AIMIM | തെലങ്കാനയിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിക്ക് ഞെട്ടൽ; സ്വന്തം കോട്ടകളിൽ പിന്നിലായി; മുസ്ലീം വോട്ടുകൾ പോയതെങ്ങോട്ട്?

 


ഹൈദരാബാദ്: (KVARTHA) തെലങ്കാനയിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീന് (AIMIM) തിരിച്ചടി. നാലിടത്ത് മാത്രമാണ് പാർട്ടി മുന്നിലുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം ഏഴ് സീറ്റുകൾ നേടിയിരുന്നു. മുൻകാല റെക്കോർഡും വോട്ടിംഗും പരിശോധിച്ചാൽ, പഴയ ഹൈദരാബാദ് നഗരം ഉൾക്കൊള്ളുന്ന മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിൽ പാർട്ടി അജയ്യമാണ്. നാല് പതിറ്റാണ്ടിലേറെയായി ഹൈദരാബാദ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തി വരികയായിരുന്ന എഐഎംഐഎമ്മിന് തിരഞ്ഞെടുപ്പ് ഫലം നിരാശയാണ് സമ്മാനിച്ചത്.

AIMIM | തെലങ്കാനയിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിക്ക് ഞെട്ടൽ; സ്വന്തം കോട്ടകളിൽ പിന്നിലായി; മുസ്ലീം വോട്ടുകൾ പോയതെങ്ങോട്ട്?

നിലവിൽ ചന്ദ്രയാൻഗുട്ട, മലക്പേട്ട്, ചാർമിനാർ, ബഹദൂർപുര നിയമസഭാ മണ്ഡലങ്ങളിലാണ് എഐഎംഐഎം സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. നാമ്പള്ളി പോലുള്ള കോട്ടകളിൽ കോൺഗ്രസിനോട് എഐഎംഐഎം തോൽക്കുന്നത് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിരിക്കും. അസദുദ്ദീൻ ഉവൈസി ശക്തമായ പ്രചാരണം നടത്തിയ മണ്ഡലം കൂടിയാണ് നാമ്പള്ളി. തിരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ ഏഴ് സീറ്റുകൾ പഴയ ഹൈദരാബാദ് മേഖലയിൽ നിന്നുള്ളതാണ്.

തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസും ഉവൈസിയും തമ്മിൽ രൂക്ഷമായ വാക് പോരായിരുന്നു. പൊതുയോഗങ്ങളിൽ കോൺഗ്രസ് നേതാക്കളും ഉവൈസിയും പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിആർഎസുമായി ഉവൈസിയുടെ പാർട്ടിക്ക് സഖ്യമുണ്ട്. എന്നാൽ ഹൈദരാബാദ് മേഖലയിൽ ഇരുപാർട്ടികളും സൗഹൃദമത്സരത്തിലായിരുന്നു.

ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലും നഗരത്തിലെ ഏഴ് മുസ്ലീം ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങളിലും ആധിപത്യം നിലനിർത്തുമ്പോൾ തന്നെ, 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളിൽ എഐഎംഐഎം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ടിആർഎസിനെ പിന്തുണച്ചിരുന്നു. ഈ സൗഹൃദവും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മതേതര പ്രതിച്ഛായയും സംസ്ഥാനത്തെ 40 ലക്ഷം വരുന്ന മുസ്‌ലിംകളുടെ പിന്തുണ ഉറപ്പാക്കാൻ ബിആർഎസിനെ സഹായിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ 119 സീറ്റുകളിൽ 45 ലും മുസ്ലീം വോട്ട് നിർണായകമാണ്. എഐഎംഐഎം മത്സരിക്കാത്ത സീറ്റുകളിൽ മുസ്ലീം വോട്ടർമാർ ബിആർഎസിന് വോട്ട് ചെയ്യണമെന്ന് ഉവൈസി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ഇതാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ കോൺഗ്രസ് എഐഎംഐഎമ്മിനെ രൂക്ഷമായി ലക്ഷ്യമിട്ടത്. തെലങ്കാനയിലെ മുസ്ലീം ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 13 ശതമാനമാണ്. ഹൈദരാബാദിലെ 10 നിയോജക മണ്ഡലങ്ങളിൽ 35 മുതൽ 60 ശതമാനം വരെ മുസ്ലീം വോട്ടർമാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ മുസ്ലിം വോട്ടുകൾ ഇത്തവണ കോൺഗ്രസിനെ തുണച്ചുവെന്നാണ് വ്യക്തമാകുന്നത്.

Keywords: Election, Politics, Election News, Telangana, Assembly, Hyderabad, Muslim, Congrass, Asaduddin Owaisi, AIMIM loses sheen in Telangana Assembly election.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia