Follow KVARTHA on Google news Follow Us!
ad

Life Imprisonment | 'ഭര്‍ത്താവ് കറുത്തിട്ട്, വിരൂപന്‍'; ഉറങ്ങിക്കിടക്കുന്നതിനിടെ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം

സത്യവീറിന്റെ മരണമൊഴിയാണ് കേസില്‍ ഏറെ നിര്‍ണായകമായത് Court, Life Imprisonment, Police, National News
ലക്നൗ: (KVARTHA) വിരൂപനും കറുത്ത നിറമുള്ളവനുമാണെന്ന് ആരോപിച്ച് ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ പ്രേംശ്രീ(26) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. 2019 ഏപ്രില്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന് നാലുവര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്.

ഭര്‍ത്താവ് സത്യവീര്‍ സിങ്ങി(25)നെ ആണ് പ്രേംശ്രീ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന് കറുത്തനിറമായതാണ് അരുംകൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കറുത്തനിറത്തിലുള്ള ഭര്‍ത്താവ് വിരൂപനാണെന്നാണ് പ്രേംശ്രീ പറഞ്ഞിരുന്നത്. ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്താനും ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ നിറത്തെച്ചൊല്ലി വര്‍ഷങ്ങള്‍ 
നീണ്ട വഴക്കും പ്രശ്നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

UP Woman Sentenced to Life Imprisonment on murder Case, Lucknow, News, Court, Life Imprisonment, Police, Media, Allegation, Natives, Appeal, National News


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2017-ലാണ് സത്യവീര്‍ സിങ്ങും പ്രേംശ്രീയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ തന്നെ ഭര്‍ത്താവിന്റെ നിറത്തില്‍ യുവതിക്ക് ഇഷ്ടക്കേടുണ്ടായിരുന്നു. വിരൂപനായതിനാല്‍ താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നും യുവതി ഭര്‍ത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ 2018-ല്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. ഇതിനുശേഷവും ഭര്‍ത്താവിന്റെ നിറത്തിന്റെ പേരില്‍ യുവതി വഴക്ക് തുടര്‍ന്നു. എന്നാല്‍, സത്യവീര്‍സിങ് വിവാഹമോചനത്തിന് മുതിരാതെ ദാമ്പത്യബന്ധത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

2019 ഏപ്രില്‍ -15ന് വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതി ഭര്‍ത്താവിനെ തീകൊളുത്തി കൊന്നത്. ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രേംശ്രീ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ വാതില്‍പോലും തുറന്നുനല്‍കിയില്ല. ഒടുവില്‍ ഗുരുതരമായി പൊള്ളലേറ്റ സത്യവീര്‍ സിങ്ങിനെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ പിറ്റേദിവസം മരിച്ചു.

സത്യവീറിന്റെ മരണമൊഴിയാണ് കേസില്‍ ഏറെ നിര്‍ണായകമായത്. കൊലയാളി തന്റെ ഭാര്യയാണെന്നായിരുന്നു ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്. 'കഴിഞ്ഞദിവസം ഭാര്യയുമായി ഞാന്‍ അവരുടെ വീട്ടില്‍പോയിരുന്നു. അവള്‍ക്ക് എന്നെ ഇഷ്ടമല്ലെന്നും എന്നെ ഒഴിവാക്കണമെന്നുമാണ് ഭാര്യയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അന്ന് രാത്രി തന്നെ വീട്ടില്‍ തിരിച്ചെത്തി.

രാവിലെ വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനിടെയാണ് ഭാര്യ തീകൊളുത്തിയത്. എന്റെ നിറവും രൂപവും കാരണം കല്യാണം കഴിഞ്ഞത് മുതലേ അവള്‍ക്ക് എന്നെ ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി പതിവായി വഴക്കിടുകയും ചെയ്തു. ഞാന്‍ കറുത്തിട്ടാണെന്നും അതിനാല്‍ അവളുമായുള്ള ബന്ധം വേര്‍പ്പെടുത്തണമെന്നുമായിരുന്നു അവളുടെ ആവശ്യം. അല്ലെങ്കില്‍ കത്തിച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് അവള്‍ ആ ഭീഷണി നടപ്പാക്കി'- ഇതായിരുന്നു മരണക്കിടക്കയില്‍ സത്യവീര്‍ പൊലീസിന് നല്‍കിയ മൊഴി.

2021-ലാണ് പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പത്തുസാക്ഷികളും പ്രതിക്കെതിരെ കോടതിയില്‍ മൊഴി നല്‍കി. അതേസമയം, താന്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇതിനിടെ തനിക്ക് പൊള്ളലേറ്റെന്നുമാണ് പ്രതി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് വാദിച്ചയാള്‍ എന്തുകൊണ്ടാണ് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ വാതില്‍ തുറക്കാതിരുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. മാത്രമല്ല, കയ്യില്‍ പൊള്ളലേറ്റതിന്റെ പാടുകളില്ലെന്നും കോടതി കണ്ടെത്തി.

ശിക്ഷാവിധിക്ക് പിന്നാലെ ഇത് കള്ളക്കേസാണെന്നും സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃമാതാപിതാക്കള്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു പ്രേംശ്രീയുടെ ആരോപണം. അഞ്ചുവയസ്സുള്ള മകളെ വളര്‍ത്തേണ്ടതിനാലും സാമ്പത്തികപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ശിക്ഷാകാലയളവ് കുറക്കാനായി അവര്‍ അപീലും നല്‍കിയിട്ടുണ്ട്.

കേസിലെ ശിക്ഷാവിധിയില്‍ സംതൃപ്തിയുണ്ടെന്ന് സത്യവീര്‍ സിങ്ങിന്റെ പിതാവ് മഹേന്ദ്രസിങ് മാധ്യമങ്ങളോട് പറഞ്ഞു. അങ്ങേയറ്റത്തെ ക്രൂരതയ്ക്കാണ് തന്റെ മകന്‍ ഇരയായതെന്നും മകന് നീതി കിട്ടിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Keywords: UP Woman Sentenced to Life Imprisonment on murder Case, Lucknow, News, Court, Life Imprisonment, Police, Media, Allegation, Natives, Appeal, National News.

Post a Comment