കണ്ണൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്ന സെമിനാര്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എംവി വിനീത ഉദ്ഘാടനം ചെയ്തു. ചില മാധ്യമ സ്ഥാപനങ്ങള്‍ സ്ഥിരം തൊഴിലുള്ള ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വീടുകയാണെന്ന് വിനീത ചൂണ്ടികാട്ടി. ഇതു എത്രമാത്രം വേദനയാണ് അവര്‍ക്കുണ്ടാകുന്നതെന്ന് ഓര്‍ക്കണം. മാധ്യമസ്ഥാപനങ്ങളിലെ കരാര്‍ വല്‍ക്കരണം അവസാനിപ്പിക്കണമെങ്കില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ കൂടുതല്‍ ശക്തിപ്പെടണം.
മാധ്യമ മാനേജുമെന്റുകളുടെ കരാര്‍ വല്‍ക്കരണ നിലപാടിനെതിരെയുള്ള പോരാട്ടം വരുംകാലങ്ങളില്‍ യൂനിയന്‍ ശക്തമാക്കുമെന്ന് വിനീത പറഞ്ഞു. ജോലി സ്ഥിരത സര്‍കാര്‍ അംഗീകരിച്ച കാര്യമാണെന്നും എന്നാല്‍ ഇതു രാജ്യത്ത് നടപ്പിലാവുന്നില്ലെന്നും സി ഐ ടി യു സംസ്ഥാന സെക്രടറി കെപി സഹദേവന്‍ സെമിനാറില്‍ പങ്കെടുത്തു കൊണ്ടു പറഞ്ഞു. എന്നാല്‍ രാജ്യത്ത് എഴുപതു ശതമാനം കരാര്‍ തൊഴിലാളികളാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥിരം തൊഴിലുകളില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കരുതെന്ന് നിയമമുണ്ടെങ്കിലും രാജ്യത്തെവിടെയും അതു നടപ്പിലാക്കുന്നില്ലെന്നും കെപി സഹദേവന്‍ ചൂണ്ടിക്കാട്ടി. ബ്രിടീഷ് ഭരണകാലത്ത് തുടക്കം കുറിക്കുകയും തൊഴിലാളികള്‍ പോരാടി നേടുകയും ചെയ്ത 29 തൊഴില്‍ നിയമങ്ങള്‍ കേന്ദ്ര സര്‍കാര്‍ നാലു കോഡുകളാക്കി മാറ്റിയിരിക്കുകയാണെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ പറഞ്ഞു.
നിലവിലുള്ള തൊഴില്‍ നിയമനത്തിന്റെ ലംഘനമാണിത്. സ്ഥിരം തൊഴിലില്‍ കരാര്‍ നിയമനം പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് പോലും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വ്യവസായികളെ പ്രീണിപ്പിക്കുകയാണ് കരാര്‍ നിയമനത്തിലുടെയെന്ന് ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വിവി ശശീന്ദ്രന്‍ പറഞ്ഞു. കരാര്‍ തൊഴിലിനു കാരണം ഗവ: നയം തന്നെയാണ്. മിനിമം വേജസ് പോലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കാന്‍ ചില മാനേജ്‌മെന്റുകള്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ നിയമനമെന്നത് മാധ്യമ മേഖലയില്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലയെയും ബാധിക്കുന്നതാണെന്നു എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എംഎ കരീം പറഞ്ഞു. സര്‍വ മേഖലയെയും കരാര്‍ വല്‍ക്കരണം ബാധിച്ചിട്ടുണ്ടെന്ന് ബി എം എസ് ജില്ലാ കമിറ്റിയംഗം എം വേണുഗോപാല്‍ പറഞ്ഞു. പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സെക്രടറി കെ വിജേഷ് സ്വാഗതവും പ്രോഗ്രാം കമിറ്റി കണ്‍വീനര്‍ യുപി സന്തോഷ് നന്ദിയും പറഞ്ഞു.
Keywords: Media Contractualization: Journalist Union Conducts trade union seminar to share concerns, Kannur, News, Media Contractualization, Allegation, Media, Press Meet, Press Club, AITUC, Kerala.