Follow KVARTHA on Google news Follow Us!
ad

Budhni Manjhiyain | 'നെഹ്‌റുവിന്റെ ആദിവാസി ഭാര്യ', ജീവിതകാലം മുഴുവൻ ബഹിഷ്‌കരിക്കപ്പെട്ടു; വിടപറഞ്ഞ ബുധ്‌നി മഞ്ജിയയിനെ അറിയാം

16 വയസുള്ളപ്പോൾ നടന്ന സംഭവം ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു Budhni Manjhiyain, Nehru, ദേശീയ വാർത്തകൾ
റാഞ്ചി: (KVARTHA) ജാർഖണ്ഡിലെ ബുധ്‌നി മഞ്ജിയയിൻ (80) എന്ന സ്ത്രീ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ 70 വർഷമായി സ്വന്തം ജാതിയുടെയും സമൂഹത്തിന്റെയും ബഹിഷ്‌കരണത്തിന്റെ ആഘാതം അവർ അഭിമുഖീകരിക്കുകയായിരുന്നു. 1959-ൽ 16 വയസുള്ളപ്പോൾ നടന്ന ഒരു സംഭവം ബുധാനിയുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 'ആദിവാസി ഭാര്യ' എന്ന വിശേഷണത്തിലേക്കും അത് നയിച്ചു.

News, National, Budhni Manjhiyain, Nehru, woman, Employee, Meet Budhni Manjhiyain: 'Nehru's Tribal Wife', Who Was Ostracised for Life.

അന്ന് നടന്നത്

1959 ഡിസംബർ ആറിനായിരുന്നു സംഭവം. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ ഡിവിസി (ദാമോദർ വാലി കോർപ്പറേഷൻ) നിർമിച്ച പഞ്ചെറ്റ് അണക്കെട്ടും ഹൈഡൽ പവർ പ്ലാന്റും ഉദ്ഘാടനം ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വന്നിരുന്നു. നെഹ്‌റുവിനെ സ്വാഗതം ചെയ്യാൻ ജാർഖണ്ഡിലെ കോർപ്പറേഷൻ ഉദ്യോഗസ്ഥർ സാന്താൾ (Santhal) ഗോത്ര വിഭാഗത്തിൽപ്പെട്ട ബുധ്‌നി എന്ന പെൺകുട്ടിയെയാണ് നിർശ്ചയിച്ചത്.

പരമ്പരാഗത ഗോത്രവർഗ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ ബുധ്‌നി പണ്ഡിറ്റ് നെഹ്‌റുവിനെ സ്വീകരിച്ച് ഹാരമണിയിച്ചു. നെഹ്‌റു ബുധ്നിയെ ആദരിച്ചുകൊണ്ട് തന്റെ മാല അഴിച്ച് അവളുടെ കഴുത്തിൽ ചാർത്തി. അണക്കെട്ടിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി തന്നെ അണക്കെട്ട് ഉദ്ഘാടനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതുകൊണ്ട് പ്രധാനമന്ത്രി നെഹ്‌റുവിന്റെ സാന്നിധ്യത്തിൽ ബട്ടൺ അമർത്തി ബുധ്‌നി പഞ്ചെറ്റ് അണക്കെട്ട് ഉദ്ഘാടനം ചെയ്തു

ഇതോടെ ബുധ്‌നി ശ്രദ്ധേയമായി. കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'സ്റ്റേറ്റ്‌സ്‌മാൻ', 'ആനന്ദ് ബസാർ പത്രിക' എന്നിവയുൾപ്പെടെ നിരവധി പത്രങ്ങൾ പ്രധാനമന്ത്രി നെഹ്‌റുവിനൊപ്പമുള്ള ബുധ്‌നിയുടെ ഫോട്ടോകളും ഉദ്ഘാടന വാർത്തയും ഒന്നാം പേജിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പക്ഷേ, പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തനിക്ക് ലഭിച്ച ആദരവ് സ്വന്തം സമൂഹത്തിൽ തന്നെ അവഹേളനത്തിനും ബഹിഷ്‌കരണത്തിനും കാരണമാകുമെന്ന് ഈ 16 വയസുകാരി പിന്നീടാണ് മനസിലാക്കിയത്.

