Follow KVARTHA on Google news Follow Us!
ad

Controversy | ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നോടീസ് വിവാദത്തില്‍; പിന്നാലെ പിന്‍വലിച്ചു

ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല Travancore, Temple, Entry Announcement, Annual Notice, Controversy, Devaswom Board, Withdraws, Ramesh Chennithala
തിരുവനന്തപുരം: (KVARTHA) ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട വിവാദ നോടീസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്. തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണത്തില്‍ മാത്രം കേട്ടിട്ടുള്ള ചില പ്രയോഗങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടായിരുന്നു നോട്ടീസ് തയാറാക്കിയത്. രാജകുടുംബത്തിലെ പ്രതിനിധികളെ രാജ്ഞിമാരെന്ന് വിശേഷിപ്പിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയത്.

രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പരിപാടിയുടെ നോടീസെന്ന് പറഞ്ഞ് ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായുള്ള ദേവസ്വം ബോര്‍ഡിന്റെ നോടീസ് തിരവിതാംകൂര്‍ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണെന്നാണ് വിമര്‍ശനം.

രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഇതിലുള്ള ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കാന്‍ എന്നത് ആധുനിക സമൂഹത്തിന് ചേരാത്തതാണെന്നും നിരവധിപേര്‍ വിമര്‍ശിച്ചു.

നോടീസ് ദൗര്‍ഭാഗ്യകരമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ജനങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണ് ക്ഷേത്രപ്രവേശന വിളംബരം. ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നോടീസില്‍ പറയാന്‍ പാടില്ലാത്തതാണുള്ളത്. മനസില്‍ അടിഞ്ഞ ജാതി ചിന്ത പോകില്ല. അത് തികട്ടി വരും. വിവാദ ഉള്ളടക്കത്തെ കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. ജാതിക്കെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിതെന്നും എന്നിട്ടും ചിലതൊക്കെ അവശേഷിച്ചു കിടക്കുന്നുണ്ടെന്നും നോടീസില്‍ പറയാന്‍ പാടില്ലാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

നോടീസിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജെനറല്‍ സെക്രടറി അശോകന്‍ ചരുവില്‍ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. രണ്ട് അഭിനവന 'തമ്പുരാട്ടിന'മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്‌കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലനീയമാണെന്ന് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. തിരുവിതാംകൂറിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ ഭദ്രദീപം കൊളുത്തുന്നത് തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോടീസിലുണ്ടായിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിലേക്കാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. നോടീസ് പിന്‍വലിച്ചെങ്കിലും പരിപാടി നിശ്ചയിച്ച ദിവസം തന്നെ നടത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

അതേസമയം പിഴവ് സംഭവിച്ചത് യാദൃശ്ചികമായാണെന്നും ദുരുദ്ദേശ്യത്തോടെ തയാറാക്കിയതല്ല എന്നുമാണ് വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചത്.




Keywords: News, Kerala, Kerala-News, Malayalam-News, Ramesh Chennithala, Travancore, Temple, Entry Announcement, Annual Notice, Controversy, Devaswom Board, Withdraws, Thiruvananthapuram: Travancore temple entry announcement annual notice controversial.

Post a Comment