Follow KVARTHA on Google news Follow Us!
ad

Dismissed | രാജസ്താനില്‍ 4 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

അന്വേഷണവിധേയമായി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു Rajasthan News, Dispur News, Police, Sub-Inspector, Arrested, Molestation, Minor, Dismissed, Servic
ജയ്പുര്‍: (KVARTHA) രാജസ്താനിലെ ദൗസയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത ആരോപണ വിധേയനായ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ശനിയാഴ്ച (11.11.2023) ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കേസില്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ ഭൂപേന്ദ്ര സിങിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ടെര്‍മിനേഷന്‍ ലെറ്റര്‍ ജയ്പൂര്‍ റേന്‍ജ് ഐ ജി ഉമേഷ് ദത്ത നല്‍കിയതായി ഡിജിപി ഉമേഷ് മിശ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

പോക്‌സോ വകുപ്പുകളും പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരാതിയ്ക്ക് പിന്നാലെ സംഭവം നടന്ന വെള്ളിയാഴ്ച തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍ നടപടിക്കായി റിപോര്‍ട് ജയ്പുര്‍ റൂറല്‍ ഐജിക്ക് കൈമാറുകയും ചെയ്തിരുന്നു.

ദൗസയിലെ ലാല്‍സോട്ട് എന്ന സ്ഥലത്താണ് സംഭവം നടന്നത്. വിവരം പുറത്തു വന്നതിന് പിന്നാലെ പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നാട്ടുകാര്‍ മര്‍ദിക്കുകയും ചെയ്തു.

സംഭവത്തെ രാജസ്താന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അപലപിച്ചു. സമൂഹത്തിന് ഒന്നടങ്കം അപമാനകരമായ സംഭവമാണിതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പൊലീസ് മേധവിയോട് ശക്തമായ നടപടി എടുക്കണമെന്നും നിര്‍ദേശിച്ചു. നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രലോഭിപ്പിച്ച് ഒരു മുറിയിലേക്ക് വിളിച്ചു വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് കേസ്.

ലാല്‍സോട്ട് പ്രദേശത്ത് വലിയ തോതിലുള്ള പൊതുജന പ്രക്ഷോഭമാണ് സംഭവത്തിന് ശേഷം നടന്നുവരുന്നത്. പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ജനങ്ങള്‍ റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നതും ഷൂകളും വടികളും കൊണ്ട് മര്‍ദിക്കുന്നതും വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതും ഇവിടെ നിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മെഡികല്‍ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. കുട്ടിയുടെ പ്രായം കൃത്യമായി നിര്‍ണയിച്ചിട്ടില്ലെങ്കിലും നാലിനും അഞ്ചിനും ഇടയിലാണ് പ്രായമെന്ന് കണക്കാക്കിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തത്. അഡീഷണല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നതെന്നും കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞതായും ദൗസ എസ് പി വന്ദിത റാണ പറഞ്ഞു.




Keywords: News, National, National-News, Police-News, Rajasthan News, Dispur News, Police, Sub-Inspector, Arrested, Molestation, Minor, Dismissed, Service, Rajasthan Police sub-inspector arrested for molesting minor dismissed from service.

Post a Comment