Follow KVARTHA on Google news Follow Us!
ad

UFO | ഇന്ത്യൻ ആകാശത്തും 'പറക്കും തളിക'! അജ്ഞാത പറക്കുന്ന വസ്തു കണ്ടതായി റിപ്പോർട്ട്; ഇംഫാൽ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം; വിമാന സർവീസുകളെ ബാധിച്ചു; പലതും വഴിതിരിച്ചുവിട്ടു

അന്വേഷണവുമായി വ്യോമസേന UFO, Imphal, airport, Manipur, ദേശീയ വാർത്തകൾ
ഇംഫാൽ: (KVARTHA) മണിപ്പൂരിലെ ഇംഫാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംശയാസ്പദമായ നിലയിൽ അജ്ഞാത പറക്കുന്ന വസ്തുവിനെ (UFO) കണ്ടതായി റിപ്പോർട്ട്. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകി. രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും മൂന്ന് വിമാനങ്ങൾ വൈകിയതായും റിപ്പോർട്ടുണ്ട്. മൂന്നു മണിക്കൂറിന് ശേഷം സർവീസുകൾ സാധാരണ നിലയിലായി.
  


വ്യോമാതിർത്തിയിൽ അജ്ഞാത പറക്കുന്ന വസ്തുവിനെ കണ്ടതിനെ തുടർന്നാണ് രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് എയർപോർട്ട് ഡയറക്ടർ ചിപെമ്മി കീഷിംഗ് പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് അജ്ഞാത വസ്തു ആകാശത്ത് ദൃശ്യമായതായി വിവരം ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വൈകുന്നേരം നാല് മണി ആയപ്പോഴേക്കും നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന തരത്തിൽ വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഈ വസ്തു ദൃശ്യമായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.

സിഐഎസ്എഫ് ഉദ്യോഗസ്ഥരും എയർ ട്രാഫിക് കൺട്രോൾ (ATC) അധികൃതരും അജ്ഞാത വസ്തു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉച്ചയ്ക്ക് 2:30 ഓടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയും പുറപ്പെടാനിരുന്ന മൂന്ന് വിമാനങ്ങളിൽ ഉണ്ടായിരുന്ന 500 ഓളം യാത്രക്കാർ കുടുങ്ങുകയും ചെയ്തു. ഇംഫാലിൽ നിന്ന് അഗർത്തല, ഗുവാഹത്തി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പുറപ്പെടേണ്ട മൂന്ന് വിമാനങ്ങൾ വൈകുന്നേരം ആറ് മണി വരെയാണ് വൈകിയത്.

കൂടാതെ ഡെൽഹിയിൽ നിന്ന് ഇംഫാലിലേക്കുള്ള വിമാനം കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുവാഹത്തിയിൽ നിന്ന് ഇംഫാലിലേക്കുള്ള മറ്റൊരു വിമാനം 6:50 നാണ് ലാൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് ഷില്ലോങ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യോമസേനയുടെ ഈസ്റ്റേൺ കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നാഗാലാൻഡ്, മിസോറാം, അസം എന്നീ സംസ്ഥാനങ്ങളാണ് മണിപ്പൂരിന്റെ അതിർത്തി. ഇതുകൂടാതെ, കിഴക്ക് മ്യാൻമറുമായി അന്താരാഷ്ട്ര അതിർത്തിയും പങ്കിടുന്നുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) വ്യോമസേനയും സംയുക്തമായി അന്വേഷിക്കുന്നതായാണ് വിവരം.

Keywords: News, News-Malayalam-News, National, National-News, UFO, Imphal, airport, Manipur, UFO sighted in Manipur? Imphal airport on high alert after unidentified object spotted

Post a Comment