Follow KVARTHA on Google news Follow Us!
ad

Award | അഖില ഭാരതശ്രീമദ് ഭാഗവത മഹാസത്രം മള്ളിയൂര്‍ പുരസ്‌കാരം ജ്യോതിഷ കുലപതി കപാലി നമ്പൂതിരിക്ക്

ഗുരുവായൂരപ്പന്റെ സ്വര്‍ണ ലോകറ്റും അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ് Award, Kapali Namboothiri, Vedam, Kerala
കണ്ണൂര്‍: (KVARTHA) ഗുരുവായൂര്‍ അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതിയുടെ 2023 ലെ മള്ളിയൂര്‍ ഭാഗവത ഹംസ പുരസ്‌കാരത്തിന് ആധ്യാത്മിക പ്രഭാഷകനും ഭാഗവത പണ്ഡിതനും ജ്യോതിഷ കുലപതിയുമായ മാന്ത്രല്‍ മഴൂര്‍ കപാലി നമ്പൂതിരി അര്‍ഹനായി. ഗുരുവായൂരപ്പന്റെ സ്വര്‍ണ ലോകറ്റും അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

Akhila Bharat Shrimad Bhagavata Mahasatram Malliyur Award to Jyotisha Samrat Kapali Namboothiri, Kannur, News, Religion, Temple, Award, Kapali Namboothiri, Jothisham, Vedam, Kerala

കണ്ണൂര്‍ ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്രം ദ്വാരകാപുരിയില്‍ ഡിസംബര്‍ 14 നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമാപന സഭയില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് സമ്മാനിക്കുമെന്ന് സത്രം അധ്യക്ഷന്‍ കെ ശിവശങ്കരനും ജെനറല്‍ സെക്രടറി ടിജി പദ്മനാഭന്‍ നായരും അറിയിച്ചു.

പെരിഞ്ചല്ലൂരിലെ പ്രസിദ്ധ വേദ പണ്ഡിതതനായിരുന്ന മാന്ത്രല്‍ മഴൂര് ദാമോദരന്‍ നമ്പൂതിരിയുടെയും തീടില്‍ പുളിയപ്പറമ്പ് ആര്യ അന്തര്‍ജനത്തിന്റെയും മകനായി 1942 ജൂലായ് രണ്ടിനാണ് ജനിച്ചത്. അച്ഛന്‍ ദാമോദരന്‍ നമ്പൂതിരിയാണ് ആദ്യ വേദ-സംസ്‌കൃത ഗുരു. തളിപ്പറമ്പ് പെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ പ്രസിദ്ധ സംസ്‌കൃത-തന്ത്ര ശാസ്ത്ര പണ്ഡിത ഇരിവേശി പുടവര്‍ മാധവന്‍ നമ്പൂതിരിയില്‍ നിന്ന് സംസ്‌കൃതവും വേദ പഠനവും ദൈവജ്ഞ രത്നം തൃച്ചംബരം പികെ കൃഷ്ണന്‍ നായരില്‍ നിന്നു ജ്യോതിഷവും പഠിച്ച കപാലി നമ്പൂതിരി നാല്പതാം വയസില്‍ ജ്യോതിഷ രംഗത്ത് സ്വന്തമായി സ്ഥാനമുറപ്പിക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍ ഇല്ലം വകയുള്ള കാരോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്ര കര്‍മങ്ങളില്‍ സജീവമായിരുന്നു.

ദേവപ്രശ്നം, അഷ്ടമംഗല്യ സ്വര്‍ണ പ്രശ്നം, ജാതക നിരൂപണം എന്നീ മേഖലകളില്‍ മറ്റു ജ്യോതിഷ പണ്ഡിതന്മാരില്‍ നിന്ന് വേറിട്ട വഴി വെട്ടിത്തെളിച്ചു. തന്ത്രി സമാജം ജ്യോതിഷ കുലപതി പുരസ്‌കാരവും എടക്കാട് മഹാവിഷ്ണു ക്ഷേത്രം പ്രശ്ന മാര്‍ഗ ആചാര്യ പട്ടവും കൈമുക്ക് വൈദികന്‍ തൃശ്ശൂര്‍ പാരമേശ്വരിയ ജ്യോതിഷ പുരസ്‌കാരവും
ചേളന്നൂര്‍ ധന്വന്തരി ക്ഷേത്രം ധന്വന്തരി പുരസ്‌കാരവും ജ്യോതിഷ ശിരോമണി ബിരുദ മടക്കം നിരവധി പുരസ്‌കാരങ്ങളും ആദരങ്ങളും കപാലിയെ തേടിയെത്തിയിട്ടുണ്ട്.

