തൃശ്ശൂര്‍: (KVARTHA) അപസ്മാരം വന്ന് റോഡരികില്‍ വീണുകിടന്ന 28 കാരന്റെ ജീവന്‍ രക്ഷിച്ച് പൊലീസ് സംഘം. ജീവനുവേണ്ടി കഷ്ടപ്പെടുകയായിരുന്ന പാറപ്പുറം സ്വദേശിയായ യുവാവിനെയാണ് മാള സബ് ഇന്‍സ്‌പെക്ടര്‍ സി കെ സുരേഷും സംഘവും ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. സി കെ സുരേഷിനെ കൂടാതെ ഷഗിന്‍, മിഥുന്‍, രജനി എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
വഴിയരികില്‍ ഒരാളെ സംശയാസ്പദമായ രീതിയില്‍ കണ്ടെന്ന് പറഞ്ഞ് മാള പൊലീസിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വടമ പാമ്പുമേക്കാട്ട് മനയുടെ അടുത്തുള്ള ബസ് സ്റ്റോപില്‍ നൈറ്റ് പെട്രോളിംഗില്‍ ഉണ്ടായിരുന്ന എസ് ഐ സുരേഷും സംഘവും എത്തിയത്. അബോധാവസ്ഥയില്‍ യുവാവിനെ കണ്ടതോടെ, ഒട്ടും അമാന്തിക്കാതെ ആംബുലന്‍സിന് കാത്തുനില്‍ക്കാതെ സുരേഷും സംഘവും യുവാവിനെ പൊലീസ് ജീപില്‍ കയറ്റി മാളയിലെ ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
പിന്നീട് മാള പൊലീസ് യുവാവിന്റെ വീട്ടില്‍ വിവരം അറിയിക്കുകയും യുവാവിന്റെ അച്ഛന്‍ ആശുപത്രിയില്‍ എത്തിച്ചേരുകയും ചെയ്തു. പൊലീസ് അവസരോചിതമായി ഇടപെട്ട് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് യുവാവിനെ ചികിത്സിച്ച ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ മാര്‍ട്ടിന്‍ പറഞ്ഞു.
Rescued | സംശയാസ്പദമായി ഒരാളെ വഴിയരികില്‍ കണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; തക്ക സമയത്തെത്തിയതിനാല്‍ അപസ്മാരം വന്ന് റോഡരികില്‍ വീണുകിടന്ന യുവാവിന്റെ ജീവന്‍ രക്ഷിച്ച് പൊലീസ് സംഘം
ആംബുലന്‍സിന് കാത്തുനില്‍ക്കാതെ ജീപില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു
Thrissur News, Roadside, Kerala Police, Rescued, Epilepsy, Man, Help