ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാ സേന. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
മോശം ദൃശ്യപരതയും മോശം കാലാവസ്ഥയും മുതലെടുത്താണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് ഇന്‍ഡ്യന്‍ സൈന്യം പറഞ്ഞു. രണ്ട് ഭീകരരെ വധിച്ച സൈന്യം ഇവരില്‍ നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകളും 6 പിസ്റ്റളുകളും 4 ചൈനീസ് ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെത്തിയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും സംയുക്ത ഓപറേഷനില്‍ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.