മുംബൈ: (KVARTHA) സഹാറ ഗ്രൂപ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് അന്തരിച്ചു. 75 വയസായിരുന്നു. ദീര്‍ഘനാളായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സ്വപ്ന റോയി. മക്കള്‍ സുശാന്ത് റോയ്, സീമന്തോ റോയ്. മെറ്റാസ്റ്റാറ്റിക് മാലിഗ്‌നന്‍സി, ഹൈപര്‍ടെന്‍ഷന്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യം മോശമായിരുന്നു. രോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ഗ്രൂപ് പ്രസ്താവനയില്‍ പറഞ്ഞു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡികല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലും പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നഷ്ടം സഹാറ ഇന്‍ഡ്യ പരിവാറിന് ആഴത്തില്‍ അനുഭവപ്പെടുമെന്ന് കംപനി പറഞ്ഞു.
1948ല്‍ ബീഹാറിലെ അരാരിയയിലാണ് സുബ്രത റോയി ജനിച്ചത്. സഹാറ ഇന്‍ഡ്യ പരിവാര്‍ 1978-ലാണ് അദ്ദേഹം ആരംഭിച്ചത്. കേവലം 2000 രൂപ മൂലധനത്തില്‍ ആരംഭിച്ച കംപനി രാജ്യത്തെ മുന്‍നിര കംപനികളിലൊന്നായി മാറി. പിന്നീട് ബിഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടര്‍ന്ന്, 1990-കളില്‍ സുബ്രത റോയ് ലക്നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കംപനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി ഫന്‍ഡ് കുംഭകോണത്തെ തുടര്‍ന്ന് കംപനി നിരവധി പ്രതിസന്ധികള്‍ നേരിട്ടു.
2012-ല്‍, സഹാറയുടെ നിക്ഷേപ പദ്ധതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് 2014ല്‍ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കി. ഇത് നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ചു, റോയ് തിഹാര്‍ ജയിലില്‍ കഴിയുകയും ഒടുവില്‍ 2016ല്‍ പരോളില്‍ പുറത്തിറങ്ങുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം സെബിയും ഹിമാചല്‍ പ്രദേശ് ഹൈകോടതിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തി. ഒടുവില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.
സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സഹാറ ഗ്രൂപ് ഓഫ് കോഓപറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപകര്‍ക്ക് 45 ദിവസത്തിനുള്ളില്‍ റീഫന്‍ഡ് ക്ലെയിം ചെയ്യാന്‍ കഴിയുന്ന വെബ്സൈറ്റ് ഈ വര്‍ഷം ആദ്യം തുറന്നു. സഹാറ അഴിമതിയില്‍ കുടുങ്ങിയ പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്ന് സര്‍കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഈസ്റ്റ് ലന്‍ഡന്‍ യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള ബിസിനസ് നേതൃപാടവത്തില്‍ ഓണററി ഡോക്ടറേറ്റും ലന്‍ഡനിലെ പവര്‍ബ്രാന്‍ഡ്‌സ് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡില്‍ ബിസിനസ് ഐകണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഉള്‍പെടെ നിരവധി അവാര്‍ഡുകളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Subrata Roy | സഹാറ ഇന്‍ഡ്യ പരിവാര്‍ സ്ഥാപകന്‍ സുബ്രതോ റോയ് അന്തരിച്ചു
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
Sahara Group Chief, Subrata Roy, Died, Cardiac Arrest, Sahara India Pariwar,