തളിപ്പറമ്പ് മുക്കുന്ന് മാന്ത്രല്‍ മഴൂര് ഇല്ലത്ത് ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടും തന്ത്ര ശാസ്ത്രാചാര്യന്‍ മാധവന്‍ നമ്പൂതിരിയും ചിന്തകനും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായിരുന്ന പി പരമേശ്വരനും സന്ദര്‍ശനം നടത്തിയത് കപാലി നമ്പൂതിരിയുടെ ജീവിതത്തെ മാറ്റിമറിച്ചു. സനാതന ധര്‍മശാസ്ത്രങ്ങളുടെ പ്രചാരകനായി മാറി.

ആധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രീമദ് ഭാഗവത തത്വം ലളിതമായി അവതരിപ്പിച്ചു. വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തന്റെ പ്രഭാഷണങ്ങളിലൂടെ വ്യാഖ്യാനിച്ചു. ഉത്തര കേരളത്തിലെ ആദ്യത്തെ ആധ്യാത്മിക പ്രഭാഷകനായാണ് കപാലി നമ്പൂതിരിയെ വിശേഷിപ്പിക്കുന്നത്. ജ്യോതിഷ ഫല ഗണനചിന്തയും ഫല നിരൂപണവും കൃത്യവും സത്യസന്ധവുമായി രേഖപ്പെടുത്താന്‍ കപാലി എന്നും ശ്രമിച്ചിരുന്നു.

ഹോര, പ്രശ്ന മാര്‍ഗം തുടങ്ങി ജ്യോതിഷ സംബന്ധിയായ എല്ലാ ഗ്രന്ഥങ്ങളും പഠിച്ച് ഹൃദിസ്ഥമാക്കിയ പണ്ഡിതനാണ് കപാലി. ഫലപ്രവചനത്തിലെ കൃത്യതയും നിഷ്ഠയും അദ്ദേഹത്തെ പ്രശസ്തനാക്കി. ചെറുവള്ളി നാരായണന്‍ നമ്പൂതിരി, ഉഡുപ്പി രാമമൂര്‍ത്തി, പുത്തൂര്‍ ലക്ഷ്മി നാരായണന്‍, സുള്ള്യ ശങ്കരനാരായണ കാരന്ത്, കല്ലംപള്ളി പരമേശ്വരന്‍ നമ്പൂതിരി, വള്ളിക്കുന്ന് ബാലകൃഷ്ണ പണിക്കര്‍ തുടങ്ങിയ 20 ഓളം ശിഷ്യര്‍ കപാലി നമ്പൂതിരിയില്‍ നിന്ന് ഗുരുകുല രീതിയില്‍ വിദ്യ അഭ്യസിച്ചവരാണ്.

ജ്യോതിഷ സംബന്ധിയായ സംശയങ്ങള്‍ക്ക് അവസാന വാക്കാണ് കപാലി നമ്പൂതിരി. പ്രതിഫലേച്ഛയില്ലാതെ കര്‍മം ചെയ്യുന്ന സാത്വികനായ പണ്ഡിതനാണ് കപാലി. തന്റെ പാണ്ഡിത്യഗര്‍വ് ഒട്ടുമില്ലാതെ മാധവ സേവ മാനവ സേവയാണെന്ന് വിശ്വസിക്കുന്ന വ്യക്തിത്വം.

വലിപ്പ ചെറുപ്പമില്ലാതെ തന്റെ ഇല്ലത്ത് എത്തുന്നവരുടെ ജ്യോതിഷ സംബന്ധിയായ സംശയങ്ങള്‍ക്ക് മറുപടി നല്കുന്ന മാതൃകാചാര്യനാണ്. മണിക്കൂറുകളോളമെടുത്ത് ജാതകം പഠിച്ച് ഫല നിരൂപണം നടത്തുന്ന ഇന്നു ജീവിച്ചിരിക്കുന്ന ഏക പണ്ഠിതനാണ് 81 കഴിഞ്ഞ കപാലി നമ്പൂതിരി.

വിവിധ സംസ്ഥാനങ്ങളില്‍ പ്രഭാഷകനായും ദേവപ്രശ്നങ്ങള്‍ക്കും സഞ്ചരിച്ച കപാലി ഭാരതത്തിനു പുറത്ത് പോകാന്‍ ഒട്ടേറെ അവസരമുണ്ടായിട്ടും അവയൊക്കെ നിഷേധിക്കുകയായിരുന്നു.

ഭാര്യ: വരിക്കോട്ട് മല്ലിശ്ശേരി ഇല്ലത്ത് സാവിത്രി അന്തര്‍ജനം. മക്കള്‍: ആര്യ കൃഷ്ണന്‍ നമ്പൂതിരി കക്കാട്ട് മനമാന്ത്രല്‍ മഴൂര്‍ ദാമോദരന്‍ നമ്പൂതിരി മുക്കുന്ന്(ജ്യോത്സ്യന്‍).

Keywords: Akhila Bharat Shrimad Bhagavata Mahasatram Malliyur Award to Jyotisha Samrat Kapali Namboothiri, Kannur, News, Religion, Temple, Award, Kapali Namboothiri, Jothisham, Vedam, Kerala.

Post a Comment