'നെഹ്‌റുവിന്റെ ആദിവാസി ഭാര്യ'

വാസ്‌തവത്തിൽ, സാന്താൾ ഗോത്രസമൂഹത്തിൽ ഒരു പെൺകുട്ടിയോ സ്ത്രീയോ പുരുഷനെ വെറുതെ മാലയിടരുതെന്ന പാരമ്പര്യമുണ്ട്. ആണും പെണ്ണും പരസ്പരം മാലയിട്ടാൽ അത് വിവാഹമായി കണക്കാക്കും. അതുകൊണ്ട് പണ്ഡിറ്റ് നെഹ്‌റു ആദരപൂർവം ബുധ്‌നിയുടെ കഴുത്തിൽ ചാർത്തിയ മാല അവർക്ക് വിനയായി. സാന്താൾ ആദിവാസി സമൂഹത്തിൽ ഈ സംഭവവികാസത്തിനെതിരെ വലിയ പ്രതികരണമാണ് ഉണ്ടായത്.

വീട്ടിലും കുടുംബത്തിലും സമൂഹത്തിലും ബുധ്‌നി ഒറ്റപ്പെട്ടു. ഈ ആദിവാസി വിഭാഗം പഞ്ചായത്ത് വിളിച്ചുകൂട്ടി ബുധ്‌നി നെഹ്‌റുവിനെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു. അവൾ ജീവിതകാലം മുഴുവൻ നെഹ്‌റുവിന്റെ ഭാര്യയായി പരിഗണിക്കപ്പെട്ടു. 'മാല ചാർത്തിയ' നെഹ്‌റു സാന്താൾ-ആദിവാസി സമൂഹത്തിന് പുറത്തുള്ള ആളായതിനാൽ ബുധ്‌നിക്ക് സാന്താൾ സമുദായവുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. പഞ്ചെറ്റിൽ നിന്ന് കുടുംബം പലായനം ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് മാറി.

പിന്നീട് ഡിവിസിയിൽ തൊഴിലാളിയായി അവർക്ക് ജോലി ലഭിച്ചു, എന്നാൽ 1962-ൽ, അജ്ഞാതമായ കാരണങ്ങളാൽ ജോലിയിൽ നിന്ന് പുറത്താക്കി. ആദിവാസി സമൂഹത്തിന്റെ സമരവും എതിർപ്പും കാരണം ഡിവിസി അവരെ നീക്കിയതായി പറയുന്നു. ഇതിനുശേഷം ജോലി തേടി ബംഗാളിലെ പുരുലിയ ജില്ലയിലെ സാൾതോഡിലേക്ക് പോയ അവർ അവിടെ സുധീർ ദത്ത എന്ന വ്യക്തിയെ കണ്ടുമുട്ടി.

ഇരുവരും ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കാൻ തുടങ്ങി. സമൂഹത്തെ ഭയന്ന് ബുധ്‌നിക്ക് സുധീർ ദത്തിനെ ഔപചാരികമായി വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. ബുധ്നിക്ക് ദത്തയിൽ നിന്ന് ഒരു മകളും ജനിച്ചു. 1985-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബംഗാളിലെ അസൻസോൾ സന്ദർശിച്ച സമയത്ത് പ്രാദേശിക കോൺഗ്രസ് നേതാവിനൊപ്പം ബുധ്‌നി അദ്ദേഹത്തെ കാണുകയും തന്റെ ദുരനുഭവം വിവരിക്കുകയും ചെയ്തു. അതിനുശേഷം, അവർക്ക് വീണ്ടും ഡിവിസിയിൽ ജോലി ലഭിച്ചു, ഒടുവിൽ 2005 ൽ വിരമിക്കുന്നത് വരെ ജോലി തുടർന്നു. എന്നിരുന്നാലും, വർഷങ്ങൾ കഴിഞ്ഞിട്ടും ബുധ്‌നിക്കും കുടുംബത്തിനും നേരെയുള്ള ബഹിഷ്‌കരണം സാന്താൾ സമൂഹം പിൻവലിച്ചില്ല.

വിട ചൊല്ലി നാട്

നവംബർ 17 ന്, മകൾ രത്‌നയ്‌ക്കൊപ്പം താമസിച്ചിരുന്ന പഞ്ചെറ്റിലെ ഒരു കുടിലിൽ മഞ്ജിയയിൻ മരിച്ചപ്പോൾ, വിടപറയാൻ പ്രാദേശിക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. ബുധ്‌നിയുടെ ബഹുമാനാർത്ഥം പ്രദേശത്തെ പാർക്കിൽ നിലവിലുള്ള നെഹ്‌റുവിന്റെ പ്രതിമയ്ക്ക് സമീപം ഒരു സ്മാരകം പണിയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സ്മാരകത്തിന്റെ കാര്യത്തിലോ മറ്റ് ആവശ്യങ്ങളിലോ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പഞ്ചെറ്റിലെ ഡിവിസി ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുമേഷ് കുമാർ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, Budhni Manjhiyain, Nehru, woman, Employee, Meet Budhni Manjhiyain: 'Nehru's Tribal Wife', Who Was Ostracised for Life.< !- START disable copy paste -->

Post a Comment