Follow KVARTHA on Google news Follow Us!
ad

Death Sentence | ക്രൂരമായി കൊല്ലപ്പെട്ട ആ കുഞ്ഞിന് ശിശുദിനത്തില്‍ നീതി കിട്ടി: ആലുവയിലെ 5 വയസുകാരിയെ പിച്ചിച്ചീന്തിയ നരാധമന് ഒടുവില്‍ തൂക്കുകയര്‍ വിധിച്ച് പോക്സോ കോടതി

വിധി പ്രഖ്യാപനം കുറ്റകൃത്യം നടന്ന് 4 മാസത്തിനകം Death Sentence, Aluva Girl, Accused, Court, Kerala News
കൊച്ചി: (KVARTHA) ആലുവയിലെ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നരാധമന് ഒടുവില്‍ തൂക്കുകയര്‍ വിധിച്ച് എറണാകുളം പോക്സോ കോടതി. കേസിലെ പ്രതി ബിഹാര്‍ സ്വദേശി അശ് ഫാഖ് ആല(28)ത്തിനാണ് ശിശുദിനത്തില്‍ എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമന്‍ വധശിക്ഷ വിധിച്ചത്. 

Molest, murder of 5-year-old in Aluva: Kerala court awards death sentence to accused within 4 months of incident, Kochi, News, Molestation, Murder, Police, Report, Death Sentence, Aluva Girl, Accused, Court, Kerala News

പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ വിധി എന്നതും പ്രത്യേകതയാണ്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷ വിധിക്കുന്നത് ശിശുദിനത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. പത്തുമണിയോടെ തന്നെ ജഡ്ജ കെ സോമന്‍ കോടതിയിലെത്തി. പിന്നാലെ പ്രോസിക്യൂടര്‍ ജി മോഹന്‍രാജ് അടക്കമുള്ളവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ വന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതിയെ ബോധിപ്പിക്കാനായി എന്നായിരുന്നു പ്രോസിക്യൂടറുടെ പ്രതികരണം.

അല്‍പസമയത്തിനകം പ്രതി അശ്ഫാഖ് ആലത്തിനെയും കോടതിയില്‍ എത്തിച്ചു. പൊലീസ് ജീപില്‍ നിന്ന് കോടതിക്കുള്ളിലേക്ക് പ്രതിയെ കൊണ്ടുപോകുന്നതിനിടെ തിക്കിലും തിരക്കിലും ഇയാളുടെ ചെരിപ്പുകളും മാസ്‌കും നിലത്തുവീണു. വന്‍ പൊലീസ് സന്നാഹമാണ് കോടതി വളപ്പിലുണ്ടായിരുന്നത്. മകളെ പിച്ചിച്ചീന്തിയ ക്രൂരന് കോടതി ശിക്ഷ വിധിക്കുന്നത് കേള്‍ക്കാനായി അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരെ പൊലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് നവംബര്‍ നാലിന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധിക്ക് മുന്‍പായി പ്രതിയുടെ മാനസികനില കൂടി പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 

പ്രതിയുടെ മാനസികാവസ്ഥ, ജയിലിലെ പെരുമാറ്റം, സാമൂഹിക പശ്ചാത്തലം, പെണ്‍കുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച റിപോര്‍ടുകള്‍ ഹാജരാക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഈ റിപോര്‍ടുകള്‍ പരിശോധിച്ച് പ്രതിയുടെ ഭാഗവും കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്.

വധശിക്ഷ പോലും പ്രതിക്കുള്ള കുറഞ്ഞശിക്ഷയാണെന്നായിരുന്നു വിധിപ്രസ്താവത്തിന് മുന്‍പ് കുഞ്ഞിന്റെ അമ്മയുടെ പ്രതികരണം. കുറ്റവാളിയായ അശ്ഫാഖ് ആലത്തിന് ഇനി ജീവിക്കാന്‍ അവകാശമില്ലെന്ന് അഞ്ചുവയസ്സുകാരിയുടെ അച്ഛനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി അശ്ഫാഖ് ആലത്തിനോട് ചോദിച്ചിരുന്നു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അശ്ഫാഖ്  ആലം മറുപടി നല്‍കിയത്.

ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കരുത്, പ്രായം പരിഗണിക്കണം. മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടു. അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇയാളെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞ വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്.

ജൂലായ് 28-ന് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നു രാത്രി തന്നെ അശ്ഫാഖിനെ പൊലീസ് പിടികൂടിയിരുന്നു.

പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ പ്രധാന വകുപ്പുകള്‍


* 302 ഐപിസി- കൊലപാതകക്കുറ്റം, 376 എ ഐപിസി-ബലാല്‍ക്കാരത്തിലൂടെ ചലനരഹിതയാക്കുക

* 297 ഐപിസി-മൃതശരീരത്തോടുള്ള അനാദരം

* പോക്‌സോ നിയമം 5(ജെ) ആര്‍ ഡബ്യു. 6-കുട്ടിയുടെ മരണത്തിന് കാരണമായ ലൈംഗികാതിക്രമം

വിചാരണ അതിവേഗത്തില്‍


കുറ്റകൃത്യം നടന്ന് 99 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. ബലാല്‍ക്കാരത്തിന് ശേഷമുള്ള കൊലപാതക്കേസില്‍ സംസ്ഥാനത്തിത് ആദ്യം. 35-ാം ദിവസം പൊലീസ് 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ഒക്ടോബര്‍ നാലിന് വിചാരണ ആരംഭിച്ചു. 44 സാക്ഷികളെ വിസ്തരിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി

അന്വേഷണവും പ്രോസിക്യൂഷനും

ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍, ഡിവൈ എസ് പി പി പ്രസാദ്, സിഐ എംഎം മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ജി മോഹന്‍രാജ്.

Keywords: Molest, murder of 5-year-old in Aluva: Kerala court awards death sentence to accused within 4 months of incident, Kochi, News, Molestation, Murder, Police, Report, Death Sentence, Aluva Girl, Accused, Court, Kerala News.

Post a Comment