Tunnel | ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ എന്ന് പുറത്തെത്തും? നടക്കുന്ന വമ്പൻ രക്ഷാപ്രവർത്തനങ്ങൾ ഇങ്ങനെ; ഗുഹയിൽ നിന്ന് രക്ഷിച്ച തായ്‌ലൻഡിൽ നിന്നും നോർവേയിൽ നിന്നുമുള്ള സംഘങ്ങളും സഹായത്തിന്

 


ഉത്തരകാശി: (KVARTHA) ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാര ഗ്രാമത്തിൽ തുരങ്കത്തിൽ കുടുങ്ങിയ 40 ഓളം തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഏഴാം ദിവസവും തുടരുകയാണ്. 25 മീറ്ററാണ് അമേരിക്കൻ നിര്‍മിത യന്ത്രങ്ങളുപയോഗിച്ച് ഇതുവരെ ഡ്രില്ല് ചെയ്തത്. 45 മീറ്ററോളം ഇനിയും ഡ്രില്ല് ചെയ്യാനുണ്ട്.

Tunnel | ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ എന്ന് പുറത്തെത്തും? നടക്കുന്ന വമ്പൻ രക്ഷാപ്രവർത്തനങ്ങൾ ഇങ്ങനെ; ഗുഹയിൽ നിന്ന് രക്ഷിച്ച തായ്‌ലൻഡിൽ നിന്നും നോർവേയിൽ നിന്നുമുള്ള സംഘങ്ങളും സഹായത്തിന്

  ദീപാവലി ദിനത്തിലെ ദുരന്തം

ദീപാവലി ദിനത്തിൽ ഞായറാഴ്ച രാവിലെയാണ് മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയിലെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നത്. പുലർച്ചെ അഞ്ച് മണിയോടെ ഒരു സംഘത്തിന്റെ നൈറ്റ് ഷിഫ്റ്റ് അവസാനിക്കുന്നതിന് മുമ്പ്, 200 മീറ്റർ ഉള്ളിലെ തുരങ്കത്തിന്റെ മുകൾ ഭാഗത്തിന്റെ വലിയൊരു ഭാഗം താഴേക്ക് പതിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ 70 മീറ്ററോളം വ്യാപിക്കുകയും ചെയ്തു. ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അകത്ത് കുടുങ്ങിക്കിടക്കുന്നത്.

നിർമാണ കമ്പനിയായ നവ്യൂഗ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിന്റെ (NECL) തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. ഹിന്ദു തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവയിലേക്കുള്ള യാത്രാ സൗകര്യം വർധിപ്പിക്കുന്നതിനുള്ള ചാർധാം പദ്ധതിയുടെ ഭാഗമാണ് നിർമാണത്തിലിരിക്കുന്ന ഈ തുരങ്കം. 2018 ലാണ് നിർമാണം ആരംഭിച്ചത്.

തുടരുന്ന രക്ഷാപ്രവർത്തനം

തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. തുരങ്കത്തിന് പുറത്ത് തൊഴിലാളികളും റെസ്‌ക്യൂ ടീം അംഗങ്ങളും മാധ്യമപ്രവർത്തകരും പൊലീസുകാരും തടിച്ച് കൂടിയിട്ടുണ്ട്. കൂടാതെ, നിരവധി തരം വാഹനങ്ങളും ക്രെയിനുകളും രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. അകത്ത് കുടുങ്ങിയ തൊഴിലാളികളുടെ നില തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു. ഓക്സിജനും ഭക്ഷണവും വെള്ളവുമൊക്കെ നൽകുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു. എന്നിരുന്നാലും, തൊഴിലാളികളുടെ ബന്ധുക്കളും സഹപ്രവർത്തകരും തുരങ്കത്തിന് പുറത്ത് സങ്കടപ്പെട്ട മുഖവുമായി ഇരിക്കുന്നു, ആരെങ്കിലും സന്തോഷവാർത്ത അറിയിക്കുന്നതിനായി കാത്തിരിക്കുന്നു.

ഇടയ്ക്ക് മണ്ണിടിയുന്നതും രക്ഷപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. 2018-ൽ തായ്‌ലൻഡിലെ ഗുഹയിൽ നിന്ന് കുട്ടികളെ രക്ഷിച്ചവർ ഉൾപ്പെടെ തായ്‌ലൻഡിലെയും നോർവേയിലെയും രക്ഷാസംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ മറ്റ് രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ, ഡ്രില്ലിംഗ് ഓപ്പറേഷൻ നടത്തുന്നതിനിടെ വൻതോതിലുള്ള പൊട്ടൽ ശബ്ദം കേട്ടതിനെ തുടർന്ന് ആറ് ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനം വെള്ളിയാഴ്ച ഉച്ചയോടെ നിർത്തിവച്ചിരുന്നു.


ഇൻഡോറിൽ നിന്ന് പുതിയ യന്ത്രം കൊണ്ടുവരുന്നുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രില്ല് ചെയ്യുന്നതോടെ രൂപപ്പെടുന്ന ദ്വാരത്തിലൂടെ 90 സെന്‍റി മീറ്റര്‍ വ്യാസമുള്ള സ്റ്റീല്‍ പൈപ്പ് കയറ്റി അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ലക്ഷ്യം. ഒരു പൈപ്പ് ലൈൻ മറ്റൊന്നുമായി ബന്ധിപ്പിക്കാൻ മൂന്ന് മണിക്കൂർ എടുക്കും. ഇതുവരെ ഇത്തരം നാല് പൈപ്പ് ലൈനുകൾ ഉള്ളിൽ ഘടിപ്പിച്ചിട്ടുണ്ട്. ആറ് മുതൽ എട്ട് വരെ പൈപ്പ് ലൈനുകൾ കൂടി സ്ഥാപിക്കാനുണ്ടെന്ന് അധികൃതർ പറയുന്നു. ഈ ജോലി തടസമില്ലാതെ നടന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: News, Malayalam News, National News, Uttarakhand, tunnel collapse, Uttarkashi, Deepali, Resque team, Drilling Operation, Pipeline, Uttarakhand tunnel collapse: Teams from Thailand and Norway join rescue operation
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia