Charge Sheet | വിവാദമായ മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 84,600 പേജുള്ള കുറ്റപത്രത്തില്‍ 12 പ്രതികള്‍; ചുമത്തിയിട്ടുള്ളത് 43 കുറ്റങ്ങള്‍

 


കല്‍പറ്റ: (KVARTHA) വിവാദമായ മുട്ടില്‍ മരം മുറിക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ സംഘത്തലവന്‍ ഡിവൈ എസ് പി വിവി ബെന്നി സുല്‍ത്താന്‍ ബത്തേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം തുടങ്ങി രണ്ടുവര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 

Charge Sheet | വിവാദമായ മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 84,600 പേജുള്ള കുറ്റപത്രത്തില്‍ 12 പ്രതികള്‍; ചുമത്തിയിട്ടുള്ളത് 43 കുറ്റങ്ങള്‍

84,600 പേജുള്ള കുറ്റപത്രത്തില്‍ 12 പ്രതികളാണുള്ളത്. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യപ്രതികള്‍. പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കല്‍ അടക്കം 43 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സര്‍കാരിലേക്ക് നിക്ഷിപ്തമായ മരങ്ങള്‍ മുറിച്ചതിന് ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ടും ചുമത്തിയിട്ടുണ്ട്.

മുട്ടില്‍ സൗത് വിലേജിലെ തൃക്കൈപ്പറ്റയില്‍ സര്‍കാരിലേക്ക് നിക്ഷിപ്തമായ 104 ഈട്ടിമരങ്ങള്‍ റോജിയും സംഘവും മുറിച്ചുകടത്തിയെന്നാണ് കേസ്. 1964-നുശേഷം നട്ടുവളര്‍ത്തിയതും പൊടിച്ചതുമായ മരങ്ങള്‍ ഭൂവുടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് റവന്യുവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറപിടിച്ചായിരുന്നു മരംമുറി.

500 വര്‍ഷത്തിലേറെ പഴക്കമുള്ള മൂന്നു മരങ്ങളും 400 വര്‍ഷത്തിലധികം പഴക്കമുള്ള ഒമ്പതു മരങ്ങളും ഉള്‍പെടെ 112 രാജകീയ വൃക്ഷങ്ങള്‍ മുറിച്ചുകടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 9000 രേഖകളും 420 സാക്ഷികളുമുണ്ട്. 85 മുതല്‍ 574 വര്‍ഷംവരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികള്‍ക്കെതിരായ ശക്തമായ തെളിവാണ്.

സര്‍കാര്‍ അനുമതിയുണ്ടെന്ന് കബളിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചതിനും കര്‍ഷകരുടെ പേരില്‍ വ്യാജ അപേക്ഷ തയാറാക്കിയതിനും കേസിലെ മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിനെതിരെ വ്യാജരേഖ ചമയ്ക്കല്‍ കുറ്റവും പൊലീസ് ചുമത്തിയിട്ടുണ്ട്.

മരംമുറിക്കേസില്‍ റവന്യുവകുപ്പ് ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം 35 പേര്‍ക്ക് നോടീസ് നല്‍കിയിരുന്നു. കബളിപ്പിക്കപ്പെട്ട കര്‍ഷകര്‍ക്കും നോടീസ് ലഭിച്ചതിനാല്‍ തത്കാലം ഇതിന്‍മേലുള്ള തുടര്‍നടപടികള്‍ മരവിപ്പിച്ചിരിക്കയാണ്. പൊലീസിനും റവന്യുവിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

ഭൂവുടമകളായ അബൂബക്കര്‍, മനോജ്, അബ്ദുല്‍ നാസര്‍, മുട്ടില്‍ സൗത് സ്‌പെഷല്‍ വിലേജ് ഓഫിസറായിരുന്ന കെ ഒ സിന്ധു, വിലേജ് ഓഫിസര്‍ കെകെ അജി, അഗസ്റ്റിന്‍ സഹോദരന്മാരുടെ ഡ്രൈവര്‍ വിനീഷ് എന്നിവരും കേസില്‍ പ്രതികളാണ്.

Keywords: Charge sheet filed in Muttil Tree Felling Case; Augustine brothers named key accused,
Wayanad, News, Charge Sheet Filed, Muttil Tree Felling Case, Police, Court, Probe, Village Officer, Accused, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia