബന്ധിച്ച വാര്‍ത്ത ഞെട്ടലോടെയാണ് താന്‍ ശ്രവിച്ചത്. കാനത്തിന്റെ വേര്‍പാടില്‍ ബന്ധുമിത്രാതികളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജ് 

ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന നേതാവാണ് കാനം രാജേന്ദ്രന്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ചയ്ക്ക് കാനം നല്‍കിയ സംഭാവന വളരെ വലുതാണ്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേര്‍പാട് വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങളുടേയും പ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

മന്ത്രിമാരുടെ യോഗം അനുശോചിച്ചു

സി പി ഐ സംസ്ഥാന സെക്രടറിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമുന്നത നേതാവുമായ കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്. 

സംസ്കാരം നടക്കുന്ന  ഞായറാഴ്ച  ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ്സ് തുടങ്ങുക. രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടർന്ന് 3 .30  കോതമംഗലം, 4 .30  മൂവാറ്റുപുഴ, 6 .30  തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ. 
ശനിയാഴ്ചത്തെ പരിപാടികളിൽ മാറ്റമില്ല.

Keywords:  Chief Minister Pinarayi Vijayan condoled the death of Kanam Rajendran, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Condoled, CPI Leader, Politics, Assembly Member, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia