Supreme Court | കേന്ദ്രസര്‍കാരിന് ആശ്വാസം: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞ നടപടി ശരിവെച്ച് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (KVARTHA) ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍കാരിന്റെ നടപടി ശരിവെച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും കശ്മീര്‍ ഇന്‍ഡ്യയുടെ അവിഭാജ്യ ഘടകമാണെന്നും മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

Supreme Court | കേന്ദ്രസര്‍കാരിന് ആശ്വാസം: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞ നടപടി ശരിവെച്ച് സുപ്രീംകോടതി

കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്നും രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെന്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരില്‍ 2024 സെപ്തംബര്‍ 30നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങി വിവിധ പാര്‍ടികളും, വ്യക്തികളും, സംഘടനകളും നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറയുന്നത്. ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസം വാദം കേട്ടശേഷമാണ് കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്.

രാഷ്ട്രപതിയുടെ തീരുമാനം ഭരണഘടനപരമോ, 370ാം അനുച്ഛേദം സ്ഥിരമോ താല്‍ക്കാലികമോ, നിയമസഭ പിരിച്ചുവിട്ടത് നിയമപരമോ, രണ്ടായി വിഭജിച്ചത് ശരിയോ എന്നീ വിഷയങ്ങളാണ് കോടതി പ്രധാനമായും പരിശോധിച്ചത്. മൂന്നു വ്യത്യസ്ത വിധികളാണ് പറയുന്നതെങ്കിലും തീരുമാനം ഏകകണ്ഠമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധികളെഴുതി.

ആദ്യവിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതാണ്. ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഈ വിധിയോട് യോജിച്ചത്. സഞ്ജയ് കിഷന്‍ കൗളും സഞ്ജീവ് ഖന്നയുമാണ് പ്രത്യേക വിധികളെഴുതിയത്.

വിപുലമായ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നെങ്കിലും സുപ്രീം കോടതി അതിനു തയാറായില്ല. ദീര്‍ഘകാലം കേന്ദ്രഭരണപ്രദേശമായി ജമ്മു കശ്മീര്‍ തുടരാന്‍ അനുവദിക്കില്ലെന്ന പരാമര്‍ശവും ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി. അതേസമയം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്‍കാരും ഉറപ്പു നല്‍കിയിട്ടുണ്ട്.

2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പത്തര ദിവസമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദം നടത്തിയത്. കേന്ദ്ര സര്‍കാര്‍ അഞ്ചര ദിവസവും. സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രമണ്യം, രാജീവ് ധവാന്‍, സഫര്‍ മുഹമ്മദ് ശാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദം നിരത്തിയത്.

രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതും ഹര്‍ജിക്കാര്‍ ചോദ്യംചെയ്തിരുന്നു. ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭയുടെ കാലാവധി 1957-ല്‍ അവസാനിച്ചതോടെ 370-ാം അനുച്ഛേദം ഇല്ലാതായെന്ന് ചില ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം, 1957-നുശേഷം 370-ാം വകുപ്പിന് സ്ഥിരസ്വഭാവം കൈവന്നെന്ന വാദവുമുണ്ട്. എന്നാല്‍, 370-ാം വകുപ്പ് ഭരണഘടനയില്‍ താത്കാലിക വകുപ്പായാണ് ഉള്‍ക്കൊള്ളിച്ചതെന്നായിരുന്നു കേന്ദ്രസര്‍കാര്‍ വാദം.

അതിനിടെ വിധി പ്രസ്താവത്തിന് തൊട്ടുമുമ്പ് മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. കശ്മീരിലാകെ കനത്ത സുരക്ഷയേര്‍പ്പാടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ വീട്ടുതടങ്കലിലാണെന്നുള്ളത് പൊലീസും ലെഫ്റ്റനന്റ് ഗവര്‍ണറും നിഷേധിച്ചു.

വിധി വരുന്നതിന് മുമ്പ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചര്‍ചയായി. ചില യുദ്ധങ്ങള്‍ തോല്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. വരും തലമുറയ്ക്ക് മനസിലാക്കാന്‍ വേണ്ടി അസ്വസ്ഥമായ വസ്തുതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും കപില്‍ സിബല്‍ കുറിച്ചു.

Keywords:  Article 370 for integration, not disintegration of Jammu and Kashmir: Supreme Court, New Delhi, News, Politics, Supreme Court, Article 370, Jammu and Kashmir, Chief Justice, Parliament, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia