ഹൈദരാബാദ്: (KVARTHA) തെലുങ്ക് സിനിമ ലോകത്തെ മുതിര്‍ന്ന നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹന്‍ (82) അന്തരിച്ചു. ശനിയാഴ്ച (11.11.2023) രാവിലെ 9.45ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അപോളോ ആശുപത്രിയിലായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ നവംബര്‍ 13-ന് തിങ്കളാഴ്ച നടക്കും. ചന്ദ്രമോഹന് ഭാര്യ ജലന്ധരയും രണ്ട് പെണ്‍മക്കളുമുണ്ട്. പല വേഷങ്ങളിലും തിളങ്ങിയ ഇദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ ടോളിവുഡിലെ പ്രമുഖര്‍ നേരിട്ടും സമൂഹ മാധ്യമം വഴിയും ആദരാഞ്ജലി അര്‍പിക്കുന്നുണ്ട്. മുതിര്‍ന്ന ചലച്ചിത്രകാരന്‍ കെ വിശ്വനാഥിന്റെ ബന്ധുവാണ് ചന്ദ്രമോഹന്‍.
നന്ദി പുരസ്‌കാരം അടക്കം അനവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 1966ല്‍ രംഗുല രത്‌നം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തില്‍ 1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാര്‍ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. 'പടഹരല്ല വയസു' എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹന്‍ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (1979) നേടി.
1987-ല്‍ ചന്ദമാമ രാവേ എന്ന ചിത്രത്തിന് നന്ദി അവാര്‍ഡ് നേടി. അത്തനോക്കാടെ എന്ന ചിത്രത്തിലെ സഹനടനെന്ന നിലയിലും നന്ദി അവാര്‍ഡ് ചന്ദ്രമോഹന്‍ നേടി. ക്യാരക്ടര്‍ ആര്‍ടിസ്റ്റായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഓക്സിജനാണ് ചന്ദ്രമോഹന്റെ അവസാന ചിത്രം.
Chandra Mohan | ഹൃദയാഘാതം: തെലുങ്ക് സിനിമ ലോകത്തെ മുതിര്‍ന്ന നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹന്‍ അന്തരിച്ചു; ആദരാഞ്ജലിയുമായി ടോളിവുഡിലെ പ്രമുഖര്‍
നന്ദി പുരസ്‌കാരം അടക്കം അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്
Senior Telugu Actor, Chandra Mohan, Died, Cardiac Arrest, Veteran Actor, Hyderabad News,